
തെറ്റിദ്ധാരണാജനകമായ പരസ്യം: ബാബ രാംദേവിന് പാലക്കാട് കോടതിയുടെ അറസ്റ്റ് വാറന്റ്
തെറ്റിദ്ധാരണാജനകമായ പരസ്യം നല്‍കിയ കേസില്‍ ബാബാ രാംദേവിന് എതിരെ പാലക്കാട് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. പാലക്കാട് ജുഡീഷ്യന്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് രണ്ട് ആണ് രാംദേവിനും കൂട്ടുപ്രതി ആചാര്യ ബാലകൃഷ്ണയ്ക്കും പതഞ്ജലി ആയുര്‍വേദിന്റെ മാര്‍ക്കറ്റിങ് വിഭാഗമായ ദിവ്യ ഫാര്‍മസിക്കും എതിരെ ജാമ്യം ലഭിക്കാവുന്ന അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. കേരളത്തില്‍ ഇതാദ്യമായാണ് തെറ്റിദ്ധാരണ പരത്തുന്ന പരസ്യം നല്‍കിയ കേസില്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുന്നത്.
2024 ഒക്ടോബറിലാണ് രാംദേവിനും ബാലകൃഷ്ണയ്ക്കും കമ്പനിക്കും എതിരായ കേസ് പാലക്കാട് കോടതിയില്‍ രജിസ്റ്റര്‍ ചെയ്തത്. ജനുവരി 16ന് ഇവരോട് കോടതിയില്‍ ഹാജരാകാന്‍ വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ അവര്‍ ഹാജരായില്ല. തുടര്‍ന്നാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
1954ലെ ഡ്രഗ്‌സ് ആന്‍ഡ് മാജിക് റെമഡീസ് (ഒബ്ജക്ഷണബിള്‍ അഡൈ്വര്‍ട്ടൈസ്‌മെന്റ്‌സ്) നിയമം ലംഘിച്ചു കൊണ്ട് മാധ്യമങ്ങളില്‍ ആരോഗ്യ സുരക്ഷാ ഉല്‍പന്നങ്ങളുടെ തെറ്റിദ്ധാരണാജനകമായ പരസ്യം നല്‍കിയെന്നാണ് കേസ്. പതഞ്ജലിയുടെ ഉല്‍പന്നങ്ങള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവും ഇല്ലാതാക്കുന്നുവെന്ന് പരസ്യങ്ങള്‍ അവകാശപ്പെടുന്നു.
സമാനമായ കേസുകള്‍ കോഴിക്കോടും ഉത്തരാഖണ്ഡിലെ ഹരിദ്വാറിലും നിലനില്‍ക്കുന്നുണ്ട്. കൂടാതെ, സമന്‍സുകളും നിലനില്‍ക്കുന്നു. എങ്കിലും അവര്‍ ഇതുവരേയും കോടതികളില്‍ ഹാജരായിട്ടില്ല. പാലക്കാട് കോടതിയിലെ കേസ് ഫെബ്രുവരി ഒന്നിലേക്ക് മാറ്റിവച്ചു. കേരളത്തില്‍ ഏകദേശം 10 കേസുകളാണ് ഇവര്‍ക്കെതിരെ വിവിധ സ്ഥലങ്ങളിലായി ഉള്ളത്.