പുതിയ നയവുമായി മെറ്റ; ആഴ്ചയില്‍ മൂന്നുദിവസമെങ്കിലും ഓഫീസിലെത്തണം
ഓഫീസില്‍ ആഴ്ചയില്‍ മൂന്നുദിവസമെങ്കിലും വരാത്ത ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയുമായി മെറ്റ. ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഓഫീസില്‍ എത്താന്‍ കഴിയാത്തവരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ് വ്യക്തമാക്കി. സെപ്തംബര്‍ അഞ്ച് മുതലാണ് ആഴ്ചയില്‍ മൂന്നുദിവസം നിര്‍ബന്ധമാക്കിയിരിക്കുന്നത്.
ജോലിക്കാര്‍ക്കിടയില്‍ മികച്ച ബന്ധം ഉടലെടുക്കാനും ടീമായുള്ള പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താനുമാണ് ജീവനക്കാരെ ഓഫീസിലേക്ക് എത്തിക്കുന്നതെന്ന് മെറ്റ വ്യക്തമാക്കി. ഇക്കാര്യം തുടര്‍ച്ചയായി നിരീക്ഷിച്ച് നിര്‍ദേശം പാലിക്കാത്ത ജീവനക്കാരുമായി ബന്ധപ്പെടാനുമാണ് മാനേജര്‍മാര്‍ക്ക് മെറ്റയില്‍ നിന്നും നിര്‍ദേശം നല്‍കിയിരിക്കുന്നത്. മുന്നറിയിപ്പിന് ശേഷവും ഇതേ സമീപനം ജീവനക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടാവുകയാണെങ്കില്‍ ശക്തമായ നടപടികളിലേക്ക് നീങ്ങും.
പിരിച്ചുവിടല്‍ നീക്കമോ?
മെറ്റയുടെ ഇയര്‍ ഓഫ് എഫിഷ്യന്‍സി പോളിസി അനുസരിച്ചാണ് പുതിയ നീക്കം. വര്‍ക് ഫ്രം ഹോം സൗകര്യം പ്രയോജനപ്പെടുത്തുന്ന ജീവനക്കാരെ ലക്ഷ്യമിട്ടാണ് നടപടി. കമ്പനിയുടെ പ്രവര്‍ത്തന ചെലവ് കുറയ്ക്കല്‍ ലക്ഷ്യമിട്ടാണ് മെറ്റയുടെ നീക്കമെന്നും ഇതിലൂടെ 21,000 ജീവനക്കാരെ പിരിച്ചുവിടാനാണ് ലക്ഷ്യമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മുമ്പ് പലവട്ടം മെറ്റ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടിട്ടുണ്ട്. ഇതോടൊപ്പം 5000 ത്തോളം തസ്തികകളും വെട്ടിക്കുറച്ചിരുന്നു. മാറുന്ന വിപണിക്ക് അനുസൃതമായി ചെലവുകള്‍ വെട്ടിക്കുറയ്ക്കാനും ടീമുകളെ പുനഃക്രമീകരിക്കാനും മെറ്റ എന്നും ശ്രദ്ധിച്ചിരുന്നു. 2022 ഡിസംബറിലെ കണക്കുകള്‍ പ്രകാരം ലോകവ്യാപകമായി 86,482 പേരായിരുന്നു മെറ്റയിലെ ജീവനക്കാര്‍. 2022 ല്‍ തുടങ്ങിയ പിരിച്ചുവിടല്‍ 2023 ലും തുടര്‍ന്നു. 2022 മുതല്‍ രണ്ടു തവണയായി 20,000 ത്തിലധികം പേരെയാണ് മെറ്റ പിരിച്ചുവിട്ടത്.
എഐ സാന്നിധ്യം
എഐ എങ്ങനെയാണ് ഉപയോക്താക്കളുടെ ഫീഡില്‍ പ്രവര്‍ത്തിക്കുന്നതെന്ന് അറിയിക്കാനായി 22 സിസ്റ്റം കാര്‍ഡുകളാണ് മെറ്റ അടുത്തിടെ പുറത്തുവിട്ടത്. എഐ സിസ്റ്റങ്ങള്‍ ഫീഡിലെ ഉള്ളടക്കത്തെ എങ്ങനെ റാങ്ക് ചെയ്യുന്നു, ആളുകള്‍ക്ക് ഏറ്റവും പ്രസക്തമായി തോന്നുന്ന പോസ്റ്റുകള്‍ ഏതാണെന്ന് നിര്‍ണയിക്കാന്‍ ഓരോ സിസ്റ്റവും നടത്തുന്ന പ്രവചനങ്ങള്‍, സ്വന്തം ഫേസ്ബുക്ക് ഫീഡ് ഇഷ്ടാനുസൃതമാക്കാന്‍ സഹായിക്കുന്നതിന് എന്തൊക്കെ നിയന്ത്രണങ്ങള്‍ ഉപയോഗിക്കാം എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ ഈ സിസ്റ്റം കാര്‍ഡുകള്‍ നല്‍കുന്നു.