NARENDRA MODI | PHOTO: WIKI COMMONS
മോദിയുടെ രാമക്ഷേത്ര പരാമര്‍ശം; പെരുമാറ്റ ചട്ടലംഘനമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍
രാമക്ഷേത്രത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശം പെരുമാറ്റ ചട്ടലംഘനമല്ലെന്ന് വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് രാമക്ഷേത്രത്തെക്കുറിച്ചും സിഖ് മത ഗ്രന്ഥത്തെക്കുറിച്ചും മോദി സംസാരിച്ചത്. മതം പറഞ്ഞ് തിരഞ്ഞെടുപ്പില്‍ വോട്ട് തേടിയെന്നാരോപിച്ച് നരേന്ദ്ര മോദിക്കെതിരെ സുപ്രീംകോടതി അഭിഭാഷകന്‍ ആനന്ദ് ജൊന്താലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുസ്ലീം വിരുദ്ധ പരാമര്‍ശത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്. പരാതി പരിശോധിക്കുകയാണെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ മറുപടി.
തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് രാഷ്ട്രീയപാര്‍ട്ടികള്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുസ്ലീം വിരുദ്ധ പരാമര്‍ശത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും സിപിഎമ്മും തൃണമൂല്‍ കോണ്‍ഗ്രസും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചുവെന്നാരോപിച്ചായിരുന്നു പരാതി. തിരഞ്ഞെടുപ്പ് റാലികളില്‍ നിന്നും മോദിയെ വിലക്കണമെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. പൊതുജന പങ്കാളിത്തത്തോടെ തിരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പാകെ കൂട്ട പരാതി സമര്‍പ്പിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരിച്ചിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാജസ്ഥാനില്‍ മോദി നടത്തിയ പ്രസംഗമാണ് വിവാദമായത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ സ്വത്ത് മുസ്ലീംങ്ങള്‍ക്ക് നല്‍കുമെന്നായിരുന്നു മോദിയുടെ പരാമര്‍ശം. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വ്യാപക വിമര്‍ശനങ്ങള്‍ ഉയരുകയായിരുന്നു.
മോദിക്കെതിരെ നേതാക്കള്‍
മോദിയുടെ ഭാഷ വിഷം നിറഞ്ഞതാണെന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് പ്രതികരിച്ചു. ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടെന്ന് മനസ്സിലായതോടെ മോദി നുണകള്‍ പ്രചരിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രാജ്യ ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും തന്റെ പദവി ഇത്രത്തോളം താഴ്ത്തിയിട്ടില്ലെന്നായിരുന്നു കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രതികരണം. മോദിയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പിനോടുള്ള ഭയമാണ് മോദിയുടെ പരാമര്‍ശത്തില്‍ ഉള്ളതെന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ മോദി ആഗ്രഹിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. രാജ്യം ഭാവിക്ക് വേണ്ടി വോട്ട് ചെയ്യുമെന്നും രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു. 2002 മുതല്‍ മുസ്ലീംങ്ങളെ അധിക്ഷേപിച്ചുകൊണ്ട് വോട്ട് നേടുന്നതാണ് മോദിയുടെ ഗ്യാരണ്ടി എന്ന് ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദ്-ഉല്‍-മുസ്ലിമീന്‍ പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസി പ്രതികരിച്ചു.