TMJ
searchnav-menu
post-thumbnail

TMJ Daily

ഭരണഘടനാ വിവാദ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാന് തിരിച്ചടി

21 Nov 2024   |   1 min Read
TMJ News Desk

വിവാദ പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാനെതിരെ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. അന്വേഷണ റിപ്പോർട്ടും അത് സ്വീകരിച്ച മജിസ്ട്രേറ്റ് കോടതി ഉത്തരവും റദ്ദാക്കിയാണ് ഹൈക്കോടതി വിധി. അന്വേഷണത്തില്‍ പാളിച്ചകള്‍ ഉണ്ടായി. സിസിടിവി ദൃശ്യങ്ങളും ഓഡിയോ ക്ലിപ്പുകളും പരിശോധിച്ചില്ലെന്നും അന്വേഷണം ക്രൈം ബ്രാഞ്ച് നടത്തണമെന്നും കോടതി പറഞ്ഞു.

ഫോറന്‍സിക് റിപ്പോര്‍ട്ട് വരുന്നതിനു മുന്‍പേ അന്വേഷണ ഉദ്യോഗസ്ഥന്‍ ഫൈനല്‍ റിപ്പാര്‍ട്ട് സമര്‍പ്പിച്ചു. എന്ത് സാഹചര്യത്തിലാണ് കുന്തം, കൂടചക്രം എന്നുള്ള വാക്ക് ഉപയോഗിച്ചതെന്ന് പരിശോധിക്കണം. സത്യസന്ധനായ ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.

2022 ല്‍ പത്തനംതിട്ട മല്ലപ്പള്ളിയില്‍ സിപിഎം ഏരിയാ കമ്മിറ്റിയുടെ പരിപാടിയിലായിരുന്നു വിവാദ പ്രസംഗം ഉണ്ടായത്. ഏറ്റവും നന്നായി ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റുന്ന ഭരണഘടനയാണ് നമ്മുടേത്. അതില്‍ കുറച്ചു ഗുണങ്ങള്‍ ഇട്ടിട്ടുണ്ട്. ജനാധിപത്യം, കുന്തം, കുടച്ചക്രം എന്നൊക്കെ സൈഡില്‍ എഴുതിയിട്ടുണ്ട് എന്നായിരുന്നു പ്രസംഗം. ഇതിനു പിന്നാലെ മന്ത്രി സ്ഥാനത്തിന് സജി ചെറിയാന് രാജിവെക്കേണ്ടി വന്നു. 

മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗം വളച്ചൊടിച്ചുവെന്നും ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പൊതു പ്രവര്‍ത്തകനാണ് താനെന്നും സജി ചെറിയാന്‍ മറ്റൊരു പ്രസംഗത്തില്‍ വിശദീകരിച്ചിരുന്നു. ഭരണഘടനയെ സംരക്ഷിക്കണം എന്നാണ് നിലപാടെന്ന് സജി ചെറിയാന്‍ പറഞ്ഞു. ഭരണഘടനാ മൂല്യങ്ങള്‍ക്ക് ശാക്തീകരണം ആവശ്യമാണെന്നും അതാണ് സൂചിപ്പിച്ചതെന്നും ഭരണഘടനക്കെതിരെ പറഞ്ഞിട്ടില്ലെന്നും വിശദീകരിച്ചു.


#Daily
Leave a comment