TMJ
searchnav-menu
post-thumbnail

TMJ Daily

ആലുവ പീഡനം: പ്രതി ക്രിസ്റ്റിന്‍ രാജിനെ കോടതി റിമാന്‍ഡ് ചെയ്തു

09 Sep 2023   |   1 min Read
TMJ News Desk

ലുവയില്‍ വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റിന്‍ രാജിനെ ആലുവ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. റിമാന്‍ഡിലായ പ്രതിയെ ആലുവ സബ് ജയിലിലേക്ക് മാറ്റി. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പ്രതിയെ ഏഴു ദിവസത്തെ കസ്റ്റഡിയില്‍ വിടണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.
എറണാകുളം പോക്സോ കോടതി തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ പരിഗണിക്കും. വ്യാഴാഴ്ച വൈകിട്ട് മൂന്നുമണിയോടെ പിടികൂടിയ പ്രതിയെ വെള്ളിയാഴ്ച വൈകിട്ടോടെയാണ് കോടതിയില്‍ ഹാജരാക്കിയത്. പ്രാഥമിക ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായും, പീഡനം, കവര്‍ച്ച എന്നീ ലക്ഷ്യത്തോടെയാണ് ഇയാള്‍ കുട്ടിയുടെ വീട്ടില്‍ എത്തിയതെന്നും പൊലീസ് വ്യക്തമാക്കി. ക്രിസ്റ്റിന്‍ രാജിനെതിരെ തിരുവനന്തപുരം,എറണാകുളം ജില്ലകളിലായി 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായാണ് വിവരം.

പ്രതിയെക്കുറിച്ച് നേരത്തെ സൂചന

ആലുവ റെയില്‍വേ സ്റ്റേഷന്റെ സമീപ പ്രദേശങ്ങളില്‍ പ്രതിയെ കാണാറുള്ളതായും, നിരവധി മോഷണക്കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നും നാട്ടുകാര്‍ നേരത്തെ തന്നെ സൂചന നല്‍കിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. വ്യാഴാഴ്ച്ച പുലര്‍ച്ചയോടെയാണ് ആലുവയില്‍ എട്ടുവയസ്സുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിക്കുന്നത്. ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. അതിഥി തൊഴിലാളികളുടെ കുട്ടിയാണ് പീഡനത്തിന് ഇരയായത്. നാട്ടുകാര്‍ ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ കുട്ടിയെ സമീപത്തെ പാടത്ത് നിന്ന് കണ്ടെത്തുകയായിരുന്നു. 

ഒന്നരമാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ സംഭവം

ഒന്നരമാസത്തിനിടെ ആലുവയില്‍ രണ്ടാമത്തെ പീഡനമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ജൂലൈ അവസാനത്തില്‍ ബിഹാര്‍ സ്വദേശികളുടെ 5 വയസ്സ് മാത്രം പ്രായമുള്ള മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് തൊട്ടുപിന്നാലെയാണ് ആലുവയില്‍ വീണ്ടും സമാനസംഭവം റിപ്പോര്‍ട്ട് ചെയ്തത്. കുട്ടിയെ താമസ സ്ഥലത്തുനിന്നും അഷ്ഫാഖ് ആലം എന്ന ബിഹാര്‍ സ്വദേശി തട്ടികൊണ്ടുപോയി അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ആലുവ മാര്‍ക്കറ്റിന് സമീപത്തുനിന്നും പ്ലാസ്റ്റിക് കവറുകളും ചാക്കും കൊണ്ട് മൂടിയ അവസ്ഥയിലായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് പ്രതിക്കെതിരെ നേരത്തെ തന്നെ കേസുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.2018ല്‍ ദില്ലി ഗാസീപൂരില്‍ പത്ത് വയസ്സുള്ള പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് പോക്സോ ആക്ട് അടക്കം വിവിധ വകുപ്പുകള്‍ പ്രകാരം അഷ്ഫാഖ് ആലം പിടിയിലായിട്ടുണ്ട്.


#Daily
Leave a comment