
മന്ത്രിമാര്‍ സംസ്ഥാന സമിതി അംഗമാകുന്നത് കീഴ്‌വഴക്കം: രാജു എബ്രഹാം
സിപിഐഎമ്മില്‍ ഒമ്പത് വര്‍ഷം മാത്രം പ്രവര്‍ത്തനപരിചയമുള്ള ആരോഗ്യ മന്ത്രി വീണ ജോര്‍ജ് എങ്ങനെ പാര്‍ട്ടിയുടെ സംസ്ഥാന സമിതിയില്‍ എത്തിയതെന്ന് വിശദീകരിച്ച് പത്തനംതിട്ട ജില്ല സെക്രട്ടറി രാജു എബ്രഹാം. മന്ത്രിമാര്‍ അവരുടെ പാര്‍ട്ടിയുടെ സംസ്ഥാന സമിതി അംഗമല്ലെങ്കില്‍ അവരെ അതിലേക്ക് ക്ഷണിക്കുക ഒരു കീഴ്‌വഴക്കമാണെന്ന് രാജു എബ്രഹാം പറഞ്ഞു.
മുമ്പ് സിപിഐഎമ്മില്‍ ഇതേ സമാനമായ സാഹചര്യം ഉണ്ടായതിന്റെ ഉദാഹരണം അദ്ദേഹം എടുത്തുപറഞ്ഞു. സി രവീന്ദ്രനാഥ് വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം സംസ്ഥാന സമിതിയുടെ ക്ഷണിതാവായിരുന്നുവെന്ന് രാജുഎബ്രഹാം പറഞ്ഞു.
ജില്ല കമ്മിറ്റിയംഗം എന്ന നിലയിലാണ് വീണ ജോര്‍ജ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതെന്നും അതിനാലണ് സംസ്ഥാന സമിതിയിലെ ക്ഷണിതാവായി അവരെ തീരുമാനിച്ചതെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.
മറ്റ് മന്ത്രിമാരെല്ലാം സംസ്ഥാന സമിതി അംഗങ്ങളാണെന്നും അതിനാല്‍ അവരെ പ്രത്യേകം ക്ഷണിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയെന്ന നിലയില്‍ സ്തുത്യര്‍ഹമായ സേവനമാണ് വീണ ജോര്‍ജിന്റേതെന്നും പ്രവര്‍ത്തനം വളരെ മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു. വീണ ജോര്‍ജ് വളരെ സത്യസന്ധതയോടെ, ആത്മാര്‍ത്ഥതയോടെ സേവനം നിര്‍വഹിക്കുകയാണെന്നും അത് എല്ലാവരും അംഗീകരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎമ്മിന് വിജയിക്കാന്‍ ബുദ്ധിമുട്ടുള്ള ആറന്മുളയില്‍ നിന്നും രണ്ട് തവണ വിജയിച്ചതും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
തന്നെക്കാള്‍ ജൂനിയറായ വീണ ജോര്‍ജിനെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്ത് മുന്‍ എംഎല്‍എ എ പദ്മകുമാര്‍ രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കില്‍ ഇന്നലെ വൈകുന്നേരം പോസ്റ്റിടുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്തുവെങ്കിലും ഇന്ന് രാവിലെ വീണ്ടും മാധ്യമങ്ങളോട് വീണ ജോര്‍ജിനെതിരെ രംഗത്തെത്തിയിരുന്നു.
പദ്മകുമാര്‍ അഭിപ്രായങ്ങള്‍ പറയേണ്ടത് അദ്ദേഹത്തിന്റെ ഘടകമായ ജില്ല കമ്മിറ്റിയിലാണെന്ന് ജില്ല സെക്രട്ടറി പറഞ്ഞു.