TMJ
searchnav-menu
post-thumbnail

TMJ Daily

മിഷേൽ യോ മികച്ച നടി, ബ്രണ്ടൻ ഫ്രേസർ നടൻ, ഇന്ത്യക്കും രണ്ട് ഓസ്‌കാർ

13 Mar 2023   |   2 min Read
TMJ News Desk

വരിതിംഗ് എവരിവേർ ഓൾ അറ്റ് വൺസ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മിഷേൽ യോ മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് അർഹയായത്. ദി വെയ്ൽ എന്ന ചിത്രത്തിലൂടെയാണ് ബ്രണ്ടൻ ഫ്രേസർ മികച്ച നടനായത്. മികച്ച നടിക്കുളള ഓസ്‌കാർ നേടുന്ന ആദ്യ ഏഷ്യൻ വനിത എന്ന നേട്ടം കൂടെ മിഷേൽ യോ-യ്ക്ക് സ്വന്തമായി. വേർപിരിഞ്ഞ മകളുമായി വീണ്ടും ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുന്ന അമിതവണ്ണമുള്ള ഒരു ഇംഗ്ലീഷ് പ്രൊഫസറുടെ വേഷമാണ് ബ്രണ്ടൻ ഫ്രേസർക്ക് ചിത്രത്തിൽ. ശാരീരികമായും മാനസികമായും വെല്ലുവിളികൾ നിറഞ്ഞ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിൽ ഫ്രേസർ വിജയിച്ചു എന്ന് പുരസ്‌കാര സമിതി വിലയിരുത്തി.

മികച്ച ആനിമേഷൻ ചിത്രമായി ഗില്ലെർമോ ഡെൽ ടോറോസ്സ് പിനാക്കിയോ, മികച്ച സഹ നടൻ കെ ഹുയ് ക്വാൻ (എവരിതിംഗ് എവരിവേർ ഓൾ അറ്റ് വൺസ്), മികച്ച സഹനടി ജാമി ലീ കർട്ടിസ് (എവരിതിംഗ് എവരിവേർ ഓൾ അറ്റ് വൺസ്), മികച്ച ഡോക്യൂമെൻററി ഫീച്ചർ ഫിലിം നവോമി ( റഷ്യൻ പ്രതിപക്ഷ നേതാവ് അലക്‌സി നവോമിയെക്കുറിച്ചുള്ള ഡോക്യുമെന്ററി ചലച്ചിത്രം), മികച്ച ഷോർട്ട് ഫിലിം എൻ ഐറീഷ് ഗുഡ് ബൈ, മികച്ച ഛായാഗ്രാഹകൻ ജെയിംസ് ഫ്രണ്ട് (ഓൾ ക്വയറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട്), മികച്ച വസ്ത്രാലങ്കാരം ബ്ലാക്ക് പാന്തർ: വഗാണ്ട ഫോർ എവർ, മികച്ച വിദേശ ചിത്രം ഓൾ ക്വയിറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട് (എഡ്വാർഡ് ബെർഗർ സംവിധാനം ചെയത ജർമ്മൻ ചിത്രം), മികച്ച പ്രൊഡക്ഷൻ ഡിസൈൻ ഓൾ ക്വയിറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട്, ഒറിജിനൽ ബാക്‌ഗ്രൌണ്ട് സ്‌കോർ ഓൾ ക്വയിറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രണ്ട്  (വോക്കർ ബെർടെൽമാൻ), മികച്ച വിഷ്വൽ എഫക്ട്‌സ് അവതാർ: വേ ഓഫ് വാട്ടർ, മികച്ച തിരക്കഥ എവരിതിംഗ് എവരിവെർ ഓൾ ആറ്റ് വൺസ്, മികച്ച അവലംബിത തിരക്കഥ വുമൺ ടോക്കിങ്, മികച്ച എഡിറ്റിംഗ് എവരിതിംഗ് എവരിവെർ ഓൾ അറ്റ് വൺസ്, എന്നീ പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

മികച്ച ഒറിജിനൽ സംഗീത വിഭാഗത്തിൽ ഇന്ത്യൻ ചിത്രമായ ആർആർആറിലെ നാട്ടുനാട്ടു ഗാനം പുരസ്‌കാരം നേടി. ഒപ്പം തന്നെ മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രത്തിനുള്ള പുരസ്‌കാരം കാർത്തിനി ഗോൺസാൽവെസ്, ഗുനീത് മോംഗ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ദ എലഫന്റ് വിസ്പറേഴ്‌സ് എന്ന ഇന്ത്യൻ ഡോക്യുമെന്ററി ഹ്രസ്വചിത്രം സ്വന്തമാക്കി.

#Daily
Leave a comment