
യുകെ ഹരിതഗൃഹ വാതക ബഹിർഗമനം കുറയ്ക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം
യുകെ ഹരിതഗൃഹ വാതക ബഹിർഗമനം വൻതോതിൽ വെട്ടിക്കുറയ്‌ക്കേണ്ടതുണ്ടെന്ന് സർക്കാരിൻ്റെ കാലാവസ്ഥാ നിരീക്ഷണ വിഭാഗം. വർദ്ധിച്ചുവരുന്ന ആഗോള താപനിലയുടെ കടുത്ത ആഘാതം ഒഴിവാക്കാൻ ലോകത്തെ സഹായിക്കുന്നതിനാണിത്. 1990 മുതൽ യുകെ ഇതിനകം അതിൻ്റെ ബഹിർഗമനം ഏതാണ്ട് 50 ശതമാനം കുറച്ചിട്ടുണ്ട്. 2035ഓടെ ഇത് 81 ശതമാനത്തിലേക്ക് എത്തിക്കണമെന്ന് ദി ക്ലൈമറ്റ് ചേഞ്ച് കമ്മിറ്റി (സിസിസി) പറയുന്നു. ഇത് ആഗോളതാപനം 1.5 സെൽഷ്യസായി പരിമിതപ്പെടുത്തുക എന്ന അന്താരാഷ്ട്ര ലക്ഷ്യത്തിലേക്കും എത്തിക്കും.
ഹരിതഗൃഹ വാതക ബഹിർഗമനം വെട്ടിക്കുറയ്ക്കുന്നതിനുള്ള സാങ്കേതികവിദ്യകൾ യുകെയിൽ ലഭ്യമാണെങ്കിലും ഈ ലക്ഷ്യം കൈവരിക്കുന്നതിന് പുനരുപയോഗ ഊർജം, ഇലക്ട്രിക് കാറുകൾ, ഹീറ്റ് പമ്പുകൾ എന്നിവയിൽ കൂടുതൽ നിക്ഷേപം ആവശ്യമാണ്. സർക്കാർ കാര്യക്ഷമമായി പ്രവർത്തിച്ചാൽ 2030ഓടെ ബഹിർഗമനം 68 ശതമാനം കുറയ്ക്കുമെന്ന യുകെയുടെ നിലവിലെ അന്താരാഷ്ട്ര പ്രതിജ്ഞയുടെ മുന്നേറ്റത്തെയാവും അത് പ്രതിനിധീകരിക്കുക. 2050ഓടെ നെറ്റ് സീറോ എമിഷൻ എന്ന ലക്ഷ്യത്തിലേക്കുള്ള യുകെയുടെ പാതയും കൂടുതൽ വിശാലമാക്കും. യുഎൻ മാനദണ്ഡങ്ങൾക്കനുസൃതമായി വിദേശത്ത് നിർമ്മിച്ചതും ഇറക്കുമതി ചെയ്തതുമായ ഉൽപ്പന്നങ്ങളിൽ നിന്നുള്ള ബഹിർഗമനം ഈ കണക്കുകളിൽ ഉൾപ്പെടുന്നില്ല.
കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുള്ള ആഗോള കരാറുകളുടെ ഭാഗമായി, അടുത്ത വർഷം ആദ്യത്തോടെ രാജ്യങ്ങൾ പുതിയ കാർബൺ കുറയ്ക്കൽ ലക്ഷ്യങ്ങൾ സമർപ്പിക്കേണ്ടതുണ്ട്. നവംബറിൽ അസർബൈജാനിൽ നടക്കാനിരിക്കുന്ന യുഎൻ കാലാവസ്ഥാ സമ്മേളനത്തിൽ (COP29) സർക്കാർ അതിൻ്റെ പുതിയ ലക്ഷ്യം നേരത്തെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. ഇത് മറ്റ് രാജ്യങ്ങളെ അവരുടെ പദ്ധതികൾ വേഗത്തിലാക്കാൻ പ്രോത്സാഹിപ്പിക്കും
ആഗോളതാപനത്തിന് ഉത്തരവാദികളായ ധനിക രാജ്യങ്ങൾ ദരിദ്ര രാജ്യങ്ങൾക്ക് കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ നൽകേണ്ടുന്ന ഫണ്ടുകളുടെ കാര്യത്തിലും പുതിയ ഇടപാടുകൾ ഉണ്ടാവും. യുകെ അതിൻ്റെ നേതൃത്വ ലക്ഷ്യങ്ങൾക്ക് അനുസൃതമായി പണത്തിൻ്റെ ന്യായമായ വിഹിതം നൽകണമെന്ന് സിസിസി ആവശ്യപ്പെടുന്നു. വീടുകളിൽ താപനില ഉയരുന്നതിൻ്റെ ആഘാതങ്ങൾക്കുള്ള തയ്യാറെടുപ്പുകളും സർക്കാർ മെച്ചപ്പെടുത്തണമെന്നും സിസിസി പറയുന്നു.


