
വേട്ടക്കാരന്റെ വിശദീകരണത്തിൽ മാത്രം മന്ത്രി ഒതുങ്ങുന്നു, സജി ചെറിയാന് രാഷ്ട്രീയ വിദ്യാഭ്യാസം നൽകണം: ആഷിഖ് അബു
സാംസ്കാരിക മന്ത്രി സജിചെറിയാൻ പരാതിയെ കുറിച്ച് അന്വേഷിക്കാതെ വേട്ടക്കാരന്റെ വിശദീകരണത്തിൽ മാത്രം ഒതുങ്ങുകയാണെന്ന് സംവിധായകൻ ആഷിഖ് അബു. മന്ത്രിക്ക് രാഷ്ട്രീയമായി യാതൊരു വിവരവുമില്ലെന്നും പാർട്ടി അദ്ദേഹത്തിന് രാഷ്ട്രീയ വിദ്യാഭ്യാസം നൽകണമെന്നും അദ്ദേഹം പറഞ്ഞു. രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും മാറ്റി നിർത്താൻ സർക്കാർ തയ്യാറാകണം, നടിയുടേത് ആരോപണമല്ല വെളിപ്പെടുത്തലാണെന്നും ആഷിഖ് അബു വ്യക്തമാക്കി.
ഈ വിഷയം സംസാരിക്കാൻ സാമാന്യബുദ്ധിയുള്ള ആരെങ്കിലും വരണം. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നപ്പോൾ മുതൽ ഇടതുപക്ഷമന്ത്രിമാർക്ക് ആശയക്കുഴപ്പമുണ്ടെന്നാണ് മനസ്സിലാക്കുന്നത്.
സിനിമാ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ ഇതുവരെയുണ്ടായ പ്രസ്താവനകളൊന്നും ഇടതുപക്ഷത്തിന്റെ നയങ്ങളോട് ചേർന്നു നിൽക്കാത്തതാണ്. പരാതി ഉന്നയിച്ച സ്ത്രീയും ഇടതുപക്ഷ സഹയാത്രികയാണ്. പരാതിക്കാരിയുടെ പരാതിയെപറ്റി അന്വേഷിക്കാതെ വേട്ടക്കാരന്റെ വിശദീകരണത്തിൽ ഒതുങ്ങുകയാണ് മന്ത്രി. മന്ത്രിയുടെ നിലപാടിനോട് ശക്തമായ പ്രതിഷേധമാണുള്ളത്.