
എന്റെ ഉത്തരവാദിത്തം തീര്‍ന്നെന്ന് എംഎല്‍എ പി വി അന്‍വര്‍
മുഖ്യമന്ത്രിയെ കാണുകയും വിശദമായ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുകയും പ്രധാന കാര്യങ്ങള്‍ എഴുതികൊടുക്കുകയും ചെയ്തതായി പി വി അന്‍വര്‍ എംഎല്‍എ. മുഖ്യമന്ത്രിയെ കണ്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അന്‍വര്‍. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദനും നല്‍കുമെന്ന് അന്‍വര്‍ പറഞ്ഞു. ഇതോടെ തന്റെ ഉത്തരവാദിത്തം തീരുന്നുവെന്നും ബാക്കിയെല്ലാം സര്‍ക്കാരും പാര്‍ട്ടിയും തീരുമാനിക്കട്ടെ എന്നും അന്‍വര്‍ പ്രതികരിച്ചു.
എ.ഡി.ജി.പി എം.ആര്‍.അജിത്ത് കുമാറിനെ മാറ്റിനിര്‍ത്താതെയുള്ള അന്വേഷണത്തില്‍ തൃപ്തനാണോ എന്ന ചോദ്യത്തിന്, അതെല്ലാം പാര്‍ട്ടിയും സര്‍ക്കാരും തീരുമാനിക്കട്ടെ എന്നായിരുന്നു അന്‍വര്‍ മറുപടി നല്‍കിയത്. അജിത്ത് കുമാറിനെ മാറ്റിനിര്‍ത്തണമെന്ന് പറയുന്ന ആളല്ല താനെന്നും അദ്ദേഹം പറഞ്ഞു.
ഒരു സഖാവ് എന്ന നിലയ്ക്ക് കാര്യങ്ങള്‍ ചൂണ്ടിക്കാട്ടേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്നും ഇനി ഇത് എങ്ങനെ പോകണമെന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയും മുഖ്യമന്ത്രിയുമാണെന്നും അന്‍വര്‍ എംഎല്‍എ പ്രതികരിച്ചു. ഉത്തരവാദിത്വബോധത്തോടെ അന്വേഷണത്തിനുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഒരുക്കുമെന്നാണ് ഒരു സഖാവ് എന്ന നിലയില്‍ വിശ്വസിക്കുന്നത്. ഇനിയെല്ലാം കാത്തിരുന്ന് കാണാമെന്നും അദ്ധേഹം പറഞ്ഞു.