
മോഡി നെഹ്‌റുവിനെ അധിക്ഷേപിക്കുന്നത് സ്വന്തം പരാജയങ്ങളില്‍ നിന്നും ശ്രദ്ധ മാറ്റാന്‍: കോണ്‍ഗ്രസ്
ആധുനിക ഇന്ത്യയുടെ ശില്‍പിയായ ജവഹര്‍ലാല്‍ നെഹ്‌റുവിനെ പതിവായി അധിക്ഷേപിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നിലപാടിനെതിരെ കോണ്‍ഗ്രസ്. മോശം ജനാധിപത്യ ഭരണമാണ് മോഡിയുടെ മാതൃകയെന്ന് കോണ്‍ഗ്രസ് പറഞ്ഞു. മോഡിയുടെ സ്വന്തം പരാജയങ്ങളില്‍ നിന്നും അദ്ദേഹം മൗനം പാലിക്കുന്നതും നിലവിലെ വെല്ലുവിളികളില്‍ നിന്നും രാജ്യത്തിന്റെ ശ്രദ്ധമാറ്റാനുമാണ് അദ്ദേഹം നെഹ്‌റുവിനെ വിമര്‍ശിക്കുന്നതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
ഇന്ത്യയുടെ ഭരണഘടനയുടെ മഹത്തായ 75 വര്‍ഷത്തെ യാത്രയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പ്രധാനമന്ത്രി കോണ്‍ഗ്രസിനെ ആക്രമിച്ചതിന് പിന്നാലെയാണ് മോഡിയ്‌ക്കെതിരെ കടുത്ത വിമര്‍ശനം ജയറാം രമേശ് ഉയര്‍ത്തിയത്. ദൈവം നിലവിലില്ലെങ്കില്‍ ദൈവത്തെ സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണെന്ന് ഫ്രഞ്ച് ചിന്തകന്‍ വോള്‍ട്ടയര്‍ പറഞ്ഞിട്ടുണ്ട്. അതുപോലെ നമ്മുടെ സ്വയം പ്രഖ്യാപിത ദൈവത്തിന് നെഹ്‌റു നിലവിലില്ലായിരുന്നുവെങ്കില്‍ അദ്ദേഹത്തിന് നെഹ്‌റുവിനെ സൃഷ്ടിക്കേണ്ടത് അത്യാവശ്യമായി വന്നേനെയെന്ന് രമേശ് പറഞ്ഞു. നെഹ്‌റു ഇല്ലാതെ പ്രധാനമന്ത്രി എന്തുചെയ്യുമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ചോദിച്ചു.
തന്റെ പരാജയങ്ങളില്‍ നിന്നും രാജ്യത്തിന്റെ ശ്രദ്ധ തിരിച്ചുവിടാന്‍ മോഡിക്ക് നെഹ്‌റുവിനെ അത്യാവശ്യമാണ്. 2014 മെയ് മാസത്തിന് മുമ്പുള്ള രാജ്യത്തിന്റെ അനവധി നേട്ടങ്ങളെ തിരസ്‌കരിക്കാന്‍ നെഹ്‌റുവിനെ ആവശ്യമുണ്ടെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.


