PHOTO: PTI
മിസോറാമും ഛത്തീസ്ഗഡും വിധിയെഴുതുന്നു
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് തുടക്കം കുറിച്ചുകൊണ്ട് മിസോറാമിലും ഛത്തീസ്ഗഡിലും വോട്ടെടുപ്പ് തുടങ്ങി. മിസോറാമില്‍ 40 സീറ്റുകളിലേക്ക് ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഛത്തീസ്ഗഡില്‍ 90 സീറ്റുകളിലേക്ക് രണ്ടുഘട്ടമായാണ് വോട്ടെടുപ്പ്. 90 മണ്ഡലങ്ങളില്‍ 20 എണ്ണത്തിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. 70 മണ്ഡലങ്ങളിലേക്ക് നവംബര്‍ 17 ന് വോട്ടെടുപ്പ് നടക്കും.
മാവോയിസ്റ്റ് ആക്രമണം
ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് സ്വാധീന മേഖലകളായ ബസ്തര്‍, ദന്തേവാഡ, സുക്മ, ബീജാപൂര്‍, കാങ്കീര്‍, രാജ്‌നന്ദഗാവ് നാരായണ്‍പൂര്‍ തുടങ്ങിയ ജില്ലകളിലെ മണ്ഡലങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ്. കനത്ത സുരക്ഷയാണ് ഈ മേഖലകളില്‍ ഒരുക്കിയിരിക്കുന്നത്. പ്രശ്‌നബാധിതമായ 600 പോളിങ് ബൂത്തുകളില്‍ ത്രിതല സുരക്ഷ ഒരുക്കിയിട്ടുണ്ട്. അര്‍ദ്ധ സൈനികവിഭാഗങ്ങളെയും സംസ്ഥാന പൊലീസിനെയും ജില്ലകളില്‍ വിന്യസിച്ചിട്ടുണ്ട്. എന്നാല്‍ സുക്മയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ മാവോയിസ്റ്റുകള്‍ നടത്തിയ സ്‌ഫോടനത്തില്‍ ഒരു സിആര്‍പിഎഫ് ജവാന് പരുക്കേറ്റു. ഐഇഡി സ്‌ഫോടനമാണ് ഉണ്ടായത്. ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന 20 മണ്ഡലങ്ങളില്‍ 19 എണ്ണം കോണ്‍ഗ്രസ് സിറ്റിങ് സീറ്റാണ്. 10 മണ്ഡലങ്ങളില്‍ രാവിലെ ഏഴുമുതല്‍ വൈകിട്ട് മൂന്നുവരെയും ബാക്കിയുള്ളവയില്‍ രാവിലെ എട്ടുമുതല്‍ വൈകിട്ട് അഞ്ചുവരെയുമാണ് പോളിങ് നടക്കുക. തെരഞ്ഞെടുപ്പ് അട്ടിമറിക്കും എന്ന ഭീഷണി നിലനില്‍ക്കെയാണ് വോട്ടെടുപ്പ് നടക്കുന്നത്. ഛത്തീസ്ഗഡില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പിന് 5,304 പോളിങ് സ്‌റ്റേഷനുകളാണ് ഒരുക്കിയത്. ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന 20 മണ്ഡലങ്ങളിലുമായി 40.78 ലക്ഷം വോട്ടര്‍മാരാണ് ഉള്ളത്. 223 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് ഇവിടെ പോരാട്ടം. കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ബിജെപി നഷ്ടപ്പെട്ട ഭരണം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്.
മണിപ്പൂര്‍ മിസോറാമിനെ ബാധിക്കുമോ?
മണിപ്പൂര്‍ കലാപം മിസോറാമിലെ തെരഞ്ഞെടുപ്പിനെ ബാധിക്കും എന്ന വിലയിരുത്തലുകള്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ തുടര്‍ന്ന് ഉയര്‍ന്നു വന്നതാണ്. മിസോറാമില്‍ 40 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്. 8,51,895 വോട്ടര്‍മാരാണ് ഉള്ളത്. 1,276 പോളിങ് സ്‌റ്റേഷനുകളാണ് മിസോറാമില്‍ ഒരുക്കിയിട്ടുള്ളത്. എന്‍ഡിഎയുടെ സഖ്യകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടാണ് നിലവില്‍ സംസ്ഥാനം ഭരിക്കുന്നത്. സോറം പീപ്പിള്‍സ് മൂവ്‌മെന്റ് ആണ് പ്രധാന എതിരാളി.