ആഫ്രിക്കന്‍ രാജ്യമായ ഗബോണിലും പട്ടാള അട്ടിമറി; നടപടി തിരഞ്ഞെടുപ്പിനു പിന്നാലെ
നൈജറിന് പിന്നാലെ ആഫ്രിക്കന്‍ രാജ്യമായ ഗബോണിലും പട്ടാള അട്ടിമറി. രാജ്യത്തിന്റെ ഭരണം ഏറ്റെടുത്തതായി സൈനിക മേധാവികള്‍ പ്രഖ്യാപിച്ചു. പ്രസിഡന്റായി അലി ബോംഗോ ഒന്‍ഡിംബ മൂന്നാം തവണയും വിജയിച്ചതിന്റെ ഫലപ്രഖ്യാപനം കഴിഞ്ഞ ശനിയാഴ്ചയാണ് പുറത്തുവന്നത്. ഇതിനു തൊട്ടുപിന്നാലെയായിരുന്നു പ്രഖ്യാപനം. തിരഞ്ഞെടുപ്പ് പ്രക്രിയ വിശ്വാസയോഗ്യമല്ലെന്നും ഗബോണീസ് ജനതയുടെ ആഗ്രഹമാണ് തങ്ങള്‍ നടപ്പാക്കുന്നതെന്നുമാണ് സൈന്യത്തിന്റെ അവകാശവാദം.
ബുധനാഴ്ച പുലര്‍ച്ചെയാണ് ടെലിവിഷനിലൂടെ അധികാരം പിടിച്ചെടുത്തതായി ഗബോണീസ് സൈനിക ഉദ്യോഗസ്ഥന്‍ അറിയിച്ചത്. തിരഞ്ഞെടുപ്പ് റദ്ദാക്കിയെന്നും രാജ്യാതിര്‍ത്തികള്‍ അടച്ചതായും സൈനിക വൃത്തങ്ങള്‍ പറഞ്ഞു.
ആരോപണം തിരഞ്ഞെടുപ്പിലെ കൃത്രിമം
ഇത്തവണ തിരഞ്ഞെടുപ്പ് നടന്നത് മുന്‍കാലങ്ങളേക്കാള്‍ ഏറെ സമയമെടുത്തായിരുന്നു. ബോംഗോ ഒന്‍ഡിംബ 64.27 ശതമാനം വോട്ട് നേടി അധികാരം നിലനിര്‍ത്തി. പ്രധാന എതിരാളിയായിരുന്ന ആല്‍ബര്‍ട്ട് ഒന്‍ഡോ ഒസ്സ 30.77 ശതമാനം വോട്ടാണ് നേടിയത്. ഇന്റര്‍നെറ്റ് വിച്ഛേദിക്കുകയും കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തതിലൂടെ അലി ബോംഗോയും അദ്ദേഹത്തിന്റെ അനുയായികളും തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടത്തിയെന്ന് പ്രതിപക്ഷം ആരോപിക്കുകയായിരുന്നു.
1967 മുതല്‍ 2009 വരെ ഗബോണ്‍ അടക്കിഭരിച്ചിരുന്ന ഒമര്‍ ബോംഗോയുടെ മകനാണ് ഗബോണീസ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായ അലി ബോംഗോ. പിതാവിന്റെ മരണശേഷമാണ് പ്രതിരോധ മന്ത്രിയായിരുന്ന അലി ബോംഗോ പ്രസിഡന്റ് സ്ഥാനത്തെത്തിയത്. അലി ബോംഗോ രണ്ടാംതവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട 2016 ലും ഗബോണ്‍ തെരുവുകളില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. 2020 നു ശേഷം മധ്യ-പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നടന്ന എട്ടാമത്തെ പട്ടാള അട്ടിമറിയാണ് ഗബോണിലേത്. ഇക്കഴിഞ്ഞ ജൂലൈയിലാണ് നൈജറില്‍ പട്ടാളം ഭരണം പിടിച്ചെടുത്തത്.