
യുഎൻ സമ്മേളനത്തിൽ മോഡി പങ്കെടുക്കില്ല
ഐക്യരാഷ്ട്ര സഭയുടെ പൊതുസഭാ (യുഎൻ ജനറൽ അസംബ്ലി) സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കില്ല. സെപ്റ്റംബർ 27ന് നടക്കുന്ന യുഎൻജിഎയുടെ പൊതുചർച്ചയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് വിദേശകാര്യ മന്ത്രി എസ് ജയശങ്കറായിരിക്കും.
ഇന്ത്യ-അമേരിക്ക ബന്ധത്തിൽ അടുത്തിടെ ഉണ്ടായ ഉലച്ചിലിന്റെ പശ്ചാത്തലത്തിൽ യുഎൻ ജനറൽ അസംബ്ലി യോഗത്തിൽ പങ്കെടുക്കാൻ ന്യൂയോർക്കിൽ എത്തുന്ന പ്രധാനമന്ത്രി മോഡി അമേരിക്കൻ നേതാക്കളുമായി അനൗപചാരിക കൂടിക്കാഴ്ച്ചകൾ നടത്തുമെന്ന സൂചനകൾ നേരത്തെ ഉണ്ടായിരുന്നു. എന്നാൽ യോഗത്തിൽ പങ്കെടുക്കുന്ന പ്രഭാഷകരുടെ താൽക്കാലിക പട്ടികയിൽ മോഡിയുടെ പേരില്ല. സെപ്റ്റംബർ 5നാണ് പ്രഭാഷകരുടെ താൽക്കാലിക പട്ടിക പുറത്തിറക്കിയത്.
പ്രധാനമന്ത്രി മോഡി അവസാനമായി യുഎൻജിഎയിൽ പങ്കെടുത്തത് 2021ലാണ്. അത് യുഎൻ പൊതുസഭയുടെ 76-ാമത് സെഷനായിരുന്നു. കഴിഞ്ഞ വർഷം മോഡി യുഎൻ ആസ്ഥാനത്ത് പോയിരുന്നു, പക്ഷേ പൊതുചർച്ചയ്ക്ക് ആയിരുന്നില്ല. പൊതുചർച്ച ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പ്, യുഎൻജിഎയുടെ "സമ്മിറ്റ് ഓഫ് ദി ഫ്യൂച്ചർ" പരിപാടിയിലാണ് അദ്ദേഹം സംസാരിച്ചത്. 2022 മുതൽ യുഎൻജിഎയുടെ പൊതുചർച്ചയിൽ ജയശങ്കർ ഇന്ത്യയെ പ്രതിനിധീകരിച്ച് വരുന്നു.
പ്രധാനമന്ത്രി എന്ന നിലയിൽ 11 വർഷത്തെ ഭരണകാലത്ത്, മോഡി യുഎൻജിഎയുടെ പൊതുചർച്ചയിൽ നാല് തവണ സംസാരിച്ചു - 2019, 2020, 2021, 2014 വർഷങ്ങളിൽ. മറ്റ് എല്ലാ വർഷങ്ങളിലും, അതാതു സമയങ്ങളിലെ വിദേശകാര്യ മന്ത്രിമാർ പൊതുചർച്ചയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.
മോഡി ഉടൻ അമേരിക്ക സന്ദർശിക്കില്ലെങ്കിലും, ഈ വർഷം അവസാനം നടക്കുന്ന ക്വാഡ് ഉച്ചകോടിക്കായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശനം ഇന്ത്യ പ്രതീക്ഷിക്കുന്നു. ഇതിനായി ട്രംപ് ഈ ജൂണിൽ മോഡിയുടെ ക്ഷണം സ്വീകരിച്ചിരുന്നു. എന്നിരുന്നാലും, ഇന്ത്യയ്ക്ക് ചുമത്തിയ 50 ശതമാനം താരിഫ് സംബന്ധിച്ച വിഷയത്തിൽ അമേരിക്കയും, ഇന്ത്യയും തമ്മിലുള്ള സംഘർഷം കണക്കിലെടുത്ത്, ട്രംപ് ആ സന്ദർശനത്തെക്കുറിച്ചുള്ള ആശയം ഉപേക്ഷിച്ചതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് അവകാശപ്പെട്ടു.
ഈ വർഷം ക്വാഡ് ഉച്ചകോടിക്കായി ട്രംപ് ഇന്ത്യ സന്ദർശിക്കുമോ എന്ന് ചോദിച്ചപ്പോൾ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് സിഎൻഎൻ-ന്യൂസ് 18നോട് അക്കാര്യത്തിൽ വൈറ്റ് ഹൗസുമായി ബന്ധപ്പെടാൻ പറഞ്ഞു.


