കോടതികളിലെ സ്ത്രീവിരുദ്ധ പദങ്ങള്‍; കൈപ്പുസ്തകം ഇറക്കി സുപ്രീംകോടതി
രാജ്യത്തെ കോടതികളില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണമെന്ന് സുപ്രീംകോടതി. കോടതികളില്‍ ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കും ഉപയോഗിക്കുവാന്‍ കഴിയുന്ന വാക്കുകള്‍ ഉള്‍പ്പെടുത്തിയ കൈപ്പുസ്തകവും സുപ്രീംകോടതി പുറത്തിറക്കി.
സമൂഹത്തിന് അവബോധം നല്‍കുന്നതിനാണ് കൈപ്പുസ്തകം പുറത്തിറക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു. വിധിന്യായം തയ്യാറാക്കുമ്പോള്‍ ജഡ്ജിമാരും ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ അഭിഭാഷകരും ഈ ശൈലീപുസ്തകം ഉപയോഗിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
സമൂഹത്തിന് മാതൃകയായ്
ലിംഗപരമായി ശരിയല്ലാത്ത പദങ്ങള്‍ക്ക് പകരം ഉപയോഗിക്കാന്‍ സാധിക്കുന്ന പദങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി സമൂഹത്തിന് അവബോധം നല്‍കുകയാണ് കോടതി നടപടിയിലൂടെ ലക്ഷ്യമിടുന്നത്. സ്ത്രീകള്‍ക്കെതിരായ മോശപരാമര്‍ശങ്ങള്‍ എന്തൊക്കെയെന്നും കൈപ്പുസ്തകം വിശദീകരിക്കുന്നുണ്ട്. മുന്‍കാലങ്ങളില്‍ കോടതി ഇത്തരം വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ട്. അവ നിയമത്തെ എങ്ങനെ വളച്ചൊടിക്കുന്നുവെന്നും, ലിംഗപരമായ വാക്കുകള്‍ എങ്ങനെയാണ് നിലനില്‍ക്കുകയെന്നും പുസ്തകം വ്യക്തമാക്കുന്നതായും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ലിംഗപരമായ പരാമര്‍ശങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഭാഷ തിരിച്ചറിയുന്നതിനും, പകരം മറ്റ് വാക്കുകളും ശൈലികളും തിരഞ്ഞെടുക്കാന്‍ കൈപ്പുസ്തകം ജഡ്ജിമാര്‍ക്ക് സഹായകരമാകും. പുസ്തകം കോടതിയുടെ വെബ്‌സൈറ്റിലും ഉള്‍പ്പെടുത്തുമെന്നും ചന്ദ്രചൂഡ് പറഞ്ഞു. ശൈലീപുസ്തകം പുറത്തിറക്കുന്നത് മുന്‍കാലങ്ങളിലെ വിധികളെ സംശയിക്കാനോ, വിമര്‍ശിക്കാനോ അല്ല. മറിച്ച് ഇത്തരം വാക്കുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാനാണ്. ഉപയോക്തൃ മാനുവലും ഇ-ഫയലിംഗ് സംബന്ധിച്ച പതിവു ചോദ്യങ്ങളും വീഡിയോ ട്യൂട്ടോറിയലുകളും സൈറ്റിലുണ്ടാകുമെന്നും സുപ്രീംകോടതി അറിയിച്ചു.
നേരത്തെ മാര്‍ച്ചില്‍ തന്നെ ഇത്തരമൊരു ശൈലീപുസ്തകം പുറത്തിറക്കുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസ് ആയതിനുശേഷമുള്ള പുരോഗമനപരമായ തീരുമാനങ്ങളിലൊന്നാണിത്. മുമ്പ് സുപ്രീംകോടതി വിധികള്‍ പ്രാദേശിക ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുന്ന തീരുമാനവും കൈക്കൊണ്ടിരുന്നു.