Photo: PTI
അരിക്കൊമ്പന്‍ ഉള്‍വനത്തില്‍; മുറിവുകള്‍ പ്രശ്‌നമുള്ളതല്ലെന്ന് വനം വകുപ്പ്
അരിക്കൊമ്പനെ പെരിയാര്‍ വന്യജീവിസങ്കേതത്തിലെ ഉള്‍ക്കാട്ടില്‍ തുറന്നുവിട്ടു. പുലര്‍ച്ചെ നാലുമണിയോടെയാണ് തുറന്നുവിട്ടത്. ആന ആരോഗ്യവാനാണെന്നും ശരീരത്തിലെ മുറിവുകള്‍ പ്രശ്‌നമുള്ളതല്ലെന്നും ഡോക്ടര്‍മാരുടെ സംഘം വിലയിരുത്തി. അരിക്കൊമ്പന്റെ ശരീരത്തില്‍ ഘടിപ്പിച്ച റേഡിയോ കോളര്‍ സംവിധാനം വഴിയുള്ള സിഗ്നലുകള്‍ ലഭിച്ചു തുടങ്ങി. അടുത്ത രണ്ടു ദിവസം ആന പൂര്‍ണമായും വാച്ചര്‍മാരുടെ നിരീക്ഷണത്തില്‍ ആയിരിക്കും. അതേസമയം, അരിക്കൊമ്പന്‍ സാധാരണ ജീവിതത്തിലേക്ക് എത്തുംവരെ നിരീക്ഷിക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു.
ഇനി പെരിയാറിന്റെ കൊമ്പന്‍
രാത്രിയേറെ വൈകിയാണ് ദൗത്യസംഘം പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ എത്തിയത്. ജനവാസ മേഖലയ്ക്ക് 23 കിലോമീറ്റര്‍ അകലെയായാണ് തുറന്നുവിട്ടത്. ചിന്നക്കനാലില്‍ നിന്ന് ഏകദേശം 105 കിലോമീറ്റര്‍ ദൂരത്തേക്കാണ് ഇപ്പോള്‍ അരിക്കൊമ്പനെ മാറ്റിയിരിക്കുന്നത്. പെരിയാര്‍ വന്യജീവി സങ്കേതം വെറ്റിനറി ഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘമാകും ഇനി അരിക്കൊമ്പനെ നിരീക്ഷിക്കുക. ഉള്‍വനത്തില്‍ ആയതിനാല്‍ ജനവാസ മേഖലയിലേക്ക് ആന തിരികെ എത്തില്ലെന്നാണ് ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടല്‍. ആനയെ തിരികെ ഇറക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ചരിത്ര ദൗത്യം
സംസ്ഥാന വനം വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന ഏറ്റവും ദുഷ്‌കരമായ ദൗത്യത്തിനാണ് ചിന്നക്കനാല്‍ ശനിയാഴ്ച വേദിയായത്. വനം വകുപ്പ് ചീഫ് വെറ്റിനറി സര്‍ജന്‍ ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ചയാണ് അരിക്കൊമ്പന്‍ ദൗത്യം ആരംഭിച്ചത്. ആദ്യ ദിനം ആനയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ശനിയാഴ്ച രാവിലെ 7.30 ന് സൂര്യനെല്ലിക്കും സിങ്കുകണ്ടത്തിനും ഇടയ്ക്കുള്ള 92 കോളനിയില്‍ അരിക്കൊമ്പനെയും മറ്റൊരു ആനയായ ചക്കക്കൊമ്പനെയും നാട്ടുകാര്‍ കണ്ടെത്തി. ദൗത്യസംഘം പടക്കമെറിഞ്ഞു ചക്കക്കൊമ്പനെ ദൂരേക്കു മാറ്റി. 11.57 ന് അരിക്കൊമ്പന് ആദ്യ മയക്കുവെടി നല്‍കി. തുടര്‍ന്നു കൃത്യമായ സമയങ്ങളില്‍ നാലു ബൂസ്റ്റര്‍ ഡോസുകള്‍ കൂടി നല്‍കി. പിന്നീടു കുങ്കിയാനകളെയിറക്കി അരിക്കൊമ്പനു ചുറ്റും ദൗത്യസംഘം നിലയുറപ്പിച്ചു.
ഉച്ചയ്ക്കുശേഷം മയക്കത്തിലായ ആനയുടെ കാലുകളില്‍ കുരുക്കിടാന്‍ സംഘം ശ്രമം ആരംഭിച്ചു. എന്നാല്‍, അര്‍ദ്ധമയക്കത്തിലും കാലില്‍ കുരുങ്ങിയ വടം കുടഞ്ഞെറിഞ്ഞു. മൂന്നുമണിയോടെ കാലുകളില്‍ കയര്‍ കുരുക്കി ആനയെ പൂര്‍ണനിയന്ത്രണത്തിലാക്കി. മണ്ണുമാന്തി യന്ത്രങ്ങളെത്തിച്ച് വഴിവെട്ടിയ ശേഷമാണ് ലോറി അരിക്കൊമ്പന്റെ അടുത്തെത്തിച്ചത്. ശക്തമായ മഴയിലും കുങ്കിയാനകളെ ഉപയോഗിച്ച് ലോറിയില്‍ കയറ്റാനുള്ള ശ്രമങ്ങള്‍ നടന്നുവെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് അഞ്ചാമത്തെ ബൂസ്റ്റര്‍ ഡോസ് കൂടി നല്‍ി. ശേഷം അഞ്ചുമണിയോടെ അരിക്കൊമ്പനെ ലോറിയില്‍ കയറ്റി. തുടര്‍ന്ന് സാറ്റലൈറ്റ് കോളറും ഘടിപ്പിച്ചു. ആറുമണിയോടെ ഒട്ടേറെ വാഹനങ്ങളുടെ അകമ്പടിയോടെ പെരിയാറിലേക്കു കൊണ്ടുപോയി.
മിഷന്‍ അരിക്കൊമ്പന്‍
ചിന്നക്കനാല്‍ മേഖലയില്‍ ജനജീവിതം ആശങ്കയിലാക്കിയ ആനയാണ് അരിക്കൊമ്പന്‍. റേഷന്‍ ഡിപ്പോയില്‍ നിന്നും കടകളില്‍ നിന്നും അരി തിന്നുന്നതിന്റെ പേരിലാണ് അരിക്കൊമ്പന്‍ എന്ന വിളിപ്പേര് വന്നത്. ശാന്തന്‍പാറ, ചിന്നക്കനാല്‍ മേഖലയില്‍ ആളുകള്‍ അരിക്കൊമ്പന്റെ അക്രമണത്തിന് ഇരയായിട്ടുണ്ട്.
ആനയെ മയക്കുവെടി വച്ച് പിടികൂടാന്‍ വനം വകുപ്പ് മാര്‍ച്ചില്‍ തീരുമാനിച്ചിരുന്നു. ഇതിനെ എതിര്‍ത്തു കൊണ്ടാണ് മൃഗസംരക്ഷണ സംഘടന കൊടുത്ത ഹര്‍ജിയില്‍ പ്രത്യേക സിറ്റിങ്ങ് നടത്തിയ കോടതി വനം വകുപ്പിന്റെ ദൗത്യത്തിന് സ്റ്റേ നല്‍കിയത്. മാര്‍ച്ച് 29-ാം തീയതി വരെ മയക്കുവെടി വയ്ക്കാന്‍ പാടില്ലെന്നും ആനയെ ട്രാക്കു ചെയ്യാമെന്നുമാണ് കോടതി ഉത്തരവില്‍ പറഞ്ഞിരുന്നത്.
ആനയെ പിടികൂടാനായി 71 പേരടങ്ങുന്ന 11 ടീമുകള്‍ കുങ്കിയാനകളുടെ സഹായത്തോടെ അരിക്കൊമ്പനെ കോടനാട് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിച്ചത്. കോടതി ഉത്തരവില്‍ നാട്ടുകാരും ജനപ്രതിനിധികളും അസംതൃപ്തി പ്രകടിപ്പിക്കുകയും ചിന്നക്കനാല്‍ ശാന്തന്‍പാറ നിവാസികള്‍ അരിക്കൊമ്പനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുകയും ചെയ്തു. മാര്‍ച്ച് 29 ന് അരിക്കൊമ്പനെ പിടികൂടി കൂട്ടിലടയ്ക്കുന്നത് ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് കോടതി പരാമര്‍ശിച്ചു. അരിക്കൊമ്പന്റെ സഞ്ചാരം മൂലം പ്രയാസം നേരിടുന്ന 301 കോളനിയിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്നതാണ് ശാശ്വത പരിഹാരമെന്നും ആനയുടെ ആവാസമേഖലയിലേക്ക് ആദിവാസികളെ എങ്ങനെ മാറ്റിപ്പാര്‍പ്പിച്ചുവെന്നും കോടതി ചോദിച്ചു.
അരിക്കൊമ്പന്റെ ആക്രമണം തടയാന്‍ അടിയന്തിരമായി ചെയ്യേണ്ടത് പിടികൂടി കൂട്ടിലടയ്ക്കുക എന്നതാണെന്ന് വനംവകുപ്പ് വാദിച്ചു. വനംവകുപ്പിനു വേണ്ടി അഡീഷണല്‍ എ.ജി അശോക് എം ചെറിയാനായിരുന്നു ഹാജരായത്. ആനയെ പിടികൂടി റേഡിയോ കോളര്‍ ധരിപ്പിച്ച് ഉള്‍വനത്തിലേക്ക് മാറ്റുന്നത് പ്രായോഗികമല്ലെന്നും വനംവകുപ്പ് കോടതിയില്‍ അന്ന് വ്യക്തമാക്കി. കാട്ടാനയെ പ്രദേശത്ത് നിന്ന് മാറ്റിയാല്‍ പ്രശ്നം തീരുമോ എന്ന് ചോദിച്ച കോടതി ആനയെ മാറ്റുന്നതിന് പകരം ജനങ്ങളെ പുനഃരധിവസിപ്പിക്കുന്നതാണ് നല്ലതെന്ന് പരാമര്‍ശിച്ചു. വിഷയത്തില്‍ ശാശ്വത പരിഹാരം ആവശ്യമാണെന്നും അഞ്ചംഗ വിദഗ്ധ സമിതിയെ വച്ച് തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചു. പിന്നീട് വിഷയത്തില്‍ വിദഗ്ധ സമിതിയുടെ ശുപാര്‍ശ പരിഗണിച്ചാണ് അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടിയശേഷം പറമ്പിക്കുളം വനമേഖലയിലേക്ക് മാറ്റാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്.