AMIT SHAH | PHOTO: WIKI COMMONS
അമിത് ഷായുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജ വീഡിയോയെന്ന് ആഭ്യന്തര മന്ത്രാലയം: കേസെടുത്ത് ഡല്‍ഹി പൊലീസ്
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജ വീഡിയോയാണെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ പരാതിയെത്തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് ഡല്‍ഹി പൊലീസ്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിന്റെയും മറ്റ് പിന്നാക്ക വിഭാഗത്തിന്റെയും സംവരണം നിര്‍ത്തലാക്കണമെന്ന് അമിത് ഷാ പറയുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഐപിസിയിലെ വിവിധ വകുപ്പുകള്‍ക്കും ഐടി നിയമത്തിലെ പ്രസക്ത വകുപ്പുകള്‍ക്കും കീഴിലാണ് സ്‌പെഷ്യല്‍ സെല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാജ്യത്തുടനീളം ഉടന്‍ അറസ്റ്റ് നടക്കാന്‍ സാധ്യതയുണ്ടെന്ന് സ്‌പെഷ്യല്‍ സെല്‍ വൃത്തങ്ങള്‍ അറിയിച്ചു.
രാഷ്ട്രീയ റാലിക്കിടെ അമിത് ഷാ നടത്തിയ യഥാര്‍ത്ഥ പ്രസ്താവനകളില്‍ കൃത്രിമം കാണിച്ചുള്ള വീഡിയോയാണ് പ്രചരിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. കോണ്‍ഗ്രസുമായി ബന്ധപ്പെട്ട സോഷ്യല്‍മീഡിയ അക്കൗണ്ടുകളില്‍ ദൃശ്യങ്ങള്‍ പങ്കിട്ടതോടെയാണ് വീഡിയോയെ ചുറ്റിപറ്റിയുള്ള വിവാദം വര്‍ധിക്കുന്നത്. എന്നാല്‍ പ്രചരിക്കുന്നത് തെറ്റായ വിവരങ്ങള്‍ ആണെന്ന് ചൂണ്ടിക്കാട്ടി ബിജെപി രംഗത്തെത്തുകയായിരുന്നു. കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നത് എഡിറ്റ് ചെയ്ത വീഡിയോയാണെന്നും പ്രചരിപ്പിക്കുന്നവര്‍ നിയമപരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ബിജെപി വക്താവ് അമിത് മാളവ്യ പ്രതികരിച്ചു. മുസ്ലീം സംവരണ ക്വാട്ടയുമായി ബന്ധപ്പെട്ടുള്ള ഷായുടെ പരാമര്‍ശങ്ങളെ വീഡിയോ തെറ്റായി ചിത്രീകരിക്കാനായി ഉപയോഗിച്ചിട്ടുണ്ടെന്നും മാളവ്യ കൂട്ടിച്ചേര്‍ത്തു.
വീഡിയോ പങ്കിട്ട സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളുടെ വിവരങ്ങളും ലിങ്കുകളും അടങ്ങുന്ന റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രാലയം പരാതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതോടെ ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലിന്റെ ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്‍ഡ് സ്ട്രാറ്റജിക് ഓപ്പറേഷന്‍സ് യൂണിറ്റ് വീഡിയോയുടെ ഉത്ഭവകേന്ദ്രം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.