
മോഡിയുടെ പ്രസംഗത്തിൽ ആർഎസ്എസ് പ്രശംസ; വിമർശിച്ച് എം എ ബേബി
സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ആർഎസ്എസിനെ പ്രശംസിച്ച പ്രധാന മന്ത്രി നരേന്ദ്ര മോഡിയെ വിമർശിച്ച് സിപിഐ(എം) ജനറൽ സെക്രട്ടറി എം എ ബേബി. ആർഎസ്എസിനെ പ്രശംസിച്ചതിലൂടെ സ്വാതന്ത്ര്യ സമരത്തിലെ രക്തസാക്ഷികളെയും സമരത്തിന്റെ ആത്മാവിനെയും പ്രധാന മന്ത്രി അപമാനിച്ചെന്ന് എം എ ബേബി എക്സിൽ കുറിച്ചു. ആർഎസ്എസ് 100 വർഷം തികയുന്നതിനെ പ്രധാന മന്ത്രി പ്രശംസിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ എൻജിഒ ആണ് ആർഎസ്എസ് എന്നും, രാഷ്ട്ര സേവനത്തിനായുള്ള ആർഎസ്എസ് പ്രവർത്തകരുടെ സമർപ്പണത്തെ പ്രശംസിക്കുന്നു എന്നും മോഡി പറഞ്ഞു.
“പ്രധാനമന്ത്രി മോഡി ചെങ്കോട്ടയിൽ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ, ‘സംശയാസ്പദമായ’ ചരിത്രമുള്ള ഒരു സംഘടനയായ ആർഎസ്‌എസിനെ പ്രശംസിക്കാൻ തീരുമാനിച്ചത് അങ്ങേയറ്റം ഖേദകരമാണ്. ഈ പോരാട്ടങ്ങളിൽ യാതൊരു പങ്കും വഹിക്കാത്തതും മതപരമായ കാരണങ്ങളാൽ ദേശീയ ഐക്യത്തെ തകർക്കാൻ നിരന്തരം ശ്രമിച്ചതുമായ ഒരു സംഘടന, വർഗീയ കലാപങ്ങളും മറ്റ് അക്രമങ്ങളും പ്രോത്സാഹിപ്പിക്കുന്നതിൽ അതിന്റെ പങ്ക് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ സ്വാതന്ത്ര്യസമര നേതാവായ മഹാത്മാഗാന്ധിയുടെ വധത്തെത്തുടർന്ന് ഈ സംഘടന നിരോധിക്കപ്പെട്ടു എന്നത് ശ്രദ്ധിക്കേണ്ടതാണ്,” എം എ ബേബി എക്സിൽ കൂട്ടിച്ചേർത്തു.


