TMJ
searchnav-menu
post-thumbnail

TMJ Daily

എംജിഎസ് അന്തരിച്ചു

26 Apr 2025   |   1 min Read
TMJ News Desk

രിത്രകാരനും ഗവേഷകനും അധ്യാപകനുമായ എംജിഎസ് നാരായണന്‍ (93) അന്തരിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെ കോഴിക്കോട് വസതിയില്‍ വച്ചായിരുന്നു അന്ത്യം.

ചരിത്ര ഗവേഷണത്തിലും രചനയിലും സ്വന്തം വഴിവെട്ടിത്തുറക്കുകയും നിലപാടുകള്‍ തുറന്ന് പറയാനുള്ള ആര്‍ജ്ജവും കാണിച്ചിരുന്ന വ്യക്തിയാണ് എം ജി എസ് എന്ന മൂന്നക്ഷരങ്ങളില്‍ അറിയപ്പെട്ട മുറ്റായില്‍ ഗോവിന്ദമേനാന്‍ ശങ്കരനാരായണന്‍.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ മുന്‍ അധ്യക്ഷനാണ്. 1932 ഓഗസ്റ്റ് 20ന് പൊന്നാനിയില്‍ ജനിച്ചു.

പരപ്പനങ്ങാടി ബിഇഎം സ്‌കൂള്‍, പൊന്നാനി എവി ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ സ്‌കൂള്‍ പഠനത്തിനുശേഷം കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ നിന്നും ഇന്റര്‍മീഡിയറ്റ് പാസായി.

തൃശൂര്‍ കേരള വര്‍മ്മ കോളേജില്‍ നിന്നും ബിരുദം നേടിയശേഷം മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്നും ഹിസ്റ്ററിയില്‍ ബിരുദാനന്തര ബിരുദം നേടി. കേരള സര്‍വകലാശാലയില്‍നിന്നും പിഎച്ച്ഡിയും നേടിയിട്ടുണ്ട്.

ഗുരുവായൂരപ്പന്‍ കോളേജ്, കേരള സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. കാലിക്കറ്റ് സര്‍വകലാശാലയിലെ ചരിത്ര വിഭാഗം തലവനായി വിരമിച്ചു.

പ്രസിദ്ധമായ പൊന്നാനിക്കളരിയുടെ ഭാഗമായിരുന്നു.

കോഴിക്കോട്- ചരിത്രത്തില്‍നിന്ന് ചില ഏടുകള്‍, ചരിത്രകാരന്റെ കേരള ദര്‍ശനം, കേരളത്തിന്റെ സമകാലിക വ്യഥകള്‍, ജനാധിപത്യവും കമ്യൂണിസവും, ഇന്ത്യാ ചരിത്രപരിചയം, കേരള ചരിത്രത്തിന്റെ അടിസ്ഥാന ശിലകള്‍ തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചു.

ഭാര്യ: പ്രേമലത. മക്കള്‍: എന്‍ വിജയകുമാര്‍ (സ്‌ക്വാഡ്രന്‍ ലീഡര്‍, ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്), എന്‍ വിനയ (നര്‍ത്തകി, ബംഗളുരു). മരുമക്കള്‍: ദുര്‍ഗ വിജയകുമാര്‍ (യുഎസ്എ), മനോജ് (സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍, ബംഗളുരു).

സംസ്‌കാരം ഇന്ന് വൈകുന്നേരം മാവൂര്‍ റോഡ് സ്മൃതിപഥത്തില്‍ നടക്കും.






#Daily
Leave a comment