TMJ
searchnav-menu
post-thumbnail

മുഹമ്മദ് ബാസൂം | PHOTO: FLICKR

TMJ Daily

നൈജറില്‍ പട്ടാള അട്ടിമറി; പ്രസിഡന്റിനെ പുറത്താക്കി 

27 Jul 2023   |   1 min Read
TMJ News Desk

ടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജറില്‍ പട്ടാള അട്ടിമറി. ഭരണഘടന റദ്ദാക്കിയതായും പ്രസിഡന്റ് മുഹമ്മദ് ബാസൂമിനെ പുറത്താക്കി ഔദ്യോഗിക വസതിയില്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും സൈന്യം പുറത്തുവിട്ട വീഡിയോയില്‍ വ്യക്തമാക്കി. രാജ്യത്തിന്റെ അതിര്‍ത്തികള്‍ അടച്ച് രാജ്യവ്യാപകമായി കര്‍ഫ്യൂ ഏര്‍പ്പെടുത്തി. പ്രസിഡന്റിന്റെ വസതിയിലേക്കും പ്രസിഡന്‍ഷ്യല്‍ കോംപ്ലക്‌സിന്റെ ഓഫീസുകളിലേക്കുമുള്ള പ്രവേശനവും സൈനികര്‍ നിരോധിച്ചു. 

പ്രസിഡന്റിന് പിന്തുണയുമായി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ രംഗത്തുവന്നിട്ടുണ്ട്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് എന്ന നിലയില്‍ അമേരിക്ക പിന്തുണ അറിയിക്കുന്നതായും അദ്ദേഹത്തെ ഉടന്‍ മോചിപ്പിക്കണമെന്നും ബ്ലിങ്കന്‍ ആവശ്യപ്പെട്ടു. യുഎന്നിന്റെ പൂര്‍ണപിന്തുണ പ്രസിഡന്റിന് പ്രഖ്യാപിച്ചതായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും വ്യക്തമാക്കി. 

നീക്കം ഭരണപരാജയത്തെ തുടര്‍ന്ന്

നിലവിലെ സര്‍ക്കാരിന് അവസാനമായതായി സൈനിക അട്ടിമറിക്ക് നേതൃത്വം നല്‍കിയ മേജര്‍ അമദൗ അബ്ഡ്രാമനെ പറഞ്ഞു. നിലവിലെ ഭരണസംവിധാനം രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിലും സാമൂഹിക സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിലും പരാജയപ്പെട്ടതായും നൈജറിലെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളുടെയും ഭരണം ഏറ്റെടുക്കുന്നതായും വീഡിയോയിലൂടെ വ്യക്തമാക്കി. പ്രഖ്യാപനത്തില്‍ അദ്ദേഹത്തോടൊപ്പം മറ്റ് ഒമ്പത് സൈനികരും ഉണ്ടായിരുന്നു. 

ബുധനാഴ്ച പ്രസിഡന്റിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് വന്‍ ജനക്കൂട്ടം തലസ്ഥാനനഗരമായ നിയോമെയില്‍ റാലി നടത്തിയിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് സൈന്യം വെടിയുതിര്‍ത്തു. സുരക്ഷാ സാഹചര്യം നിലവില്‍ ശാന്തമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സാഹചര്യങ്ങള്‍ സുസ്ഥിരമാകുന്നതുവരെ വ്യോമ-കര അതിര്‍ത്തികള്‍ അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്.

തുടര്‍ച്ചയാകുന്ന പട്ടാള അട്ടിമറി

2021 ലാണ് മുഹമ്മദ് ബസൗം നൈജറിന്റെ പ്രസിഡന്റാകുന്നത്. 2021 മാര്‍ച്ചില്‍ മുഹമ്മദ് ബസൗം സത്യപ്രതിജ്ഞ ചെയ്യുന്നതിനു ദിവസങ്ങള്‍ക്ക് മുമ്പും പ്രസിഡന്റിന്റെ വസതി പിടിച്ചെടുക്കാനുള്ള ശ്രമം സൈനികര്‍ നടത്തിയിരുന്നു. 2020 മുതല്‍ അയല്‍രാജ്യങ്ങളായ മാലിയിലും ബുര്‍ക്കിന ഫാസോയിലുമുണ്ടായ നാല് സൈനിക ഏറ്റെടുക്കലിന് സമാനമാണ് നൈജറിലെ നിലവിലെ സാഹചര്യം. 

ഫ്രാന്‍സും മറ്റു പടിഞ്ഞാറന്‍ രാജ്യങ്ങളുമായും അടുത്തബന്ധം പുലര്‍ത്തുന്ന സഖ്യകക്ഷിയാണ് നൈജര്‍. 1960 ല്‍ ഫ്രാന്‍സില്‍ നിന്നും സ്വതന്ത്രമായതിനുശേഷം നൈജര്‍ നാല് പട്ടാള അട്ടിമറികളും നിരവധി അട്ടിമറി നീക്കങ്ങളും നേരിട്ടിട്ടുണ്ട്. അടുത്ത വര്‍ഷം പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. മുഹമ്മദ് ബസൗം വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്നായിരുന്നു പ്രതീക്ഷ.


#Daily
Leave a comment