മെസ്സി | PHOTO: WIKI COMMONS
എട്ടാമതും മെസ്സി
ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബാലണ്‍ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കി ലയണല്‍ മെസ്സി. എട്ടാം തവണയാണ് മെസ്സി പുരസ്‌കാരത്തിനര്‍ഹനാകുന്നത്. ഏറ്റവും കൂടുതല്‍ തവണ ബാലണ്‍ ഡി ഓർ വിജയിച്ച താരവും മെസ്സി തന്നെയാണ്. അഞ്ച് ബാലണ്‍ ഡി ഓറുകളുള്ള ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് രണ്ടാമത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വ്വേ താരം എര്‍ലിങ്ങ് ഹാലണ്ടിനെ മറികടന്നാണ് മെസ്സി തന്റെ ബാലണ്‍ ഡി ഓർ നേട്ടം എട്ടാക്കിയത്. ബാഴ്സലോണയുടെയും സ്പെയ്നിന്റെയും മിഡ്ഫീല്‍ഡറായ ഐതാന ബോണ്‍മാറ്റി മികച്ച വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ റയല്‍ മാഡ്രിഡിന്റെ ജൂഡ് ബെല്ലിങ്ങ്ഹാം മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ടു. അര്‍ജന്റീനയെ ലോകകപ്പ് വിജയിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച എമിലിയാനോ മാര്‍ട്ടിനസ് മികച്ച ഗോള്‍ കീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു.
2009 മുതല്‍ 2023 വരെ
2009 ലാണ് മെസ്സി ആദ്യമായി ബാലണ്‍ ഡി ഓർ നേട്ടം സ്വന്തമാക്കുന്നത്. പിന്നീട് 2010,2011,2012,2015,2019,2021 വര്‍ഷങ്ങളിലും ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളറായി മെസ്സി തിരഞ്ഞെടുക്കപ്പെട്ടു. 2022 ലോകകപ്പിലെ കിരീടനേട്ടമാണ് മെസ്സിയെ എട്ടാമത്തെ ബാലണ്‍ ഡി ഓർ നേട്ടത്തിന് അര്‍ഹനാക്കിയത്. ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ കരസ്ഥമാക്കിയതും മെസ്സിയായിരുന്നു. ലോകകപ്പിന് പുറമെ പി.എസ്.ജി ക്കുവേണ്ടി ലീഗ് വണ്‍ ട്രോഫിയും മെസ്സി നേടിയിരുന്നു. 41 ഗോളുകളും 26 അസിസ്റ്റുകളുമാണ് കഴിഞ്ഞ സീസണിലെ മെസ്സിയുടെ സമ്പാദ്യം.