
മിനസോട്ട കൊലപാതകി കസ്റ്റഡിയിൽ
അമേരിക്കയിലെ മിനസോട്ടയിൽ ഒരു ഡെമോക്രാറ്റിക് സംസ്ഥാന നിയമസഭാംഗത്തെയും, ഭർത്താവിനെയും കൊലപ്പെടുത്തുകയും മറ്റൊരാളെ പരിക്കേൽപ്പിക്കുകയും ചെയ്ത തോക്കുധാരിയെ ഞായറാഴ്ച രാത്രി വളരെ വൈകി അറസ്റ്റ് ചെയ്തതായി ഒരു പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. എബിസി അഫിലിയേറ്റിന്റെ റിപ്പോർട്ടർ എക്‌സിൽ ഇക്കാര്യം പോസ്റ്റ് ചെയ്തതായി റോയിട്ടേഴ്‌സ് ഒരു റിപ്പോർട്ടിൽ പറഞ്ഞു. വാൻസ് ബോയൽട്ടർ എന്ന 57 കാരനാണ് സംശയിക്കപ്പെടുന്ന പ്രതി.
മിനസോട്ടയിലെ ഒരു നിയമസഭാംഗത്തെ കൊലപ്പെടുത്തുകയും മറ്റൊരാളെ പരിക്കേൽപ്പിക്കുകയും ചെയ്തതായി സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തതോടെ സംസ്ഥാനത്തെ മുഴുവൻ ആശങ്കയിലാഴ്ത്തിയ ഏകദേശം രണ്ട് ദിവസത്തെ വ്യാപകമായ തിരച്ചിൽ അവസാനിച്ചു, ഒരു റിപ്പോർട്ടിൽ വാർത്ത ഏജൻസിയായ എപി പറഞ്ഞു.
വാൻസ് ബോയൽട്ടറെ ഞായറാഴ്ച വൈകുന്നേരം അറസ്റ്റ് ചെയ്തു. മുൻ ഡെമോക്രാറ്റിക് ഹൗസ് സ്പീക്കർ മെലിസ ഹോർട്ട്മാനും ഭർത്താവ് മാർക്കും ശനിയാഴ്ച പുലർച്ചെ വടക്കൻ മിനിയാപൊളിസ് പ്രാന്തപ്രദേശത്തുള്ള ബ്രൂക്ലിൻ പാർക്കിലെ അവരുടെ വീട്ടിൽ കൊല്ലപ്പെട്ടു. ഡെമോക്രാറ്റായ സെനറ്റർ ജോൺ ഹോഫ്മാനും ഭാര്യ യെവെറ്റും ഏകദേശം 9 മൈൽ (ഏകദേശം 15 കിലോമീറ്റർ) അകലെയുള്ള ചാംപ്ലിൻ വീട്ടിൽ പരിക്കേറ്റു.
"ഒരാളുടെ അചിന്തനീയമായ പ്രവൃത്തികൾ മിനസോട്ട സംസ്ഥാനത്തെ മാറ്റിമറിച്ചു," ഗവർണർ ടിം വാൾസ് ഒരു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മിനിയാപൊളിസിന് തെക്ക് പടിഞ്ഞാറുള്ള സിബ്ലി കൗണ്ടിയിലെ ഒരു ഗ്രാമപ്രദേശത്തു നിന്നാണ് ബോയൽട്ടറിനെ അറസ്റ്റ് ചെയ്തത്.
മിനസോട്ട സംസ്ഥാനത്തെ ഡെമോക്രാറ്റിക് പാർട്ടി നേതാവായ എമെറിറ്റ മെലിസ ഹോർട്ട്മാനെയും അവരുടെ ഭർത്താവിനെയും വെടിവെച്ചു കൊലപ്പെടുത്തിയ കേസിലും സംസ്ഥാന സെനറ്റർ ജോൺ ഹോഫ്മാനെയും, ഭാര്യയെയും വെടിവച്ച കേസിലും ബോയൽട്ടർ പ്രതിയാണ്. ബോയൽട്ടറിനെ അറസ്റ്റ് ചെയ്യാൻ സഹായിക്കുന്നവർക്ക് 50,000 ഡോളർ പാരിതോഷികം എഫ്ബിഐ വാഗ്ദാനം ചെയ്തിരുന്നു. മിനസോട്ട സംസ്ഥാനത്തെ അസംബ്ലി സ്പീക്കർ ആയിരുന്നു കൊല്ലപ്പെട്ട എമെറിറ്റ മെലിസ ഹോർട്ട്മാൻ.


