TMJ
searchnav-menu
post-thumbnail

TMJ Daily

അണ്ണാനുള്ള അവകാശങ്ങള്‍ പോലും അഫ്ഗാനിലെ സ്ത്രീകള്‍ക്കില്ലെന്ന് മെറില്‍ സ്ട്രീപ് 

25 Sep 2024   |   1 min Read
TMJ News Desk

താലിബാന്‍ ഭരണത്തില്‍ സ്ത്രീകളേക്കാള്‍ അവകാശം അഫ്ഗാനിലെ അണ്ണാനുകള്‍ക്കുണ്ടെന്ന് അമേരിക്കന്‍ നടി മെറില്‍ സ്ട്രീപ്. അഫ്ഗാനിലെ സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് യുഎന്‍ അസംബ്ലിയുടെ ഭാഗമായി ന്യൂയോര്‍ക്കില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മെറില്‍ സ്ട്രീപ്. സ്ത്രീകളുടെ മേലുള്ള താലിബാന്‍ നിയന്ത്രണങ്ങളെ 'ശ്വാസംമുട്ടല്‍' എന്നാണ് മെറില്‍ വിശേഷിപ്പിച്ചത്.    

'അഫ്ഗാനിലെ പൊതുപാര്‍ക്കുകളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും താലിബാന്‍  നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നു, അഫ്ഗാനിലെ അണ്ണാനുകള്‍ക്ക് ഇവിടുത്തെ സ്ത്രീകളെക്കാള്‍ അവകാശങ്ങളുണ്ട്'. മെറില്‍ സ്ട്രീപ്പ് പറഞ്ഞു. 

താലിബാന്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവകാശങ്ങള്‍ക്ക് മേല്‍ നിയന്ത്രണങ്ങള്‍ വര്‍ദ്ധിക്കുകയായിരുന്നു.  ജോലികളില്‍ നിന്ന് വിട്ടു നില്‍ക്കാനും, പൊതുപാര്‍ക്കുകളിലും വിദ്യാലയങ്ങളിലും യൂണിവേഴ്‌സിറ്റികളിലും പ്രവേശിക്കരുതെന്നും താലിബാന്‍ ഉത്തരവിട്ടു. കഴിഞ്ഞ മാസം താലിബാന്‍ ഇത് സംബന്ധിച്ച് ഒരു സദാചാര നിയമസംഹിത പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

സ്ത്രീകള്‍ ശരീരം പൂര്‍ണ്ണമായി മറയ്ക്കാതെ വീടിന് പുറത്തിറങ്ങരുതെന്നും പരസ്യമായി ശബ്ദമുയര്‍ത്താനോ പാടാനോ പാടില്ലെന്നും ഈ നിയമസംഹിതയില്‍ പറയുന്നു.
അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനും പുനഃസ്ഥാപിക്കാനുമായി യുഎന്നിനോട് ആവശ്യപ്പെട്ട അഫ്ഗാന്‍ പ്രവര്‍ത്തകര്‍ക്കും മനുഷ്യാവകാശ സംരക്ഷകര്‍ക്കും വേണ്ടിയാണ് സ്ട്രീപ്പ് ഈ വിഷയത്തെ കുറിച്ച് സംസാരിച്ചത്.

അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മേല്‍ അടിച്ചേല്‍പ്പിക്കുന്ന 'വിവേചനം'  ഒരു അഫ്ഗാന്‍ പ്രശ്നം മാത്രമല്ല, മറിച്ച് തീവ്രവാദത്തിന് എതിരെയുള്ള ആഗോള പോരാട്ടത്തിന്റെ ഭാഗമാക്കേണ്ട പ്രശ്‌നമാണെന്ന് അഫ്ഗാനിസ്ഥാനിലെ വിമന്‍സ് ഫോറം നേതാവ് അസില വാര്‍ദക് അഭിപ്രായപ്പെട്ടു. അഫ്ഗാന്‍ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്ത് സംസാരിച്ച നടിയെ പ്രശംസിച്ചു കൊണ്ട് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സ്ട്രീപ്പിന്റെ  അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്തു. 

സ്ത്രീകളോടുള്ള താലിബാന്റെ പെരുമാറ്റം ലിംഗഭേദം കൂടാതെ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമായി അംഗീകരിക്കപ്പെടുന്നതിനുള്ള കാമ്പെയ്ന്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ചിരുന്നു . അന്താരാഷ്ട്ര നിയമപ്രകാരം അഫ്ഗാനിസ്ഥാനിലെ ലിംഗഭേദം ക്രോഡീകരിക്കുന്നതിനും അംഗീകരിക്കുന്നതിനും വരും ആഴ്ചകളില്‍ യുഎന്‍ പൊതുസഭയില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.


#Daily
Leave a comment