PHOTO: FACEBOOK
കിര്‍ഗിസ്ഥാനില്‍ ആള്‍ക്കൂട്ട ആക്രമണം: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ്
വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ കിര്‍ഗിസ്ഥാനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മുന്നറിയിപ്പ്. കിര്‍ഗിസ്ഥാന്റെ തലസ്ഥാനമായ ബിഷ്‌കെക്കില്‍ നിലവില്‍ സമാധാന അന്തരീക്ഷമാണെങ്കിലും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വീടിനുള്ളില്‍ തന്നെ കഴിയണമെന്ന് കിര്‍ഗിസ്ഥാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
ഇന്ത്യന്‍ എംബസിയുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കാന്‍ വിദ്യാര്‍ത്ഥികളോട് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ നിര്‍ദേശിച്ചു. അതേസമയം ആക്രമണത്തില്‍ മൂന്ന് പാക് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടുവെന്നും ബലാത്സംഗത്തിന് ഇരയായതായും സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്ററുകള്‍ വന്നിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
മെയ് 13 ന് കിര്‍ഗിസ്ഥാനിലെയും ഈജിപ്തിലെയും വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ വീഡിയോകള്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിദേശ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ ശക്തമായത്. കഴിഞ്ഞദിവസം ഏതാനും പാകിസ്ഥാന്‍ വിദ്യാര്‍ത്ഥികള്‍ക്കും പരുക്കേറ്റിരുന്നു.
ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ബിഷ്‌കെക്കിലെ മെഡിക്കല്‍ സര്‍വകലാശാലകളുടെ ഹോസ്റ്റലുകള്‍ക്ക് നേരെ ആക്രമണം നടന്നതായി പാക് എംബസി അറിയിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 14,500 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് കിര്‍ഗിസ്ഥാനില്‍ ഉള്ളത്. പാകിസ്ഥാനില്‍ നിന്നുള്ള 10,000 വിദ്യാര്‍ത്ഥികളുമുണ്ട്. കൂടുതല്‍ പേരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ്.