
കേരള തീരത്ത് ധാതു മണല്‍ ഖനനം: കേന്ദ്ര നീക്കത്തിനെതിരെ കേരളം
കേരള തീരത്ത് ധാതു മണല്‍ ഖനനം നടത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തോടുള്ള എതിര്‍പ്പ് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചു. സംസ്ഥാനത്തിന്റെ താല്‍പര്യങ്ങളെ ഖനിക്കുന്നതും പരിസ്ഥിതിയെ നശിപ്പിക്കുന്നതുമാണ് കേന്ദ്രത്തിന്റെ പദ്ധതിയെന്ന് സംസ്ഥാന സര്‍ക്കാരിന്റെ പ്രസ്താവനയില്‍ പറയുന്നു.
കൊച്ചിയില്‍ കേന്ദ്ര ഖനി മന്ത്രാലയം നടത്തിയ റോഡ് ഷോയില്‍ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ഈ വിഷയത്തിലെ കേരള സര്‍ക്കാരിന്റെ നിലപാട് അറിയിച്ചിരുന്നു.
കേരള തീരത്തിലെ അഞ്ച് മേഖലകളിലായി 745 മില്ല്യണ്‍ ടണ്‍ മണല്‍ ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. 2002-ലെ ഉള്‍ക്കടല്‍ ധാതു നിയമം (വികസനവും നിയന്ത്രണവും), അതില്‍ 2023-ല്‍ വരുത്തിയ ഭേദഗതികള്‍ എന്നിവ സംസ്ഥാനത്തിന്റെ താല്‍പര്യങ്ങളെ പരിഗണിക്കുന്നില്ല. ധാതു മണല്‍ ഖനനത്തിലൂടെ ലഭിക്കുന്ന റോയല്‍റ്റി പൂര്‍ണമായും കേന്ദ്ര സര്‍ക്കാരിന് ലഭിക്കും. കൂടാതെ, 2023ലെ ഭേദഗതിയിലൂടെ ഖനനത്തില്‍ സ്വകാര്യ പങ്കാളിത്തവും നടപ്പിലാക്കിയിട്ടുണ്ട്. മുമ്പും കേരളം നിയമത്തിലെ പോരായ്മകള്‍ കേന്ദ്രത്തെ ധരിപ്പിച്ചിട്ടുണ്ട്.
പദ്ധതിയുണ്ടാക്കുന്ന പാരിസ്ഥിതികാഘാതം പരിഗണിക്കുന്നതില്‍ ഭേദഗതി പരാജയപ്പെട്ടു. ഉള്‍ക്കടല്‍ ധാതുനിക്ഷേപവും കടലിലെ പരിസ്ഥിതിയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഉള്‍ക്കടല്‍ ഖനനം പരിസ്ഥിതിയില്‍ ഉണ്ടാക്കുന്ന ആഘാതത്തെ കുറിച്ച് ആഴത്തില്‍ പഠിച്ചിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നു.
ഖനനത്തിന് എതിരെ മത്സ്യബന്ധന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ സമരവുമായി രംഗത്തുണ്ട്.


