
വാരണാസിയില്‍ മോഡി 3,880 കോടി രൂപയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും
പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് ഉത്തര്‍പ്രദേശിലെ തന്റെ മണ്ഡലമായ വാരണാസി സന്ദര്‍ശിക്കുകയും 3,880 കോടി രൂപയില്‍ അധികം ചെലവ് വരുന്ന 44 പദ്ധതികള്‍ക്ക് തറക്കല്ലിടുകയും ചെയ്യും. ഒരു പൊതുസമ്മേളനത്തിലും പങ്കെടുക്കും.
130 കുടിവെള്ള പദ്ധതികള്‍, 100 പുതിയ അങ്കണവാടി കേന്ദ്രങ്ങള്‍, 356 ലൈബ്രറികള്‍, ഒരു പോളിടെക്‌നിക്ക് കോളേജ്, ഒരു സര്‍ക്കാര്‍ ബിരുദ കോളേജ് തുടങ്ങിയ പദ്ധതികളാണ് മോഡി ഉദ്ഘാടനം ചെയ്യുന്നത്.
അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി അനവധി റോഡ് നിര്‍മ്മാണ പദ്ധതികള്‍ക്കും മോഡി തറക്കല്ലിടും. വാരണാസി അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട് റോഡ് ടണല്‍ അണ്ടര്‍ പാസ് ദേശീയ പാത 31ല്‍ നിര്‍മ്മിക്കുന്നതിന്റെ തറക്കല്ലിടലും മോഡി നിര്‍വഹിക്കും.
വാരണാസിയില്‍ 1045 കോടി രൂപ ചെലവ് വരുന്ന രണ്ട് 400 കെവി, ഒരു 220 കെവി ട്രാന്‍സ്മിഷന്‍ സബ്‌സ്റ്റേഷനുകളും അനുബന്ധ ട്രാന്‍സ്മിഷന്‍ ലൈനുകളും നിര്‍മ്മിക്കുന്ന പദ്ധതിക്കും മോഡി തുടക്കം കുറിക്കും.
ഗംഗാ നദിയിലെ ഘട്ടുകളുടെ പുനര്‍വികസന പദ്ധതിയും അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഗംഗാ നദിയിലെ സാംനെ ഘട്ട്, ശാസ്ത്രി ഘട്ട് എന്നിവയാണ് പുനരുദ്ധരിക്കുന്നത്. ജലജീവന്‍ മിഷനുമായി ബന്ധപ്പെട്ട് 130 ഗ്രാമീണ കുടിവെള്ള പദ്ധതികളും വാരണാസിയിലെ ആറ് മുനിസിപ്പല്‍ വാര്‍ഡുകളുടെ വികസനവും അദ്ദേഹം ഉദ്ഘാടനം ചെയ്യുന്ന പദ്ധതികളില്‍പ്പെടുന്നു.