
മോദിയുടെ ബിരുദം: ആര്‍ടിഐയുടെ ലക്ഷ്യം ജിജ്ഞാസ ശമിപ്പിക്കലല്ല: ഡല്‍ഹി സര്‍വകലാശാല
വിവരാവകാശ നിയമത്തിന്റെ ലക്ഷ്യം മൂന്നാം കക്ഷിയുടെ ജിജ്ഞാസയെ ശമിപ്പിക്കലല്ലെന്ന് ഡല്‍ഹി സര്‍വകലാശാല ഡല്‍ഹി ഹൈക്കോടതിയില്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അക്കാദമിക യോഗ്യതകളുടെ സത്യാവസ്ഥയെ സംബന്ധിച്ച കേസിലാണ് സര്‍വകലാശാല ഇപ്രകാരം കോടതിയെ അറിയിച്ചത്.
സര്‍വകലാശാലയ്ക്കുവേണ്ടി സോളിസിറ്റര്‍ ജനറലായ തുഷാര്‍ മേത്തയാണ് ഈ അഭിപ്രായം കോടതിയെ അറിയിച്ചത്.
1978ല്‍ അവസാനിച്ച അക്കാദമിക വര്‍ഷത്തില്‍ ഡിഗ്രിക്ക് പഠിച്ച വിദ്യാര്‍ത്ഥികളുടെ രേഖകള്‍ പരിശോധിക്കാന്‍ അനുവദിക്കണമെന്ന് 2017ല്‍ കേന്ദ്ര വിവരാവകാശ കമ്മീഷന്‍ സര്‍വകലാശാലയോട് ആവശ്യപ്പെട്ടതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ജസ്റ്റിസ് സച്ചിന്‍ ദത്തയുടെ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.
ആ വര്‍ഷം ഡല്‍ഹി സര്‍വകലാശാല മോദിക്ക് ബിഎ ഡിഗ്രി നല്‍കിയെന്നും 1983ല്‍ ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്നും ബിരുദാനന്തരബിരുദം ലഭിച്ചുവെന്നും ബിജെപി അവകാശപ്പെടുന്നു. ഈ ബിരുദങ്ങള്‍ വ്യാജമാണെന്ന് വിമര്‍ശകരും പ്രതിപക്ഷ പാര്‍ട്ടികളും ആരോപിക്കുന്നു.
കമ്മീഷന്റെ ഉത്തരവ് നിയമത്തിന് എതിരാണെന്ന് മേത്ത വാദിച്ചു. വിവരാവകാശ നിയമത്തിന്റെ ആറാം വകുപ്പില്‍ വിവരങ്ങള്‍ നല്‍കാന്‍ പറയുന്നുണ്ട്. എന്നാലത് 'ഒരാളുടെ ജിജ്ഞാസയെ ശമിപ്പിക്കാനുള്ളതല്ലെന്ന്' അദ്ദേഹം പറഞ്ഞു.
പൊതു അധികാരികളുടെ ഉത്തരവാദിത്വവും സുതാര്യതയുമായി ബന്ധമില്ലാത്ത വിവരം വെളിപ്പെടുത്താന്‍ വേണ്ടി നിയമത്തെ ദുരുപയോഗം ചെയ്യാന്‍ പാടില്ല.
വ്യക്തികള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളോട് സ്വന്തം ഡിഗ്രികളുടെ അല്ലെങ്കില്‍ മാര്‍ക്ക് ഷീറ്റുകളുടെ വിവരങ്ങള്‍ മാത്രമേ ചോദിക്കാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.