TMJ
searchnav-menu
post-thumbnail

PHOTO: WIKI COMMONS

TMJ Daily

ഇന്ത്യയിൽ വിവേചനമില്ല, സർക്കാർ പ്രവർത്തിക്കുന്നത് ഭരണഘടനയിൽ അധിഷ്ഠിതമായെന്ന് നരേന്ദ്ര മോദി

23 Jun 2023   |   3 min Read
TMJ News Desk

ന്ത്യയിൽ വിവേചനമില്ലെന്നും ഭരണഘടനയിൽ അധിഷ്ഠിതമായാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും നരേന്ദ്ര മോദി. കേന്ദ്ര സർക്കാർ ജാതി-മത-ലിംഗ വേർതിരിവില്ലാതെയാണ് നയങ്ങൾ നടപ്പിലാക്കുന്നത്, ജനാധിപത്യം ഇന്ത്യയുടെ നട്ടെല്ലാണ്, രാജ്യത്തിന്റെ ആത്മാവിലും രക്തത്തിലും അത് അലിഞ്ഞു ചേർന്നിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ന്യൂനപക്ഷ അവകാശങ്ങൾ മെച്ചപ്പെടുത്തുന്നതിനായി എന്തെല്ലാം ചെയ്യും എന്ന ചോദ്യത്തോടായിരുന്നു മോദിയുടെ പ്രതികരണം. ചോദ്യങ്ങളിലെ ആരോപണങ്ങൾ അദ്ദേഹം നിഷേധിക്കുകയും ആളുകൾ ഇത്തരം ആരോപണം ഉന്നയിക്കുന്നതിൽ ആശ്ചര്യപ്പെടുന്നു എന്ന് പ്രതികരിക്കുകയും ചെയ്തു. മൂല്യങ്ങളും അവകാശങ്ങളും ഇല്ലെങ്കിൽ ജനാധിപത്യമില്ല, ജനാധിപത്യത്തിൽ ജീവിക്കുമ്പോൾ അവകാശങ്ങളുടെ പ്രശ്‌നം വരുന്നില്ല, ജാതി, മതം, പ്രായം, ഭൂമിശാസ്ത്രം എന്നിങ്ങനെയുള്ള ഒരു ഘടകവും പരിഗണിക്കാതെ എല്ലാവർക്കും ഇന്ത്യയിൽ സൗകര്യങ്ങൾ ലഭ്യമാണ് എന്നും മോദി കൂട്ടിച്ചേർത്തു.

മോദിയുമായി ജനാധിപത്യ മൂല്യങ്ങളെക്കുറിച്ച് ചർച്ച നടത്തിയതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ഞങ്ങൾ പരസ്പരം ബഹുമാനിക്കുന്ന വ്യക്തികളാണെന്നും ജനാധിപത്യം വിജയിക്കണമെങ്കിൽ മതസ്വാതന്ത്ര്യവും മാധ്യമസ്വാതന്ത്ര്യവും പ്രധാനപ്പെട്ടതാണെന്നും ബൈഡൻ കൂട്ടിച്ചേർത്തു. എന്നാൽ ഇന്ത്യയിൽ ന്യൂനപക്ഷങ്ങളെ പരിഗണിച്ചില്ലെങ്കിൽ രാജ്യം പിളർപ്പിലേക്ക് പോകാൻ സാധ്യതയുണ്ടെന്ന അഭിപ്രായം മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ വ്യക്തമാക്കി. സി.എൻ.എന്നിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്. നരേന്ദ്ര മോദിയോട് സംസാരിക്കാൻ അവസരം ലഭിച്ചാൽ ഈ കാര്യം തുറന്നു സംസാരിക്കും. ഹിന്ദുക്കൾക്ക് ഭൂരിപക്ഷമുള്ള ഇന്ത്യയിൽ മുസ്ലിം ന്യൂനപക്ഷങ്ങളുടെ സംരക്ഷണം പ്രധാനപ്പെട്ട ഒരു കാര്യമാണെന്നും ഒബാമ നിരീക്ഷിക്കുന്നുണ്ട്.

വ്യാഴാഴ്ച, ന്യൂയോർക്ക് സന്ദർശനത്തിന് ശേഷം വാഷിങ്ടൺ ഡിസിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും ചേർന്ന് ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുത്തിരുന്നു. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനും ഇന്ത്യൻ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിരുന്നിൽ പങ്കടുത്തു. വാഷിംഗ്ടണിൽ ആൻഡ്രൂസ് എയർ ബേസിൽ ഗാർഡ് ഓഫ് ഓണർ നൽകിയാണ് പ്രധാനമന്ത്രി മോദിയെ സ്വീകരിച്ചത്. ഇരു രാജ്യങ്ങളുടെയും ദേശീയ ഗാനങ്ങൾ ആലപിച്ചു. ജിൽ ബൈഡനൊപ്പം പ്രധാനമന്ത്രി വിർജീനിയയിലെ നാഷണൽ സയൻസ് ഫൗണ്ടേഷൻ സന്ദർശിച്ചു. സാങ്കേതിക മേഖലയിൽ പുതിയ ശക്തിയായി വളരുകയെന്നതാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് മോദി തന്റെ പ്രസംഗത്തിൽ വ്യാഴാഴ്ച പറഞ്ഞിരുന്നു. യുഎൻ ആസ്ഥാനത്തെ യോഗാ ദിനാചരണത്തിന് ശേഷമാണ് മോദി വാഷിംഗ്ടൺ ഡിസിയിലെത്തിയത്. ഏറ്റവും അധികം രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ പങ്കെടുത്ത പൊതുപരിപാടി എന്ന റെക്കോർഡ് നേട്ടമാണ് ഇത്തവണത്തെ യോഗാ ദിനാചരണത്തിന് കൈവന്നത്. 135 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് ഇത്തവണ ഐക്യരാഷ്ട്ര സഭയുടെ ന്യൂയോർക്കിലെ ആസ്ഥാനത്ത് നടന്ന യോഗാ ദിനാചരണത്തിൽ പങ്കെടുത്തത്. ഖത്തറിൽ 2022 ൽ നടന്ന യോഗാ ദിനാചരണത്തിനായിരുന്നു നേരത്തെ ഈ റെക്കോർഡ്. ഇന്ത്യൻ എംബസിയുടെ കീഴിലെ ഇന്ത്യൻ സ്‌പോർട്‌സ് സെന്റർ സംഘടിപ്പിച്ച  യോഗ പരിപാടിയിൽ 114 രാജ്യങ്ങളിൽ നിന്നുള്ളവർ ഭാഗമായിരുന്നു. ഈ ഗിന്നസ് റെക്കോർഡാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇത്തവണ തിരുത്തിയത്.

വിസ നിയമങ്ങളിൽ ഇളവ് വരുത്തി യുഎസ്

നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് എച്ച്-1ബി വിസയിൽ എത്തിയവർക്ക് ഇളവുകൾ നല്കുമെന്ന തീരുമാനം ബൈഡൻ ഭരണകൂടം എടുത്തതായി അധികൃതർ വെളിപ്പെടുത്തി. എച്ച്-1ബി വിസയിൽ യുഎസിൽ എത്തിയിരിക്കുന്ന ഇന്ത്യക്കാർക്ക് ഈ നീക്കം ഗുണകരമായിരിക്കും. വിസ കാലാവധി തീരുന്നവർക്ക് രാജ്യം വിടാതെ തന്നെ വിസ പുതുക്കുന്നതിന് സാധിക്കും. പുതിയ നിയമം വരും വർഷങ്ങളിലും നടപ്പാക്കുന്നതായിരുക്കുമെന്നും പ്രഖ്യാപനം ഉടനുണ്ടാകുമെന്നും അധികൃതർ അറിയിച്ചു. 2022 സാമ്പത്തിക വർഷത്തിലെ 442,000 എച്ച്-1 ബി വിസ ലഭിച്ചവരിൽ 73 ശതമാനവും ഇന്ത്യൻ പൗരൻമാർക്കാണ്. എല്ലാ വർഷവും 65,000 എച്ച്-1ബി വിസയാണ് യു എസിലെ വിവിധ ഐടി കമ്പനികൾ ഇന്ത്യയുൾപ്പെടെ മറ്റ് രാജ്യങ്ങളിലെ പ്രൊഫഷണനലുകൾക്കായി നല്കുന്നത്. ഇതിനുപുറമെ 20,000 തൊഴിൽ വിസകൾ ഉന്നത വിദ്യാഭ്യാസമുള്ളവർക്കും സ്‌കിൽഡ് വർക്കേഴ്സിനുമായി യുഎസ് അനുവദിച്ചിട്ടുണ്ട്. യു എസ് ഗവൺമെന്റ് ഡാറ്റ പ്രകാരം സമീപ വർഷങ്ങളിൽ ഇന്ത്യൻ കമ്പനികളായ ഇൻഫോസിസ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, അമേരിക്കൻ സ്ഥാപനങ്ങളായ ആമസോൺ, ആൽഫബെറ്റ്, മെറ്റാ എന്നീ കമ്പനികളാണ് എച്ച്-1ബി വിസ സേവനം കൂടുതലായി ഉപയോഗിക്കുന്നത്.

ന്യൂനപക്ഷ അവകാശങ്ങൾക്കായി ശബ്ദമുയർത്തി പ്രവർത്തകർ

ഇന്ത്യയിൽ വർധിച്ചുവരുന്ന മനുഷ്യാവകാശ ലംഘനങ്ങളും മത തീവ്രവാദവും ചോദ്യം ചെയ്യപ്പെടണമെന്ന് യുഎസ് ആസ്ഥാനമായുള്ള മനുഷ്യാവകാശ പ്രവർത്തകർ പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെട്ടിരുന്നു. കുറഞ്ഞുവരുന്ന മാധ്യമസ്വാതന്ത്യം ജനാധിപത്യ രാജ്യത്തിന് വെല്ലുവിളിയുയർത്തുന്നുവെന്നും അവർ വാദിച്ചു. മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് എഴുപതിൽ അധികം സെനറ്റർമാർ പ്രസിഡന്റ് ജോ ബൈഡന് കത്തെഴുതിയിരുന്നു. ഇന്ത്യയിൽ ജനാധിപത്യത്തിനെതിരെയും മനുഷ്യാവകശങ്ങൾക്കെതിരെയും വർധിച്ചുവരുന്ന വെല്ലുവിളികളെപ്പറ്റി മോദിയുമായി ചർച്ച നടത്തണമെന്ന് അവർ ആവശ്യപ്പെട്ടു. മതപരമായ വിഭജനങ്ങളും മാധ്യമസ്വാതന്ത്ര്യം കുറയുന്നതും രാജ്യത്തെ ജനാധിപത്യത്തിന് ഭീഷണിയാണെന്നും കത്തിൽ പ്രതിപാദിച്ചു. പ്രതിരോധം, വിതരണശ്യംഖല, ഫാർമസ്യൂട്ടിക്കൽ, എന്നീ മേഖലകളിൽ ഇന്ത്യയുമായി സഹകരണം ശക്തമാക്കണം, ഇന്ത്യയ്ക്ക് വേണ്ടി ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെയോ, നേതാവിനെയോ അംഗീകരിച്ചിട്ടില്ലെന്നും ഇന്ത്യയിലെ മുഴുവൻ ജനങ്ങൾക്കും വേണ്ടിയാണ് ആവശ്യം ഉന്നയിക്കുന്നതെന്നും അവർ വ്യക്തമാക്കി. ഇന്ത്യൻ വംശജരായ കോൺഗ്രസ് വുമൺ പ്രമീള ജയപാൽ, സെനറ്റർ ക്രിസ് വാൻ ഹോളൻ എന്നിവരുടെ നേതൃത്വത്തിലാണ് കത്ത് ബൈഡന് സമർപ്പിച്ചത്.

യു എസുമായി പ്രതിരോധ കരാറുകൾക്ക് സാധ്യത

യുഎസ്- ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രതിരോധമേഖലയിലെ സാങ്കേതിക വിദ്യ കൈമാറ്റത്തിനായും ആയുധ വില്പനയിലും പ്രസിഡന്റ് ജോ ബൈഡനുമായി മോദി നടത്തുന്ന ഉഭയകക്ഷി ചർച്ച നിർണായകമാകും. കൂടാതെ ചൈനയുടെ ഭീഷണി തടയുന്നതിന് ഇന്തോ-പസഫിക് മേഖല തുറന്നുകൊടുക്കുന്നതിനുമുള്ള ചർച്ചകൾ നടന്നേക്കും. നൂതന പ്രതിരോധ സാങ്കേതികവിദ്യ പങ്കിടൽ, ജി.ഇ-414 ടർബോഫാൻ ജെറ്റ് എഞ്ചിൻ സാങ്കേതിക വിദ്യ കൈമാറ്റം, എം.ക്യു-9ബി സായുധ ഡ്രോണുകൾ വാങ്ങൽ തുടങ്ങിയ ഇടപാടുകളിൽ പ്രഖ്യാപനമുണ്ടായേക്കും. വാണിജ്യ, വ്യവസായ സഹകരണം, നിക്ഷേപം, ടെലികോം മേഖലകളിലും കരാറുകൾ ഒപ്പിടും. നാസയുടെ 2025ലെ ആർട്ടെമിസ് ചന്ദ്രപര്യവേഷണത്തിൽ ഇന്ത്യയെ പങ്കാളിയാക്കാൻ അമേരിക്കയ്ക്ക് താൽപര്യമുണ്ട്. 25 രാഷ്ട്രങ്ങൾ ഇതിനോടകം പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.


#Daily
Leave a comment