
ഇന്ന് കോവിഡ് മോക് ഡ്രില്‍ നടത്തും
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇന്ന് രാജ്യത്ത് മോക്ക് ഡ്രില്ലുകള്‍ നടത്തും. രോഗ പ്രതിരോധ മുന്നൊരുക്കങ്ങള്‍ക്കായിട്ടാണ് മോക്ക് ഡ്രില്ലുകള്‍ നടത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയത്.
ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളും സജ്ജീകരണങ്ങളും ആരോഗ്യ അടിയന്തരാവസ്ഥ കൈകാര്യം ചെയ്യാന്‍ പ്രാപ്തമാണോയെന്ന് വിലയിരുത്താനാണ് മോക് ഡ്രില്‍ നടത്തുന്നത്.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 300 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഏഴ് പേര്‍ മരിക്കുകയും ചെയ്തു. ആകെ രോഗികളുടെ എണ്ണം 4,302 ആയി. ഇതുവരെ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 37 ആയി.
ഏറ്റവും കൂടുതല്‍ സജീവ രോഗികളുള്ളത് കേരളത്തിലാണ്. 1,373 പേര്‍. മഹാരാഷ്ട്രയില്‍ 494 പേരും ഗുജറാത്തില്‍ 397 പേരും ഡല്‍ഹിയില്‍ 393 പേരും ചികിത്സയിലുണ്ട്.
രാജ്യത്തെ കൊറോണ 19 സാഹചര്യം വിലയിരുത്താന്‍ സാങ്കേതിക സമിതി യോഗം ചേര്‍ന്നു. ഓക്‌സിജന്‍, ഐസോലേഷന്‍ കിടക്കകള്‍, വെന്റിലേറ്ററുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കണമെന്ന് യോഗം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.


