
മെസ്സി നാളെ കൊൽക്കത്തയിൽ എത്തും
അമേരിക്കൻ ഫുട്ബോൾ ലീഗ് ആയ എംഎൽഎസിലെ(MLS), ഇന്റർ മയാമി ഫുട്ബോൾ ക്ലബിലെ തന്റെ സഹതാരങ്ങളായ ലൂയി സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവർക്കൊപ്പം ലയണൽ മെസ്സി ശനിയാഴ്ച പുലർച്ചെ ഒന്നരയോടെ കൊൽക്കത്തയിൽ എത്തും. കൊൽക്കത്തയിലെ പരിപാടികളിൽ പങ്കെടുത്ത ശേഷം ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്ക് മെസ്സിയും കൂട്ടരും യാത്ര ചെയ്യും. ഹൈദരാബാദിൽ വച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയേയും, തിങ്കളാഴ്ച ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും മെസ്സി കാണും. ശേഷം തിങ്കളാഴ്ച തന്നെ മെസ്സി മടങ്ങും.
കൊൽക്കത്തയിൽ മെസ്സിയുടെ 70 അടിയുള്ള പ്രതിമ മെസ്സി അനാച്ഛാദനം ചെയ്യും. ലോകത്തെ ഏറ്റവും വലിയ മെസ്സി പ്രതിമയാണ് ഇതെന്ന് സംഘാടകർ അവകാശപ്പെടുന്നു. ശില്പി മോണ്ടി പോളിന്റെ നേതൃത്വത്തിലുള്ള 45 അംഗ സംഘമാണ് 27 ദിവസം കൊണ്ട് പ്രതിമ നിർമ്മിച്ചത്.
സ്പോർട്സ് പ്രമോട്ടറും ബിസിനസ് കൺസൾട്ടന്റുമായ ശതാദ്രു ദത്തയുടെ നേതൃത്വത്തിലാണ് മെസ്സിയുടെ ഇന്ത്യ സന്ദർശനമായ ‘ഗോട്ട്(GOAT) ഇന്ത്യ ടൂർ 2025’ എന്ന പരിപാടി സംഘടിപ്പിക്കുന്നത്. മൂന്ന് ദിവസമാണ് മെസ്സിയും സംഘവും ഇന്ത്യയിൽ ഉണ്ടാവുക.


