
മോഡിയുടെ യുഎസ് സന്ദര്‍ശനം: കേന്ദ്രം ആണവ ബാധ്യതാ നിയമ ഭേദഗതി ചെയ്‌തേക്കും
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യുഎസ്, ഫ്രാന്‍സ് സന്ദര്‍ശനത്തിന് മുന്നോടിയായി ആണവ നിയമം ഭേദഗതി ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കാന്‍ സാധ്യതയെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. ആണവ അപകടങ്ങള്‍ ഉണ്ടായാല്‍ കമ്പനികള്‍ നഷ്ടപരിഹാരം നല്‍കേണ്ട ആണവ ബാധ്യതാ നിയമം ഭേദഗതി ചെയ്യുന്നത് യുഎസിലേയും ഫ്രാന്‍സിലേയും കമ്പനികളെ പ്രീണിപ്പിക്കാനാണെന്ന് വിമര്‍ശനം ഉയരുന്നു. ഈ കമ്പനികളുടെ ഇന്ത്യയിലെ ആണവ പദ്ധതികള്‍ നിയമ ആശങ്കകളെ തുടര്‍ന്ന് കഴിഞ്ഞ 15 വര്‍ഷത്തിലധികമായി തടസ്സപ്പെട്ട് കിടക്കുകയാണ്.
ഇവര്‍ സ്ഥാപിക്കുന്ന ആണവ നിലയങ്ങളില്‍ അപകടമുണ്ടായാല്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഇപ്പോള്‍ നിയമത്തില്‍ പറയുന്നത്. ഇത് ഭേദഗതി ചെയ്യണമെന്ന് ഏറെക്കാലമായി കമ്പനികള്‍ ആവശ്യപ്പെടുന്നുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ 2015ലെ നിലപാടില്‍ നിന്നുള്ള യു ടേണ്‍ ആണ് ഈ പുതിയ പ്രഖ്യാപനം. ഇന്ത്യയില്‍ സ്വകാര്യ പങ്കാളിത്തത്തോടെ ചെറിയ മോഡുലാര്‍ റിയാക്ടറുകള്‍ സ്ഥാപിക്കുമെന്ന് ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ആണവ ബാധ്യതാ നിയമത്തില്‍ വരുത്തുന്ന ഭേദഗതികള്‍ ഇന്ത്യയ്ക്ക് ഈ റിയാക്ടറുകളുടെ സാങ്കേതിക വിദ്യ ലഭിക്കാന്‍ സഹായിക്കും.
2009ല്‍ മഹാരാഷ്ട്രയിലെ ജയ്താപൂരില്‍ ഇലക്ട്രിസൈറ്റ് ഡെ ഫ്രാന്‍സും 2012ല്‍ ആന്ധ്രാപ്രദേശിലെ കൊവ്വാഡയില്‍ അമേരിക്കന്‍ വെസ്റ്റിങ്ഹൗസ് ഇലക്ട്രിസിറ്റി കമ്പനിയും ആണവ നിലയങ്ങള്‍ സ്ഥാപിക്കുന്നതിന് ധാരണാപത്രം ഒപ്പുവച്ചിരുന്നു.
2047 ഓടെ ആണവോര്‍ജ്ജത്തില്‍ നിന്നും 100 ഗിഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2033 ഓടെ അഞ്ച് ചെറിയ റിയാക്ടറുകള്‍ പ്രവര്‍ത്തനക്ഷമമാക്കാനും ലക്ഷ്യമിടുന്നു. നിലവില്‍ 22 റിയാക്ടറുകളില്‍ നിന്നും 6,780 മെഗാവാട്ട് വൈദ്യുതിയാണ് ഉല്‍പാദിപ്പിക്കുന്നത്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഏക വിദേശ കമ്പനി റഷ്യയുടെ റോസ്തം ആണ്.
നാളെ ആരംഭിക്കുന്ന മോഡിയുടെ യുഎസ്, ഫ്രാന്‍സ് സന്ദര്‍ശനത്തില്‍ ചെറിയ റിയാക്ടറുകളുടെ സാങ്കേതിക വിദ്യ ലഭിക്കുന്നത് ചര്‍ച്ചയാകും.