അശോക് ചവാന്‍ | PHOTO: PTI
മഹാരാഷ്ട്രയില്‍ കൂടുതല്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പാര്‍ട്ടി വിട്ടേക്കും
മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അശോക് ചവാന്‍ കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെ കൂടുതല്‍ പേര്‍ പാര്‍ട്ടി വിട്ടേക്കും. 15 എം.എല്‍.എമാര്‍ കോണ്‍ഗ്രസ് വിട്ട് ഭരണകക്ഷികളായ ബി.ജെ.പി, ശിവസേന(ഷിന്‍ഡെ), എന്‍.സി.പി(അജിത്) പാര്‍ട്ടികളിലേക്ക് എത്തിയേക്കും. പ്രതിപക്ഷത്തുള്ള എം.എല്‍.എമാര്‍ അശോക് ചവാനുമായി ബന്ധം പുലര്‍ത്തുന്നതായി ബി.ജെ.പിയെ പിന്തുണയ്ക്കുന്ന സ്വതന്ത്ര എം.എല്‍.എ രവി റാണ അവകാശപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് മാത്രമല്ല ഉദ്ധവ് പക്ഷത്ത് നിന്നും എന്‍.സി.പി ശരദ് പവാര്‍ പക്ഷത്ത് നിന്നും കൂടുതല്‍ ആളുകള്‍ കൊഴിഞ്ഞ് പോകുമെന്നും രവി റാണ പറഞ്ഞു. കേന്ദ്രമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ 15 ന് വിദര്‍ഭയില്‍ നടത്താനിരിക്കുന്ന പരിപാടിയില്‍ പ്രതിപക്ഷത്തുള്ള കൂടുതല്‍ ആളുകളെ ഭരണപക്ഷത്തെത്തിക്കാനാണ് ബി.ജെ.പി പദ്ധതി.
മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയേയും ബി.ജെ.പി സമീപിച്ചു
മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സുശീല്‍കുമാര്‍ ഷിന്‍ഡെയെയും മകള്‍ പ്രണിതയെയും ബി.ജെ.പി ക്യാമ്പിലെത്തിക്കാന്‍ നേതൃത്വം നേരത്തെ തന്നെ കരുക്കള്‍ നീക്കിയിരുന്നു. കഴിഞ്ഞയാഴ്ച കോണ്‍ഗ്രസ് വിട്ട ബാബാ സിദ്ദിഖിയുടെ മകന്‍ ഷീസാന്‍ സിദ്ദിഖി, പുണെയില്‍ നിന്നുള്ള യുവനേതാവ് വിശ്വജിത് കദം, പ്രതിപക്ഷ നേതാവ് വിജയ് വഡേത്തിവാര്‍, മുംബൈയില്‍ നിന്നുള്ള നേതാക്കളായ അസ്ലം ഷെയ്ഖ്, സഞ്ജയ് നിരുപം, മുന്‍ മന്ത്രി യശോമതി ഠാക്കൂര്‍, അമീന്‍ പട്ടേല്‍ എന്നിവരും കോണ്‍ഗ്രസ് വിട്ട് ഭരണപക്ഷ പാര്‍ട്ടികളിലേക്ക് നീങ്ങുമെന്ന് അഭ്യൂഹമുണ്ട്.