
A.M.M.A പ്രസിഡന്റ് സ്ഥാനത്ത് നിന്നും മോഹന്‍ലാല്‍ രാജിവെച്ചു; ഭരണസമിതി പിരിച്ചുവിട്ടു
A.M.M.A യുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും മോഹന്‍ലാല്‍ രാജിവെച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സംഘടനയിലെ അംഗങ്ങള്‍ ലൈംഗികാരോപണം നേരിടുന്ന സാഹചര്യത്തിലാണ് മോഹന്‍ലാലിന്റെ രാജി. പതിനേഴ് എക്‌സിക്യൂട്ടീവ് അംഗങ്ങളും രാജിവെച്ചിട്ടുണ്ട്. നിലവിലെ ഭരണസമിതി പിരിച്ചുവിട്ടു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സിനിമ രംഗത്തെ അതിക്രമങ്ങളില്‍ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്ത് എത്തിയതിന് പിന്നാലെ സംഘടനയില്‍ കടുത്ത ഭിന്നതയുണ്ടായി എന്നാണ് റിപ്പോര്‍ട്ട്.
നടപടി വൈകുന്നതില്‍ പ്രതിഷേധിച്ചാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നടക്കം നിരവധി അംഗങ്ങള്‍ രാജി വെച്ചതെന്നാണ് വിവരം. ഓണ്‍ലൈന്‍ യോഗത്തിലാണ് അംഗങ്ങള്‍ രാജി വെച്ചത്. രണ്ട് മാസത്തിനകം പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുമെന്നാണ് വിവരം. ലൈംഗികാതിക്രമ പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറി സിദ്ദിഖ് രാജി വെച്ചിരുന്നു. തൊട്ടുപിന്നാലെ നടന്‍മാരായ ബാബുരാജ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നിവര്‍ക്കെതിരെയും ലൈംഗികാതിക്രമ പരാതി ഉയര്‍ന്നിരുന്നു.
മോഹന്‍ലാലിന്റെ രാജിക്കത്ത്
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് 'അമ്മ' സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍, 'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാര്‍മ്മികമായ ഉത്തരവാദിത്വം മുന്‍നിര്‍ത്തി രാജി വെയ്ക്കുന്നു. രണ്ട് മാസത്തിനുള്ളില്‍ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരഞ്ഞെടുക്കും. 'അമ്മ' ഒന്നാം തീയതി നല്‍കുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നല്‍കിപ്പോരുന്ന സഹായവും 'അമ്മ'യുടെ സമാദരണീയരായ അംഗങ്ങള്‍ക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താല്‍ക്കാലിക സംവിധാനമായി തുടരും. 'അമ്മ'യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്‍പുള്ള പുതിയൊരു നേതൃത്വം 'അമ്മ'യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങള്‍. വിമര്‍ശിച്ചതിനും തിരുത്തിയതിനും എല്ലാവര്‍ക്കും നന്ദി എന്നായിരുന്നു മോഹന്‍ലാല്‍ രാജിക്കത്തിലൂടെ അറിയിച്ചത്.