
ഔദ്യോഗികവസതിയിലെ നോട്ടുകെട്ട്: ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്ക്ക് പങ്ക്
ഔദ്യോഗിക വസതിക്ക് സമീപത്തെ മുറിയില്‍ ചാക്കുകെട്ടില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്ക്ക് നേരിട്ട് പങ്കുണ്ടെന്ന് റിപ്പോര്‍ട്ട്. വസതിയില്‍ തീപിടിത്തം ഉണ്ടായപ്പോള്‍ അണയ്ക്കാനെത്തിയ അഗ്നിശമന സേനയും പൊലീസുമാണ് ജഡ്ജിയുടെ വീട്ടില്‍ കത്തിയനിലയില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. സംഭവം അന്വേഷിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച കമ്മീഷനാണ് വര്‍മ്മയ്ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയത്.
വര്‍മ്മയോട് രാജിവയ്ക്കാന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ആവശ്യപ്പെടണമെന്നും അതിന് അയാള്‍ തയ്യാറായില്ലെങ്കില്‍ ഇംപീച്ച് ചെയ്യണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.
റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ചീഫ് ജസ്റ്റിസ് വര്‍മ്മയ്ക്ക് നല്‍കുകയും വിശദീകരണം ആരായുകയും ചെയ്തു. മറുപടി നല്‍കാന്‍ നാളെ വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. അന്വേഷണ സമിതി വര്‍മ്മയുടെ വീട് സന്ദര്‍ശിച്ച് തെളിവുകള്‍ ശേഖരിക്കുകയും വര്‍മ്മയുടേയും ജീവനക്കാരുടേയും മൊഴിയെടുക്കുകയും ചെയ്തിരുന്നു. 50ല്‍ അധികം പേരുടെ മൊഴികളാണ് കമ്മീഷന്‍ എടുത്തത്. ഇതില്‍ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ സഞ്ജയ് അറോറയും ഉള്‍പ്പെടുന്നു.
തീപിടിത്ത സമയത്ത് വര്‍മ്മയുടെ വീട്ടില്‍ പണം ഉണ്ടായിരുന്നുവെന്നതിന് വ്യക്തമായ തെളിവ് കമ്മീഷന് ലഭിച്ചുവെന്ന് റിപ്പോര്‍ട്ടുണ്ട്. പഞ്ചാബ്, ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി എസ് സന്താലിയ, കര്‍ണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരാണ് കമ്മീഷനിലെ അംഗങ്ങള്‍.
സഞ്ജീവ് ഖന്ന ഈ മാസം 13ന് വിരമിക്കും. അതിന് മുമ്പ് അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.


