
മോഡി ട്രംപിന് മുന്നിൽ വിനീതമായി കീഴടങ്ങും: രാഹുൽ ഗാന്ധി
അമേരിക്കയുമായുള്ള വാണിജ്യ കരാറുകൾ ഒപ്പുവയ്ക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്പിന് മുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി വിനീതമായി കീഴടങ്ങുമെന്ന് ലോകസഭയിലെ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി. ഇന്ത്യ-അമേരിക്ക വാണിജ്യ കരാർ ഒപ്പുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ നടത്തിയ പരാമർശത്തിനോട് രൂക്ഷമായി പ്രതികരിക്കുകയായിരുന്നു കോൺഗ്രസ് നേതാവ്.
"പീയൂഷ് ഗോയലിന് എത്ര വേണമെങ്കിലും നെഞ്ചത്തടിക്കാം, പക്ഷെ, എന്റെ വാക്കുകൾ ഓർമ്മയിൽ സൂക്ഷിക്കുക, ട്രംപിന്റെ താരിഫ് സമയപരിധി മോഡി സൗമ്യമായി അനുസരിക്കും" രാഹുൽ ഗാന്ധി തന്റെ X പേജിൽ കുറിച്ചു.
ദേശീയ താൽപ്പര്യം പൂർണ്ണമായും സംരക്ഷിക്കുന്ന സാഹചര്യത്തിൽ മാത്രമേ അമേരിക്കയുമായുള്ള നിർദ്ദിഷ്ട വ്യാപാര കരാർ ഇന്ത്യ അംഗീകരിക്കുകയുള്ളൂ എന്ന വാണിജ്യ വ്യവസായ മന്ത്രി ഗോയലിന്റെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് രാഹുൽ ഗാന്ധിയുടെ പരാമർശം. "പരസ്പര നേട്ടമുണ്ടാകുമ്പോൾ മാത്രമേ സ്വതന്ത്ര വ്യാപാര കരാർ സാധ്യമാകൂ” എന്ന് പീയൂഷ് ഗോയൽ വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യ-അമേരിക്ക വാണിജ്യ കരാർ ജൂലൈ 9ന് മുൻപ് ഒപ്പുവയ്ക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഗോയലിന്റെ പരാമർശം.


