അരിന്ദം ബാഗ്ചി | PHOTO: PTI
ഇന്ത്യന്‍ പൗരന്മാര്‍ നൈജര്‍ വിടണം; മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം
പട്ടാള അട്ടിമറിയോടെ സംഘര്‍ഷം രൂക്ഷമായ നൈജറില്‍ നിന്നും ഇന്ത്യന്‍ പൗരന്മാര്‍ എത്രയും പെട്ടെന്ന് ഒഴിയണമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പു നല്‍കി. നൈജറിലെ നിലവിലെ അവസ്ഥ രാജ്യം നിരീക്ഷിക്കുകയാണ്. നിലവില്‍ വ്യോമഗതാഗതം നിലച്ച അവസ്ഥയാണെന്നും കരമാര്‍ഗമുള്ള യാത്രയ്ക്ക് സുരക്ഷ ഉറപ്പാക്കാന്‍ പരമാവധി മുന്‍കരുതല്‍ എടുക്കണമെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. വരും ദിവസങ്ങളില്‍ നൈജറിലേക്കുള്ള യാത്ര തീരുമാനിച്ചവര്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുന്നത് വരെ യാത്ര മാറ്റിവെക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. പൗരന്മാരെ നൈജറില്‍ നിന്നും മടക്കിക്കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് എംബസി അറിയിച്ചു.
നൈജറിലെ പട്ടാള അട്ടിമറി
പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജറില്‍ പട്ടാള അട്ടിമറിയെ തുടര്‍ന്ന് ഭരണഘടന റദ്ദാക്കുകയും പ്രസിഡന്റ് മുഹമ്മദ് ബസൗമിനെ പുറത്താക്കുകയും ചെയ്തിരുന്നു. പ്രസിഡന്റിനെ ഔദ്യോഗിക വസതിയില്‍ തടഞ്ഞുവച്ചിരിക്കുന്ന വീഡിയോ ജൂലൈ അവസാനത്തില്‍ സൈന്യം പുറത്തുവിട്ടു. രാജ്യത്തിന്റെ അതിര്‍ത്തികള്‍ അടച്ച് രാജ്യവ്യാപകമായി കര്‍ഫ്യൂ ഏര്‍പ്പെടുത്തി. പ്രസിഡന്റിന്റെ വസതിയിലേക്കും പ്രസിഡന്‍ഷ്യല്‍ കോംപ്ലക്‌സിന്റെ ഓഫീസുകളിലേക്കുമുള്ള പ്രവേശനവും സൈനികര്‍ നിരോധിച്ചു.
നിലവിലെ സര്‍ക്കാരിന്റെ് അവസാനമാണിതെന്നും, ഭരണസംവിധാനം രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിലും സാമൂഹിക സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിലും പരാജയപ്പെട്ടതായും സൈനിക അട്ടിമറിക്ക് നേതൃത്വം നല്‍കിയ മേജര്‍ അമദൗ അബ്ഡ്രാമനെ പറഞ്ഞിരുന്നു. നൈജറിലെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളുടെയും ഭരണം ഏറ്റെടുക്കുന്നതായും വീഡിയോയിലൂടെ മേജര്‍ വ്യക്തമാക്കി.
പ്രസിഡന്റിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് വന്‍ ജനക്കൂട്ടം തലസ്ഥാനനഗരമായ നിയോമെയില്‍ കഴിഞ്ഞമാസം റാലി നടത്തി. റാലിക്ക് നേരെ സൈന്യം വെടിയുതിര്‍ത്തു. സാഹചര്യങ്ങള്‍ സുസ്ഥിരമാകുന്നതുവരെ വ്യോമ-കര അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുകയാണ്.
തുടര്‍ച്ചയാകുന്ന പട്ടാള അട്ടിമറി
2021 ലാണ് മുഹമ്മദ് ബസൗം നൈജറിന്റെ പ്രസിഡന്റാകുന്നത്. 2021 മാര്‍ച്ചില്‍ മുഹമ്മദ് ബസൗം സത്യപ്രതിജ്ഞ ചെയ്യുന്നതിനു ദിവസങ്ങള്‍ക്ക് മുമ്പും പ്രസിഡന്റിന്റെ വസതി പിടിച്ചെടുക്കാനുള്ള ശ്രമം സൈനികര്‍ നടത്തിയിരുന്നു. 2020 മുതല്‍ അയല്‍രാജ്യങ്ങളായ മാലിയിലും ബുര്‍ക്കിന ഫാസോയിലുമുണ്ടായ നാല് സൈനിക ഏറ്റെടുക്കലിന് സമാനമാണ് നൈജറിലെ നിലവിലെ സാഹചര്യം. ഫ്രാന്‍സും മറ്റു പടിഞ്ഞാറന്‍ രാജ്യങ്ങളുമായും അടുത്തബന്ധം പുലര്‍ത്തുന്ന സഖ്യകക്ഷിയാണ് നൈജര്‍. 1960 ല്‍ ഫ്രാന്‍സില്‍ നിന്നും സ്വതന്ത്രമായതിനുശേഷം നൈജര്‍ നാല് പട്ടാള അട്ടിമറികളും നിരവധി അട്ടിമറി നീക്കങ്ങളും നേരിട്ടിട്ടുണ്ട്.