TMJ
searchnav-menu
post-thumbnail

TMJ Daily

പുലിസിച്ച് മിലാനിലേക്ക്, ഒനാനയെ റാഞ്ചാൻ യുണൈറ്റഡ്...?

08 Jul 2023   |   2 min Read
TMJ News Desk

ഴിഞ്ഞ ജൂൺ 14 നാണ് ഈ വർഷത്തെ സമ്മർ ട്രാൻസഫർ വിൻഡോ തുറന്നത്. ഇതിനോടകം തന്നെ യൂറോപ്പിലെ പ്രധാനപ്പെട്ട പല താരങ്ങളും അവരുടെ പുതിയ തട്ടകത്തിലെത്തി കഴിഞ്ഞു. സെപ്റ്റംബർ ഒന്നിനാണ് ഈ വർഷത്തെ വിൻഡോ ക്ലോസ് ആവുക. ടോപ്പ് ഫൈവ് ലീഗുകളിലെ പല താരങ്ങളും ഇത്തവണ സൗദിയിലെ ക്ലബ്ബുകൾ ഉൾപ്പടെയുള്ള പല ടീമുകളിലേക്കും പോയത് ഈ ട്രാൻസ്ഫർ വിൻഡോയുടെ പ്രത്യേകതയാണ്. പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിയിൽ നിന്നും അമേരിക്കൻ താരം ക്രിസ്റ്റ്യൻ പുലിസിച്ച് ഇറ്റാലിയൻ ക്ലബ്ബായ എ.സി മിലാനിൽ എത്തുന്നു എന്നുള്ളതാണ് ഉറപ്പായ ഏറ്റവും പുതിയ വാർത്തകളിൽ ഒന്ന്. ഇന്റർ മിലാൻ ഗോൾ കീപ്പർ ആന്ദ്രേ ഒനാനയെ ടീമിലെത്തിക്കുന്നതിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമം ഊർജ്ജിതമാക്കി കൊണ്ടിരിക്കുന്നു.

യു.എസ് മുന്നേറ്റം ഇറ്റലിയിൽ

രണ്ട് വർഷം മുൻപ് ചാമ്പ്യൻസ് ലീഗ് നേടിയ ചെൽസിയല്ല ഇപ്പോഴത്തെ ചെൽസി. കഴിഞ്ഞ ഒരു വർഷക്കാലമായി ചെൽസിയിൽ മാറ്റങ്ങൾ തുടർന്ന് കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ അമേരിക്കൻ താരം ക്രിസ്റ്റിയൻ പുലിസിച്ച് ചെൽസിയിൽ നിന്നും എ.സി മിലാനിൽ എത്തുന്നു എന്നുള്ള കാര്യം ഉറപ്പായിരിക്കുകയാണ്. 20 മില്ല്യൺ യൂറോയാണ് സ്ട്രൈക്കർക്ക് ചെൽസി വിലയിട്ടിരുന്നത്. ഈ ഡീൽ മിലാൻ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. എ.സി മിലാനിൽ എത്തുന്ന താരത്തിന്റെ മെഡിക്കലിനുള്ള തിയ്യതി തീരുമാനിച്ചതോടെ താരം എത്രയും പെട്ടന്ന് തന്നെ മിലാനിൽ എത്തുന്നതായിരിക്കും. രണ്ട് ദിവസം മുന്നേയാണ് ലാസിയോയിൽ നിന്നുമെത്തിയ അർജന്റൈൻ യുവതാരമായ മെക്സിക്കൻ മെസ്സി എന്ന് വിളിപ്പേരുള്ള ലൂക്ക റൊമേരയുടെ സൈനിംഗ് എ.സി മിലാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ടെൻ ഹാഗിന് ഒനാനയെ വേണം

ഈ വർഷം ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇന്റർ മിലാൻ എത്തുമ്പോൾ ടീമിനായി നിർണ്ണായക പ്രകടനം കാഴ്ച വച്ച അവരുടെ ഗോൾ കീപ്പറാണ് ആന്ദ്രേ ഒനാന. ബാഴ്സലോണയുടെ അക്കാദമിയായ ലാ മാസിയയിൽ നിന്നും കളി പഠിച്ച താരം കഴിഞ്ഞ വർഷമാണ് ഡച്ച് ക്ലബ്ബായ അജാക്സിൽ നിന്നും ഇറ്റാലിയൻ ക്ലബ്ബിൽ എത്തുന്നത്. ഇന്ററിനായി 24 മത്സരങ്ങൾ കളിച്ച ഒനാനയെ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിലെത്തിക്കാൻ ശ്രമിക്കുന്നതായാണ് റിപ്പോർട്ടുകൾ. എത്രയും പെട്ടെന്ന് തന്നെ താരത്തിനെ ടീമിലെത്തിക്കാനാണ് യുണൈറ്റഡിന്റെ ശ്രമം. ഒനാന അജാക്സിന്റെ താരമായിരുന്നപ്പോൾ അവിടെ മാനേജരായിരുന്ന എറിക്ക് ടെൻ ഹാഗാണ് ഇപ്പോൾ യുണൈറ്റഡിന്റെ പരിശീലകൻ. 

പവർ ഹൗസ് ജർമ്മനിയിലേക്ക്

അഴ്സണലിന്റെ കളി നടക്കുമ്പോൾ കളിക്കാരെ മുഴുവൻ ഉത്തേജിപ്പിച്ച് നിർത്തുന്ന കളിക്കാരനാണ് സ്വിസ് താരം ഗ്രാനിറ്റ് ഷാക്ക. ഏഴ് വർഷം അഴ്സണലിന്റെ മധ്യനിരയിലെ പോരാളിയായിരുന്ന ഷാക്കയെ ജർമ്മൻ ക്ലബ്ബ് ബയേർ ലവകൂസൻ സൈൻ ചെയ്തിരിക്കുന്നു. 25 മില്ല്യൺ യൂറോയാക്കാണ് ലവകൂസൻ ഷാക്കയെ തങ്ങളുടെ ടീമിൽ എത്തിച്ചിരിക്കുന്നത്. 297 മത്സരങ്ങളിൽ അഴ്സണലിനായി ഇറങ്ങിയ ഷാക്ക ടീമിന്റെ മുൻ ക്യാപ്റ്റൻ കൂടിയാണ്.

പി എസ് ജിയുടെ മൂന്ന് സൈനിംഗുകൾ

കഴിഞ്ഞ ദിവസമാണ് പി എസ് ജി അവരുടെ മൂന്ന് സൈനിംഗുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. റയൽ മാഡ്രിഡ് താരം മാർക്കോ അസെൻസിയോ, സ്പോർട്ടിംഗിൽ നിന്നും ഉറുഗ്വേ താരമായ മാനുവൽ ഉഗാർട്ടെ, ഇന്റർ മിലാന്റെ സെന്റർ ബാക്ക് മിലൻ സ്‌ക്രിനിയർ എന്നിവരെയാണ് പി എസ് ജി സൈൻ ചെയ്തിരിക്കുന്നത്. ഉഗാർട്ടെ, സ്‌ക്രിനിയർ എന്നിവർക്ക് 2028 വരെയും അസെൻസിയോയ്ക്ക് 2026 വരെയുമാണ് ക്ലബ്ബ് കരാർ നൽകിയിരിക്കുന്നത്.

ട്രാൻസ്ഫർ എൽ ക്ലാസിക്കോയിൽ റയലിന് വിജയം

അർദ ഗുലെർ എന്ന തുർക്കിഷ് താരത്തെ റയൽ മാഡ്രിഡ് സൈൻ ചെയ്തതോടെ കുറച്ച് ദിവസമായി നീണ്ട് നിന്ന ബാഴ്സ-റയൽ ട്രാൻസ്ഫർ യുദ്ധത്തിൽ റയലിന് വിജയം. 2005 ൽ ജനിച്ച ഈ മധ്യനിര താരത്തിനെ ടീമിലെത്തിക്കാനായി ഇരു ടീമുകളും ശ്രമിച്ചിരുന്നു. കളിക്കാരന്റെ ഇഷ്ട ക്ലബ്ബ് റയലായത് കൊണ്ടാണ് താരത്തെ ടീമിലെത്തിക്കാൻ ലോസ് ബ്ലാങ്കോസിന് കഴിഞ്ഞത്.


#Daily
#Sports
Leave a comment