TMJ
searchnav-menu
post-thumbnail

TMJ Daily

രാജ്യങ്ങൾക്കിടയിൽ അവിശ്വാസം വളരരുത്; ന്യൂയോർക്ക് കാലാവസ്ഥാ ഉച്ചകോടിയിൽ മുന്നറിയിപ്പ് നൽകി നേതാക്കൾ

23 Sep 2024   |   2 min Read
TMJ News Desk

രാജ്യങ്ങൾക്കിടയിൽ അവിശ്വാസം വളരരുത് എന്ന മുന്നറിയിപ്പുമായി ന്യൂയോർക്ക് കാലാവസ്ഥാ ഉച്ചകോടി. യുഎൻ അസംബ്ലിയ്ക്ക് മുന്നോടിയായി സംഘടിച്ച ഭാവിയ്ക്ക് വേണ്ടിയുള്ള ഉച്ചകോടിയിലാണ് നേതാക്കൾ ഈ മുന്നറിയിപ്പ് നൽകിയത്. കാലാവസ്ഥാ ദുരന്തങ്ങൾ വർദ്ധിക്കുന്നതിനാലാണ് രാജ്യങ്ങൾക്കിടയിൽ അവിശ്വാസങ്ങൾ വളരുന്നതിനെക്കുറിച്ച് നേതാക്കൾ മുന്നറിയിപ്പ് നൽകുന്നത്. രാഷ്ട്രങ്ങൾ തമ്മിലുള്ള സഹകരണം ഉറപ്പാക്കുന്നതിനും വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള "ഭാവിയ്ക്കുള്ള ഉടമ്പടി" അംഗീകരിച്ചു. കൂടുതൽ കാലാവസ്ഥാ ധനസഹായം(കാലാവസ്ഥാ വ്യതിയാനം പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന സാമ്പത്തിക സ്രോതസ്സുകളെയും ഉപകരണങ്ങളെയും കാലാവസ്ഥാ ധനകാര്യം സൂചിപ്പിക്കുന്നു. ഇത് പൊതു, സ്വകാര്യ, അല്ലെങ്കിൽ ഇതര ഉറവിടങ്ങളിൽ നിന്ന് വരാം, പ്രാദേശികമോ ദേശീയമോ രാജ്യാന്തരമോ ആകാം.) അടിയന്തിരമായി ലഭ്യമാക്കണമെന്ന് ഉച്ചകോടിയിൽ പങ്കെടുത്ത പലരാജ്യങ്ങളും ആവശ്യപ്പെട്ടു.

പ്രശ്നപരിഹാരത്തിനായുള്ള നമ്മുടെ കഴിവിനേക്കാൾ വേഗത്തിലാണ് ആഗോളതലത്തിൽ നിലനിൽക്കുന്ന പല വെല്ലുവിളികളും നീങ്ങുന്നതെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഉച്ചകോടിയെ അഭിസംബോധന ചെയ്യവേ അഭിപ്രായപ്പെട്ടു. വിവരസാങ്കേതിക വിദ്യ കാലാവസ്ഥയെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ കൈമാറുന്നത് രാജ്യങ്ങൾ തമ്മിലുള്ള അവിശ്വാസത്തിന് കാരണമാകുന്നു. ഇത് പ്രതിസന്ധികൾ എങ്ങനെയാണ് പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതെന്ന് വ്യക്തമാക്കുന്നു.

ആഗോളസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ ഒരു പുനഃസജ്ജീകരണം നടത്തേണ്ടത് അതാവശ്യമാണ്, ഇത്തരം അഴിച്ചുപണികൾ ആവശ്യക്കാർക്ക് അവശ്യഘട്ടങ്ങളിൽ സേവനങ്ങൾ ഉറപ്പാക്കാൻ സഹായകമായേക്കാമെന്ന് ബാർബഡോസ് പ്രധാനമന്ത്രി മിയ മോട്ടിലി അഭിപ്രായപ്പെട്ടു.

ഭരണസംവിധാനങ്ങളിലെ ദുരവസ്ഥയും, ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിലുള്ള അവിശ്വാസവും ലോകമെമ്പാടും സാമൂഹിക അന്യവൽക്കരണം വർദ്ധിപ്പിച്ചുകൊണ്ടിരിക്കും ഒരു പുതിയ ലോകം രൂപപ്പെടുത്താൻ കഴിയുന്ന ജനതയെ കണ്ടെത്തേണ്ടതുണ്ട്," എന്നും മോട്ടിലി പറഞ്ഞു.

കാലാവസ്ഥാ വാരം ഏകോപിപ്പിക്കുന്ന ക്ലൈമറ്റ് ഗ്രൂപ്പ്, ഈ ആഴ്ച നഗരത്തിലുടനീളം കാലാവസ്ഥയുമായി ബന്ധപ്പെട്ട 900 പരിപാടികളാണ്  ആസൂത്രണം ചെയ്തിരിക്കുന്നത്. ബഹുരാഷ്ട്ര കോർപ്പറേഷനുകളും, രാജ്യാനന്തര നോൺ പ്രോഫിറ്റ് സംഘടനകളും, സർക്കാർ സംവിധാനങ്ങളും, ആക്ടിവിസ്റ്റുകളും ഇതിൽ പങ്കെടുക്കും.

യുഎൻ ജനറൽ അസംബ്ലിയ്ക്ക് മുന്നോടിയായി നടക്കുന്ന കാലാവസ്ഥ ഉച്ചകോടികളും ക്ലൈമറ്റ് വീക്കും ഉഷ്ണതരംഗങ്ങളെക്കുറിച്ചും കൊടുങ്കാറ്റിനെക്കുറിച്ചും കൂടുതൽ ഗൗരവത്തോടെ ചിന്തിക്കാൻ ഓർമ്മിപ്പിക്കുന്നു.

ഫോസിൽ ഇന്ധന ഉപയോഗത്തിൽ നിന്ന് മാറാനുള്ള പ്രതിജ്ഞാബദ്ധത സ്ഥിരീകരിക്കുന്നതിന് ദുബായിൽ കഴിഞ്ഞ വർഷം നടന്ന COP28 ഉച്ചകോടി സമയത്തെ സ്ഥിതിയിൽ നിന്നും കൂടുതലൊന്നും മുന്നോട്ട് പോയില്ലെന്ന് കാലാവസ്ഥാ ചർച്ചകളിലെ ചില നിരീക്ഷകർ അഭിപ്രായപ്പെട്ടു. മലിനീകരണത്തിന് കാരണമാകുന്ന ഇന്ധനങ്ങളുടെ ഉപയോഗം നിയന്ത്രിക്കേണ്ടതിലെ ആവശ്യകതയിൽ രാജ്യങ്ങൾ വിമുഖത കാണിക്കുന്നുവെന്ന് കാലാവസ്ഥാ തിങ്ക് ടാങ്ക് E3G യിലെ മുതിർന്ന അസോസിയേറ്റ് ആൽഡൻ മേയർ പറഞ്ഞു.

കാലാവസ്ഥാ അജണ്ട കൂടുതൽ അടിയന്തിര വെല്ലുവിളികളായി മാറുന്നു. അസർബൈജാനിലെ ബാക്കുവിൽ നടക്കുന്ന യുഎന്നിൻ്റെ COP29 കാലാവസ്ഥാ ഉച്ചകോടിക്ക് ഇനി രണ്ട് മാസം മാത്രമാണ് ബാക്കിയുള്ളത്. 2025-ൽ ലക്ഷ്യം പൂർത്തിയാക്കുന്ന 100 ബില്യൺ ഡോളറിൻ്റെ ലക്ഷ്യത്തിന് പകരമായി പുതിയ ആഗോള സാമ്പത്തിക ലക്ഷ്യം അംഗീകരിക്കുന്നതിനും കുറച്ച് സമയമാണ് ബാക്കിയുണ്ടാവുക.

ചില യുഎൻ ഏജൻസികൾ വാർഷിക ധനസഹായം ട്രില്യൺ നിരക്കിൽ കണക്കാക്കുന്നതിനാൽ, കാലാവസ്ഥാ ധനസഹായം വർദ്ധിപ്പിക്കുന്നതിനായി മറ്റു വഴികൾ നോക്കേണ്ടി വരുന്നു. ലോകബാങ്കും മറ്റ് ബഹുമുഖ വികസന ബാങ്കുകളും ഈ വർഷം പരിഷ്‌കരണ പ്രക്രിയകൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഇത് കൂടുതൽ ഫണ്ടിംഗ് ലഭ്യമാക്കുന്നതിനോ അല്ലെങ്കിൽ കാലാവസ്ഥാ സംബന്ധമായ കൂടുതൽ വെല്ലുവിളികൾ ഏറ്റെടുക്കുന്നതിനോ  അവരെ നിർബന്ധിതരാക്കുന്നു.

ബാർബഡോസ്, ഫ്രാൻസ്, കെനിയ എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിലുള്ള ഒരു സംരംഭത്തിന് കീഴിൽ, സാമ്പത്തിക ഇടപാട് നികുതി അല്ലെങ്കിൽ ഷിപ്പിംഗ് ടാക്‌സ് പോലുള്ള കാലാവസ്ഥാ ധനകാര്യത്തിനായി പണമടയ്ക്കാൻ സഹായിക്കുന്നതിന് പുതിയ ആഗോള നികുതികൾ ചുമത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നുണ്ട്.

ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിൽ ചിലത് ഇപ്പോൾ ഫോസിൽ ഇന്ധനം മൂലമുണ്ടാകുന്ന ദുരന്തങ്ങളും വർദ്ധിച്ച കടബാധ്യതയും നേരിടുന്നുണ്ടെന്ന് കോമൺവെൽത്ത് സെക്രട്ടറി ജനറൽ പട്രീഷ്യ സ്കോട്ട്‌ലാൻഡ് അഭിപ്രായപ്പെട്ടു.


#Daily
Leave a comment