
മോഡി വലിയ നേതാവാണ് പക്ഷെ ഇറക്കുമതി നികുതിയുടെ കാര്യത്തിൽ ഇളവില്ല; ട്രംപ്
പ്രധാനമന്ത്രി നരേന്ദ്ര മോഡി വലിയ നേതാവാണെന്ന് ആവർത്തിച്ചു പറയുന്നുവെങ്കിലും ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ഇറക്കുമതി ചുങ്കം ഏർപ്പെടുത്തുന്ന കാര്യത്തിൽ ഒരിളവും പ്രതീക്ഷിക്കേണ്ടതില്ലെന്ന് റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപ്. അമേരിക്കയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ഏറ്റവുമധികം ഇറക്കുമതി ചുങ്കം ചുമത്തുന്ന രാജ്യമായി ഇന്ത്യയെ വിശേഷിപ്പിച്ച ട്രംപ് നവംബറിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ താൻ വിജയിക്കുന്ന പക്ഷം, ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് കയറ്റി അയക്കുന്ന ഉൽപ്പന്നങ്ങൾക്ക് തത്തുല്യമായ ഇറക്കുമതി ഡ്യൂട്ടി ചുമത്തുമെന്ന് വ്യക്തമാക്കി.
തത്തുല്യമായ ഇറക്കുമതി നികുതി ചുമത്തൽ തന്റെ സാമ്പത്തിക നയത്തിന്റെ പ്രധാന ഭാഗമാവുമെന്ന് ആവർത്തിച്ച ട്രംപ്. ചൈന, ബ്രസീൽ, ഇന്ത്യ എന്നീ മൂന്ന് രാജ്യങ്ങളെ ഇക്കാര്യത്തിൽ പ്രത്യേകം പരാമർശിച്ചു. അമേരിക്കയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ചൈന 200 ശതമാനം വരെ ഡ്യൂട്ടി ചുമത്താറുണ്ട്. അതിലും കൂടുതലാണ് ഇന്ത്യ ചുമത്തുന്നത് എന്ന് അദ്ദേഹം പറഞ്ഞു. അമേരിക്ക പൊതുവെ ഡ്യൂട്ടി ചുമത്താറില്ലെന്നും താൻ പ്രസിഡന്റ് ആയ കാലഘട്ടത്തിലാണ് ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് ഡ്യൂട്ടി ചുമത്തി തുടങ്ങിയതെന്നും ട്രംപ് അവകാശപ്പെട്ടു.
മോട്ടോർബൈക് നിർമ്മാതാക്കളായ ഹാർലി ഡേവിസൺ ഇന്ത്യയിൽ വലിയ നികുതി നേരിട്ട അനുഭവത്തെ കുറിച്ചും മുൻ പ്രസിഡന്റ് വിശദീകരിച്ചു. ഇന്ത്യയെ പോലുള്ള രാജ്യങ്ങൾ വലിയ ഇറക്കുമതി ചുങ്കം ചുമത്തുന്നതിനെ തുടർന്നാണ് അമേരിക്കൻ കമ്പനികൾ അമേരിക്കയിൽ നിന്നും ഉൽപ്പാദനം മറ്റുള്ള രാജ്യങ്ങളിലേക്ക് പറിച്ചുനടാൻ നിർബന്ധിതമാവുമെന്ന വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് തത്തുല്യ നികുതി ഒരു സുപ്രധാന തിരഞ്ഞെടുപ്പ് പ്രമേയമായി ട്രംപ് ഉയർത്തിക്കാട്ടുന്നത്.


