
അസ്സമിലെ ഖനി അപകടം; നാലാം ദിനവും തിരച്ചിൽ തുടരുന്നു
അസ്സമിലെ ഡിമ ഹസാവോ ജില്ലയിലെ കൽക്കരി ഖനിയിൽ 300 അടി ആഴത്തിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം നാലാംദിനവും തുടരുന്നു. നാവിക, കരസേന, ദേശീയ, സംസ്ഥാന ദുരന്തനിവാരണ പ്രതികരണ സേനകൾ, ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപറേഷൻ, കോൾ ഇന്ത്യ, ജില്ലാ ഭരണകൂടം എന്നിവ രക്ഷാ പ്രവർത്തനങ്ങളിൽ സഹകരിക്കുന്നു.
ഖനിക്കുള്ളിൽ ധാരാളം ജലം ഉള്ളതിനാൽ തൊഴിലാളികൾ എവിടയൊണ് കുടുങ്ങിക്കിടക്കുന്നതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഇൻസ്‌പെക്ടറായ റോഷൻ കുമാർ സിങ് പറഞ്ഞു. ശേഷിയേറിയ പമ്പ് ഉപയോഗിച്ച് വെള്ളം പുറത്ത് കളയുന്നുണ്ട്. സോണാർ ഉപയോഗിച്ച് വെർട്ടിക്കൽ ഷാഫ്റ്റ് സ്‌കാൻ ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
വിദൂര നിയന്ത്രിത വാഹനത്തെ ഖനിയിൽ ഉപയോഗിച്ചു. എന്നാൽ ഇതുവരേയും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. വളരെ ദുഷ്‌കരമായ സാഹചര്യത്തിലും ഈ വാഹനം കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ കണ്ടെത്താൻ പരിശ്രമിക്കുന്നുണ്ട്. ഖനിക്കുള്ളിലെ ജലം പൂർണമായും കറുത്തനിറത്തിലാണ്. ഇത് പരിശോധനയ്ക്ക് തലവേദന സൃഷ്ടിക്കുന്നു.
നാല് നാവിക മുങ്ങൽ വിദഗ്ദ്ധർ ജലം നിറഞ്ഞ ഷാഫ്റ്റിൽ ഇറങ്ങിയിരുന്നുവെന്ന് അസം പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
നിയമവിരുദ്ധമായ റാറ്റ് ഹോൾ മൈനിൽ പെട്ടെന്ന് ജലം നിറഞ്ഞതിനെ തുടർന്നാണ് ഒമ്പതോളം ഖനി തൊഴിലാളികൾ അപകടത്തിൽപ്പെട്ടത്. ഭൂമിക്കടിയിൽ നിന്നും ജല സ്രോതസ്സ് അബദ്ധവശാൽ പൊട്ടിയതിനെ തുടർന്ന് ഷാഫ്റ്റിലും ടണലുകളിലും വെള്ളം നിറഞ്ഞപ്പോൾ ഏകദേശം 15 തൊഴിലാളികളാണ് ഖനിയിൽ ഉണ്ടായിരുന്നത്.
ബുധനാഴ്ച്ച ഒരു ഖനിത്തൊഴിലാളിയുടെ മൃതദേഹം 85 അടി ആഴത്തിൽ നിന്നും സൈന്യത്തിന്റെ മുങ്ങൽവിദഗ്ദ്ധർ കണ്ടെത്തിയിരുന്നു. നേപ്പാളിലെ ഉദയ്പൂർ ജില്ലയിൽ നിന്നുള്ള ഗംഗാ ബഹാദൂർ ശ്രേഷ്‌തോ ആണ് മരിച്ചത്.
രണ്ട് തൊഴിലാളികൾ കൂടി മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും മൃതദേഹം കണ്ടെത്തിയിട്ടില്ലെന്ന് സംസ്ഥാന സർക്കാർ സ്ഥിരീകരിച്ചിരുന്നു.
മിനിട്ടിൽ 500 ഗാലൻ ജലം പമ്പ് ചെയ്യാൻ ശേഷിയുള്ള പമ്പ് കോൾ ഇന്ത്യ മഹാരാഷ്ട്രയിൽ നിന്നും അയച്ചിരുന്നു. അത് സിൽച്ചാർ വിമാനത്താവളത്തിൽ എത്തിയിട്ടുണ്ട്. ഈ പമ്പിന്റെ ഭാഗങ്ങൾ ഹെലികോപ്ടറിൽ അപകട സ്ഥലത്ത് എത്തിക്കും. നിലവിൽ അഞ്ചാറ് പമ്പുകൾ പ്രവർത്തിക്കുന്നുവെന്നും ജലത്തിൽ മണ്ണും കല്ലും ഉള്ളതിനാൽ പമ്പിന് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു.