PHOTO: FACEBOOK
ബിനോയ് വിശ്വത്തിന്റെ നിയമനത്തെ ന്യായീകരിച്ച് മന്ത്രി പി പ്രസാദ്
ബിനോയ് വിശ്വത്തെ സി.പി.ഐ സംസ്ഥാന സെക്രട്ടറിയാക്കിയതിനെതിരെ കെ.ഇ.ഇസ്മയില്‍ നടത്തിയ വിമര്‍ശനങ്ങള്‍ തള്ളി മന്ത്രി പി പ്രസാദ്. ഇസ്മയില്‍ ആരോപിക്കുന്നതുപോലെ പിന്തുടര്‍ച്ച എന്ന ചോദ്യം ഇവിടെയില്ലെന്നും പാര്‍ട്ടി ദേശീയ നേതൃത്വവുമായി ആലോചിച്ച ശേഷമാണ്ബിനോയ് വിശ്വത്തെ നിയമിക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു.
പിന്തുടര്‍ച്ചാവകാശം കമ്മ്യൂണിസ്റ്റ് ധാര്‍മികതയ്ക്ക് വിരുദ്ധമാണെന്ന് ഇസ്മയില്‍ നേരത്തെ പറഞ്ഞിരുന്നു. ഈ വിഷയത്തില്‍ ഇസ്മയിലിന്റെ പ്രതികരണത്തിന്റെ കാരണം വ്യക്തമല്ലെന്നും പ്രസാദ് പറഞ്ഞു.
കീഴ്വഴക്കം ലംഘിച്ചുള്ള നിയമനം
ബിനോയ് വിശ്വത്തെ സിപിഐ സംസ്ഥാന സെക്രട്ടറിയാക്കിയത് കീഴ്വഴക്കം ലംഘിച്ചെന്ന് മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ കെഇ ഇസ്മയില്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സാധാരണഗതിയില്‍ സംസ്ഥാന കമ്മിറ്റിയും എക്സിക്യൂട്ടീവും ചേര്‍ന്നാണ് സെക്രട്ടറിയെ തീരുമാനിക്കുക. പിന്തുടര്‍ച്ചാവകാശം കമ്മ്യൂണിസ്റ്റ് വിരുദ്ധമാണെന്നും ഇസ്മയില്‍ കൂട്ടിച്ചേര്‍ത്തിരുന്നു.
കാനം രാജേന്ദ്രന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം സെക്രട്ടറിയെ തീരുമാനിച്ചത് ശരിയായില്ല. പ്രകാശ് ബാബുവും ചന്ദ്രമോഹനനും ഈ നടപടിക്രമം തെറ്റാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. അത് ബിനോയ് വിശ്വത്തോടുള്ള വിയോജിപ്പുകൊണ്ടല്ല. ബിനോയ് വിശ്വത്തിന് ചുമതല നല്‍കിയത് പെട്ടെന്നായിപ്പോയി എന്നത് വലിയ അപരാധമായി കരുതുന്നില്ലെന്നും ഇസ്മയില്‍ പറഞ്ഞിരുന്നു.
ചര്‍ച്ച ചെയ്യാത്ത തീരുമാനം
ദേശീയ എക്സിക്യൂട്ടീവിലും, സംസ്ഥാന കൗണ്‍സിലിലും ആലോചിക്കാതെ തീരുമാനമെടുക്കുകയായിരുന്നു സെക്രട്ടറിയുടെ താല്കാലിക ചുമതല അടിയന്തരപ്രാധാന്യമുള്ളതല്ല. കാനത്തിന്റെ കത്തുണ്ടെന്ന് പറയുന്നതല്ലാതെ തങ്ങളാരും അത് കണ്ടിട്ടില്ല. ബിനോയ് വിശ്വം കഴിവുകെട്ടവനാണെന്നോ അയോഗ്യനാണെന്നോ അഭിപ്രായമില്ല. ചെറുപ്പക്കാരുടെ പ്രതിനിധിയായിരുന്നു. വളരെ നല്ല സെക്രട്ടറിയാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇസ്മയില്‍ കൂട്ടിച്ചേര്‍ത്തു.
കാനം രാജേന്ദ്രന്റെ സംസ്‌കാരചടങ്ങുകള്‍ക്ക് പിന്നാലെ കോട്ടയത്തു ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് ബിനോയ് വിശ്വത്തിന് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതല നല്‍കിയത്. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കാനം രാജേന്ദ്രന്‍ സംസ്ഥാന സെക്രട്ടറിയുടെ ചുമതലയില്‍ നിന്ന് അവധി എടുത്തതോടെ ബിനോയ് വിശ്വത്തിന് സെക്രട്ടറിയുടെ താല്കാലിക ചുമതല നല്‍കാന്‍ ശുപാര്‍ശ ചെയ്യുകയായിരുന്നു.