Representational Image: wiki commons
അരിക്കൊമ്പനെ മാറ്റിയാൽ പ്രശ്നം തീരുമോ? ശാശ്വത പരിഹാരം വേണമെന്ന് ഹൈക്കോടതി
മൂന്നാർ വനമേഖലയിൽ ഭീഷണിയായി മാറിയ കൊമ്പനെ മയക്കുവെടി വെക്കാനുള്ള മിഷൻ അരിക്കൊമ്പൻ ദൗത്യം ഇനിയും നീളും. അരിക്കൊമ്പനെ പിടികൂടി കൂട്ടിലടയ്ക്കുന്നത് ഇപ്പോൾ പരിഗണിക്കാനാവില്ലെന്ന് കോടതി പരാമർശിച്ചു. അരിക്കൊമ്പന്റെ സഞ്ചാരം മൂലം പ്രയാസം നേരിടുന്ന 301 കോളനിയിലുള്ളവരെ മാറ്റിപ്പാർപ്പിക്കുന്നതാണ് ശാശ്വത പരിഹാരമെന്ന് കോടതി നിരീക്ഷിച്ചു. ആനയുടെ ആവാസമേഖലയിലേയ്ക്ക് ആദിവാസികളെ എങ്ങനെ മാറ്റിപ്പാർപ്പിച്ചുവെന്നും കോടതി ചോദിച്ചു.
അരിക്കൊമ്പന്റെ ആക്രമണം തടയാൻ അടിയന്തിരമായി ചെയ്യേണ്ടത് പിടികൂടി കൂട്ടിലടയ്ക്കുക എന്നതാണെന്ന് വനംവകുപ്പ് വാദിച്ചു. വനംവകുപ്പിന് വേണ്ടി അഡീഷണൽ എ.ജി അശോക് എം ചെറിയാൻ ഹാജരായി. ആനയെ പിടികൂടി റേഡിയോ കോളർ ധരിപ്പിച്ച് ഉൾവനത്തിലേയ്ക്ക് മാറ്റുന്നത് പ്രായോഗികമല്ലെന്നും വനംവകുപ്പ് കോടതിയിൽ വ്യക്തമാക്കി.
കാട്ടാനയെ പ്രദേശത്ത് നിന്ന് മാറ്റിയാൽ പ്രശ്നം തീരുമോ എന്ന് ചോദിച്ച കോടതി ആനയെ മാറ്റുന്നതിന് പകരം ജനങ്ങളെ പുനരധിവസിപ്പിക്കുന്നതാണ് നല്ലതെന്ന് പരാമർശിച്ചു. വിഷയത്തിൽ ശാശ്വത പരിഹാരം ആവശ്യമാണെന്നും അഞ്ചംഗ വിദഗ്ധ സമിതിയെ വെച്ച് തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചു.