TMJ
searchnav-menu
post-thumbnail

REPRESENTATIONAL IMAGE

TMJ Daily

പുതിയ ഫീച്ചറുമായി മെറ്റ; വാട്സ്ആപ്പ് ചാനല്‍ തരംഗമാകുന്നു

14 Sep 2023   |   1 min Read
TMJ News Desk

മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സാപ്പ് അതിന്റെ പുതിയ ഫീച്ചറായ വാട്സ്ആപ്പ് ചാനല്‍ അവതരിപ്പിച്ചു. ഇന്ത്യ ഉള്‍പ്പടെ 150 ലധികം രാജ്യങ്ങളിലാണ് പുതിയ ഫീച്ചര്‍ എത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം പേജുകള്‍ പോലെതന്നെ ഉപഭോക്താവിന് താല്‍പര്യമുള്ള സെലിബ്രറ്റികളുടെയും സ്ഥാപനങ്ങളുടെയും പേജുകളെ ഫോളോ ചെയ്ത് അപ്ഡേറ്റുകള്‍ അറിയാന്‍ സാധിക്കുന്ന വിധത്തിലാണ് വാട്സ്ആപ്പ് ചാനലിന്റെയും പ്രവര്‍ത്തനം. വാട്സ്ആപ്പ് ചാനല്‍സ് എന്നത് ആപ്പിനുള്ളില്‍ തന്നെയുള്ള വണ്‍-വേ ബ്രോഡ്കാസ്റ്റ് ടൂളാണെന്നാണ് കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലെ നിരവധി സെലിബ്രറ്റികള്‍ ഇതിനോടകംതന്നെ ചാനല്‍ ആരംഭിച്ചിട്ടുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ പ്രമുഖ നടന്‍മാര്‍ ചാനല്‍ ആരംഭിച്ച വാര്‍ത്തകള്‍ വന്നതോടെ വാട്സ്ആപ്പ് ചാനലിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

വാട്സ്ആപ്പ് ചാനലിന്റെ പ്രത്യേകതകള്‍

ടെക്സ്റ്റ്, ഫോട്ടോകള്‍, വീഡിയോകള്‍, സ്റ്റിക്കറുകള്‍ തുടങ്ങി എല്ലാ വിവരങ്ങളും അഡ്മിന്‍ അഥവാ ചാനല്‍ ആരംഭിച്ച വ്യക്തിക്ക് മാത്രം അയയ്ക്കാന്‍ സാധിക്കുന്ന വണ്‍ വേ ആശയവിനിമയ രീതിയിലാണ് ചാനലിന്റെ ക്രമീകരണം. കുടുംബം, സുഹൃത്തുക്കള്‍, മറ്റ് കമ്മ്യൂണിറ്റികള്‍ എന്നിവരുമായുള്ള ചാറ്റുകളില്‍ നിന്ന് വേറിട്ട് ആപ്പിനുള്ളിലെ വാട്സ്ആപ്പ് അപ്ഡേറ്റ്സ് എന്ന പുതിയ ടാബിലാണ് ചാനലുകള്‍ ലഭ്യമാവുക. അഡ്മിന്‍മാരുടെയും ഫോളോവേഴ്സിന്റെയും സ്വകാര്യ വിവരങ്ങള്‍ പുതിയ ഫീച്ചറില്‍ സുരക്ഷിതമാണെന്നാണ് മെറ്റ പ്രസ്താവനയില്‍ പറയുന്നത്. വാട്സ്ആപ്പ് ചാനലില്‍ മെറ്റയുടെ വാര്‍ത്തകളും അപ്‌ഡേറ്റുകളും പങ്കിടാനാണ് തന്റെ ചാനല്‍ ഉപയോഗിക്കുക എന്ന് മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

#Daily
Leave a comment