ആഫ്രിക്കയില്‍ മങ്കിപോക്‌സ് വ്യാപനം വര്‍ദ്ധിക്കുന്നു; പടരുന്നത് പുതിയ വകഭേദം
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മങ്കിപോക്‌സിന്റെ പുതിയ വകഭേദം വേഗത്തില്‍ പടരുകയാണെന്ന് ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നല്‍കി. മങ്കിപോക്‌സ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന. അന്താരാഷ്ട്ര അതിര്‍ത്തികളില്‍ രോഗം വ്യാപിച്ചേക്കാമെന്ന മുന്നറിയിപ്പും സംഘടന നല്‍കിയിട്ടുണ്ട്. യുഎന്‍ ആരോഗ്യ ഏജന്‍സിയുടെ അടിയന്തര സമിതി യോഗത്തിന് ശേഷമാണ് ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
മങ്കിപോക്‌സ് വ്യാപനത്തെ തുടര്‍ന്ന് ഈ വര്‍ഷം ആഫ്രിക്കയില്‍ 14,000 ത്തിലധികം കേസുകളും 524 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന അറിയിച്ചു. മങ്കിപോക്‌സ് വൈറസിന്റെ പുതിയ വകഭേദം പടരുന്നതിനാല്‍ ആഗോളതലത്തില്‍ അതീവ ജാഗ്രത ഉണ്ടാകണമെന്ന് ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രണ്ട് വര്‍ഷത്തിനിടെ രണ്ടാം തവണയാണ് സംഘടന രോഗബാധയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നത്.
ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലുടനീളം വൈറസ് അതിവേഗം പടരുകയും മറ്റ് ഭൂഖണ്ഡങ്ങളിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നതിനാലാണ് വീണ്ടും ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ രോഗം വ്യാപിച്ചതിന് പിന്നാലെയാണ് അയല്‍ രാജ്യങ്ങളിലേക്കും വ്യാപിച്ചത്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷത്തെ കേസുകളുടെ എണ്ണത്തില്‍ 160 ശതമാനം വര്‍ദ്ധനവുണ്ടായതായി ആഫ്രിക്ക സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അറിയിച്ചു. 13 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മങ്കിപോക്‌സ് കേസുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.