
ഡാറ്റ സംരക്ഷണത്തിന്റെ പേരില്‍ മോഡി സര്‍ക്കാര്‍ വിവരാവകാശ നിയമത്തെ ദുര്‍ബലപ്പെടുത്തുന്നു: മല്ലികാര്‍ജുന്‍ ഖാര്‍ഗെ
ഡാറ്റ സംരക്ഷണത്തിന്റെ പേരില്‍ മോഡി സര്‍ക്കാര്‍ വിവരാവകാശ നിയമത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. തന്റെ പാര്‍ട്ടി ജനങ്ങളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതിനായി ഏകാധിപത്യ ഭരണകൂടത്തിനെതിരായ പോരാട്ടം തുടരുമെന്നും ഖാര്‍ഗെ പറഞ്ഞു.
വിവരാവകാശ നിയമത്തെ ദുര്‍ബലപ്പെടുത്താന്‍ കോണ്‍ഗ്രസ് സമ്മതിക്കുകയില്ലെന്നും തെരുവ് മുതല്‍ പാര്‍ലമെന്റ് വരെ ശബ്ദമുയര്‍ത്തുമെന്നും ഖാര്‍ഗെ പറഞ്ഞു.
ഒരുവശത്ത്, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തെറ്റായ കാര്യങ്ങളുടേയും തെറ്റിദ്ധാരണ ഉണ്ടാക്കുന്ന കാര്യങ്ങളുടേയും കാര്യത്തില്‍ ഇന്ത്യ മുന്നിലാണെന്നും മറുവശത്ത് കോണ്‍ഗ്രസ്-യുപിഎ നടപ്പിലാക്കിയ വിവരാവകാശ നിയമത്തെ മോഡി സര്‍ക്കാര്‍ ദുര്‍ബലമാക്കുകയും ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ എക്‌സില്‍ പോസ്റ്റ് ചെയ്തു.
റേഷന്‍ കാര്‍ഡുകളുടെ പട്ടിക, എംജിഎന്‍ആര്‍ഇജിഎ ഗുണഭോക്താക്കളുടെ പട്ടിക, ക്ഷേമ പദ്ധതികള്‍ ലഭിക്കുന്നവരുടെ പട്ടിക, തിരഞ്ഞെടുപ്പിലെ വോട്ടര്‍മാരുടെ പട്ടിക, അല്ലെങ്കില്‍ പൊതുമേഖലാ ബാങ്കുകളില്‍ നിന്നും വായ്പയെടുത്തശേഷം രാജ്യം വിട്ട തട്ടിപ്പുകാരായ കോടീശരന്‍മാരുടെ പേരുകള്‍ ആകട്ടെ ഇവയെല്ലാം പരസ്യമാകേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഡാറ്റ സംരക്ഷണത്തിന്റെ പേരില്‍ ആര്‍ടിഐയെ മോഡി സര്‍ക്കാര്‍ ദുര്‍ബലപ്പെടുത്തുന്നു. അതുകാരണം അത്തരം പേരുകള്‍ പരസ്യമാക്കപ്പെടുന്നില്ലെന്നും ഖാര്‍ഗെ പറഞ്ഞു.
സ്വകാര്യതയുടെ അവകാശം മൗലികാവകാശമാണ്. കോണ്‍ഗ്രസ് അതിനുവേണ്ടി പോരാടിയിരുന്നു. എന്നാല്‍, പൊതുക്ഷേമത്തിന്റെ കാര്യത്തില്‍ വിവരാവകാശം അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് നടപ്പിലാക്കിയ ആര്‍ടിഐയില്‍ സ്വകാര്യതയ്ക്കുള്ള അവകാശവും സംരക്ഷിക്കപ്പെട്ടിരുന്നുവെന്നും അതിനര്‍ത്ഥം ഗുണഭോക്താക്കളുടെ അല്ലെങ്കില്‍ തട്ടിപ്പുക്കാരുടെ പേരുകള്‍ പരസ്യമാക്കരുതെന്നല്ലെന്നും ഖാര്‍ഗെ പറയുന്നു.
കോണ്‍ഗ്രസ് പാര്‍ട്ടി ആര്‍ടിഐയെ ദുര്‍ബലമാക്കുകയില്ലെന്നും അതിനായി തങ്ങളുടെ ശബ്ദം മുമ്പും ഉയര്‍ത്തിയിരുന്നുവെന്നും തെരുവ് മുതല്‍ പാര്‍ലമെന്റ് വരെ തങ്ങളുടെ ശബ്ദം ഉയര്‍ത്തുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി ഈ ഏകാധിപത്യ ഭരണത്തിനെതിരെയുള്ള പോരാട്ടം തുടരുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.