TMJ
searchnav-menu
post-thumbnail

TMJ Daily

ധാതുഖനികള്‍ നല്‍കണം; അല്ലെങ്കില്‍ സ്റ്റാര്‍ലിങ്ക് ബന്ധം വിച്ഛേദിക്കുമെന്ന് യുക്രെയ്‌നോട് യുഎസ്

22 Feb 2025   |   1 min Read
TMJ News Desk

യുക്രെയ്‌നിലെ ക്രിട്ടിക്കല്‍ ധാതുവിഭവങ്ങള്‍ സ്വന്തമാക്കാന്‍ വേണ്ടി യുഎസ് സമ്മര്‍ദ്ദം തുടരുന്നു. യുഎസിന് യുക്രെയ്‌നിലെ ധാതുവിഭവങ്ങള്‍ നല്‍കിയില്ലെങ്കില്‍ ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് സൗകര്യം നല്‍കുന്നത് നിര്‍ത്തലാക്കാനാണ് പുതിയ നീക്കം.

യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റിന്റെ നിര്‍ദ്ദേശം യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി തള്ളിയതിനെ തുടര്‍ന്നാണ് മസ്‌കിന്റെ സ്‌പേസ് എക്‌സിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ലിങ്ക് വഴി ഇന്റര്‍നെറ്റ് സേവനം തുടര്‍ന്നും ലഭിക്കുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ യുഎസ് യുക്രെയ്‌നിന് മുന്നില്‍ വച്ചത്.

യുദ്ധം തകര്‍ത്ത യുക്രെയ്‌നും അതിന്റെ സൈന്യത്തിനും നിര്‍ണായകമായ ഇന്റര്‍നെറ്റ് കണക്ടിവിറ്റി നല്‍കുന്നത് സ്റ്റാര്‍ലിങ്ക് ആണ്. യുഎസിന്റെ പ്രത്യേക യുക്രെയ്ന്‍ പ്രതിനിധി കീത്ത് കെല്ലോത്തും സെലന്‍സ്‌കിയും തമ്മിലുള്ള ചര്‍ച്ചയില്‍ ഈ വിഷയം ഉയര്‍ന്നുവന്നു.

ക്രിട്ടിക്കല്‍ ധാതുവിഭവങ്ങളെക്കുറിച്ച് ഉടനടി കരാറില്‍ എത്തിയില്ലെങ്കില്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തുമെന്ന് സെലന്‍സ്‌കിയെ അറിയിച്ചു.

യുഎസ് യുക്രെയ്‌നിന് നല്‍കിയ യുദ്ധ സഹായത്തിന് പകരമായി രാജ്യത്തിന്റെ 500 ബില്ല്യണ്‍ ഡോളര്‍ മൂല്യമുള്ള ധാതുക്കള്‍ നല്‍കണമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവശ്യം സെലന്‍സ്‌കി തള്ളി.

യുഎസ്, യുക്രെയ്ന്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ചകള്‍ നടത്തുകയാണെന്നും താമസിയാതെ ഒരു കരാറില്‍ ഏര്‍പ്പെടാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും യുക്രെയ്ന്‍ പ്രസിഡന്റ് പറഞ്ഞിരുന്നു.

2022 ഫെബ്രുവരിയില്‍ റഷ്യ യുദ്ധം തുടങ്ങിയശേഷം നശിപ്പിച്ച ആശയവിനിമയ ശൃംഖല പുനസ്ഥാപിക്കുന്നതിനായി മസ്‌ക് ആയിരക്കണക്കിന് സ്റ്റാര്‍ലിങ്ക് ടെര്‍മിനലുകളാണ് യുക്രെയ്‌നില്‍ എത്തിച്ചത്. ഇപ്പോള്‍ യുക്രെയ്ന്‍ പ്രവര്‍ത്തിക്കുന്നത് സ്റ്റാര്‍ലിങ്കിലാണെന്ന് യുഎസ് വൃത്തങ്ങള്‍ പറയുന്നു.

മസ്‌ക് യുക്രെയ്‌നില്‍ ഹീറോയായി വാഴ്ത്തപ്പെട്ടുവെങ്കിലും പിന്നീട് യുദ്ധത്തെ യുക്രെയ്ന്‍ കൈകാര്യം ചെയ്യുന്ന രീതിയില്‍ അദ്ദേഹത്തിന് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു.





 

#Daily
Leave a comment