TMJ
searchnav-menu
post-thumbnail

മോന്‍സന്‍ മാവുങ്കല്‍ | PHOTO: WIKI COMMONS

TMJ Daily

പോക്‌സോ കേസില്‍ മോന്‍സന്‍ മാവുങ്കല്‍ കുറ്റക്കാരന്‍

17 Jun 2023   |   2 min Read
TMJ News Desk

പോക്‌സോ കേസില്‍ പുരാവസ്തു തട്ടിപ്പുകേസിലെ പ്രതികൂടിയായ മോന്‍സന്‍ മാവുങ്കല്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. എറണാകുളം ജില്ലാ പോക്‌സോ കോടതിയാണ് വിധി പ്രസ്താവിച്ചത്. മോന്‍സനെതിരായി രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ആദ്യ വിധിയാണ് പോക്‌സോ കോടതിയുടെത്. വിദ്യാഭ്യാസ സൗകര്യം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചുവെന്നാണ് കേസ്.

2019 ല്‍ ജീവനക്കാരിയുടെ മകളെ പലതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. പോക്‌സോ കേസില്‍ 2022 ജൂണ്‍ മൂന്നിനാണ് വിചാരണ തുടങ്ങിയത്. 2023 ഫെബ്രുവരി ഏഴിന് തെളിവെടുപ്പ് പൂര്‍ത്തിയാക്കി കേസ് വാദത്തിനായി മാറ്റി. മാര്‍ച്ച് 30 ന് ഇരുഭാഗത്തിന്റെയും വാദങ്ങളും പൂര്‍ത്തിയായി. തുടര്‍ന്നാണ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ജീവനക്കാരിയുടെ മകളെ വിദ്യാഭ്യാസ സൗകര്യം വാഗ്ദാനം ചെയ്ത് 2020 ജനുവരി 11 മുതല്‍ 2021 സെപ്തംബര്‍ 24 വരെയുള്ള കാലയളവില്‍ പീഡിപ്പിച്ചുവെന്നാണ് പരാതി.

2018 ഏപ്രില്‍ ഒന്നു മുതല്‍ 2019 ജൂണ്‍ 30 വരെയുള്ള കാലയളവില്‍ മറ്റൊരു യുവതിയെ പീഡിപ്പിച്ചതായും മോന്‍സനെതിരെ കേസ് ഉണ്ട്. കൂടാതെ താന്‍ ആരംഭിക്കാനിരുന്ന മെഡിക്കല്‍ സര്‍വകലാശാലയില്‍ ജോലി വാഗ്ദാനം ചെയ്ത് സ്ത്രീയെ പീഡിപ്പിച്ച കേസിലും മോന്‍സന്‍ പ്രതിയാണ്.

വ്യാജ പുരാവസ്തുക്കളുടെ പേരില്‍ ആളുകളില്‍ നിന്ന് വന്‍തുക തട്ടിയെടുത്ത കേസില്‍ 2021 സെപ്തംബര്‍ 25 ന് അറസ്റ്റിലായ ശേഷമാണ് മോന്‍സനെതിരെ പീഡനക്കേസുകള്‍ പുറത്തുവന്നത്. 15 കേസുകളാണ് ഇയാള്‍ക്കെതിരെ നിലവിലുള്ളത്.

കെ സുധാകരന്റെ അറസ്റ്റ് 21 വരെ തടഞ്ഞ് 

മോന്‍സന്‍ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് രണ്ടാം പ്രതിയാക്കപ്പെട്ട കെപിസിസി പ്രസിഡന്റ് കെ സുധാകരനെ 21 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. 21 ന് ഹര്‍ജി വീണ്ടും പരിഗണിക്കുന്നതു വരെയാണ് ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ ബെഞ്ച് അറസ്റ്റ് തടഞ്ഞത്. 
സുധാകരന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയയ്ക്കാനും ഉത്തരവിട്ടു.

ഈ മാസം 14 ന് ചോദ്യം ചെയ്യലിന് കളമശേരി ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം സുധാകരന് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. അന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്ന് സുധാകരന്‍ അറിയിച്ചു. തുടര്‍ന്ന് 23 ന് ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്താന്‍ വീണ്ടും നോട്ടീസ് നല്‍കി. ഇതിനു പിന്നാലെയാണ് അറസ്റ്റ് സാധ്യത തടയാന്‍ സുധാകരന്‍ കോടതിയെ സമീപിച്ചത്.

കേസില്‍ സുധാകരനെതിരെ തെളിവുകളുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം. എന്നാല്‍ കേസ് രാഷ്ട്രീയപ്രേരിതമാണെന്നും ആരെയും വഞ്ചിച്ചിട്ടില്ലെന്നുമാണ് സുധാകരന്‍ ഹര്‍ജിയില്‍ പറയുന്നത്. എഫ്ഐആറില്‍ തനിക്കെതിരെ ആരോപണങ്ങളുണ്ടാകാതിരുന്നിട്ടും കേസില്‍ പങ്കുണ്ടെന്ന സംശയത്തിന്റെ പേരില്‍ 19 മാസത്തിനുശേഷം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു.

തെളിവുകളില്‍ ഉറച്ച് ക്രൈംബ്രാഞ്ച് 

2021 സെപ്തംബര്‍ 23 നാണ് പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. പരാതിക്കാരനായ അനൂപ് മുഹമ്മദ് പണം നല്‍കിയ ദിവസം കെ സുധാകരന്‍ മോന്‍സന്റെ വീട്ടില്‍ ഉണ്ടായിരുന്നുവെന്നാണ് അന്വേഷണസംഘം പറയുന്നത്. ഇതുസംബന്ധിച്ച ഡിജിറ്റല്‍ തെളിവുകളും കൈവശമുണ്ട്. അനൂപ് പണം നല്‍കിയത് 2018 നവംബര്‍ 22 ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു.

അനൂപും മോന്‍സണും സുധാകരനും ഒരുമിച്ച് ഇരിക്കുന്നതിന്റെ ചിത്രങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. 25 ലക്ഷം രൂപ അനൂപ് മോന്‍സന് നല്‍കി. അതില്‍ 10 ലക്ഷം സുധാകരന് കൈമാറിയതായി മോന്‍സന്റെ ജീവനക്കാരും മൊഴി നല്‍കിയിട്ടുണ്ട്. നോട്ടുകള്‍ എണ്ണുന്ന മോന്‍സന്റെ ജീവനക്കാരുടെ ചിത്രങ്ങളും ക്രൈംബ്രാഞ്ചിന്റെ പക്കലുണ്ടെന്നാണ് വിവരം.

പുരാവസ്തു വില്‍പ്പനക്കാരനെന്ന് ആളുകളെ തെറ്റിദ്ധരിപ്പിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയ കേസിലാണ് മോന്‍സന്‍ മാവുങ്കല്‍ അറസ്റ്റിലായത്. ആ ഘട്ടത്തില്‍ കെ സുധാകരനൊപ്പമുള്ള മോന്‍സന്റെ ചിത്രവും സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് ഇടയാക്കിയിരുന്നു.


#Daily
Leave a comment