TMJ
searchnav-menu
post-thumbnail

TMJ Daily

മ്യാൻമറിലെ സൈബർ സ്‌കാം പാർക്കിൽ നിന്നും രണ്ടായിരത്തിലധികം ആളുകളെ അറസ്റ്റ് ചെയ്തു

21 Oct 2025   |   2 min Read
TMJ News Desk

സൈബർ തട്ടിപ്പിന് പേരുകേട്ട മ്യാൻമറിലെ കെ കെ പാർക്ക് സൈബർ സ്‌കാം കേന്ദ്രത്തിൽ  നിന്നും 2198 ആളുകളെ മ്യാൻമർ സൈന്യം അറസ്റ്റ് ചെയ്തു. 256 കേന്ദ്രങ്ങളിലായി നടന്ന റെയ്‌ഡിൽ 1645 പുരുഷന്മാരെയും 445 സ്ത്രീകളെയും, 98 പുരുഷ സെക്യൂരിറ്റി ഗാർഡുകളെയും സൈന്യം അറസ്റ്റ് ചെയ്തതായി മ്യാൻമർ  ദിനപത്രമായ Myanmar Alin Daily റിപ്പോർട്ട് ചെയ്തു. സൈന്യത്തിനെതിരെ പോരാടുന്ന ഗ്രൂപ്പുകളിൽ ഒന്നായ കരേൻ നാഷണൽ യൂണിയന്റെ ഉന്നത നേതാക്കൾ കെ കെ പാർക്കിലെ അഴിമതി പദ്ധതികളിൽ പങ്കാളികളാണെന്ന് സൈനിക വക്താവ് മേജർ ജനറൽ സാവ് മിൻ ടുൺ തിങ്കളാഴ്ച പ്രസ്താവനയിൽ പറഞ്ഞതായി Associated Press News Agency റിപ്പോർട്ട് ചെയ്തു.

നാളുകളായി ആഫ്രിക്കയിൽ നിന്നും, ഏഷ്യയിൽ നിന്നും ആയിരകണക്കിന് ആളുകളെയാണ് മ്യാൻമറിലെ സൈബർ തട്ടിപ്പ് കേന്ദ്രങ്ങൾ വ്യാജ തൊഴിൽ വാഗ്ദാനം നൽകി തട്ടിപ്പ് കേന്ദ്രങ്ങളിലേക് എത്തിച്ചിട്ടുള്ളത്. തെക്ക് കിഴക്കനേഷ്യയിൽ പടർന്ന് കിടക്കുന്ന ഈ തട്ടിപ്പ് കേന്ദ്രങ്ങൾ 2021ൽ മ്യാൻമറിൽ ആഭ്യന്തര യുദ്ധം ആരംഭിച്ചതോടെ കൂടുതൽ ശക്തമായിരുന്നു.  കെ കെ പാർക്കിൽ നിന്നും രക്ഷപ്പെട്ട് വന്നവരുടെ അനുഭവത്തിൽ നിന്നും അറിയാൻ കഴിയുന്നത് അവിടേക്ക് എത്തപ്പെടുന്ന മനുഷ്യർ  ക്രൂരമായ ശാരീരിക ഉപദ്രവങ്ങൾക്കും, മാനസിക പീഡനങ്ങൾക്കും വിധേയരാവുന്നു എന്നതാണ്. 

ഏജൻസികൾ വഴി മ്യാൻമറിലേക്കും, തായ്ലൻഡിലേക്കും തൊഴിൽ അന്വേഷിച്ച് എത്തുന്ന ഗ്ലോബൽ സൗത്ത് രാജ്യങ്ങളിലെ ആളുകളെ ഇത്തരം കേന്ദ്രങ്ങളിലേക്ക് എത്തിക്കുകയും, സ്‌കാമുകൾ നടത്താൻ നിര്ബന്ധിതരാവുകയുമാണ്. വ്യാപകമായ മനുഷ്യ കടത്തും, ചൂഷണവും മ്യാൻമറിലെ സൈബർ തട്ടിപ്പ് കേന്ദ്രങ്ങളിൽ നടന്ന വരികയായിരുന്നു. തായ് പോലീസിന്റെ കണക്കുകൾ പ്രകാരം തായ്-മ്യാന്മർ അതിർത്തിയിൽ മാത്രം ഒരു ലക്ഷം ആളുകൾ സ്‌കാം മേഖലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

എന്നാൽ ഈ അടുത്ത് ചൈനീസ് നടൻ വാങ് ഷിങ് ഈ തട്ടിപ്പ് കേന്ദ്രത്തിൽ അകപ്പെട്ടതോടെ ചൈന ശക്തമായി കെ കെ പാർക്കിനെതിരെ രംഗത്ത് വന്നിരുന്നു. ചൈനയോടൊപ്പം, മ്യാന്മറുമായി അതിർത്തി പങ്കിടുന്ന തായ്‌ലാൻഡും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടതോടെ മ്യാന്മർ ഭരണകൂടം സമ്മർദ്ദത്തിലാവുകയായിരുന്നു.

ഇതേ തുടർന്ന് മ്യാൻമർ സൈന്യം നടത്തിയ വിവിധ ഓപ്പറേഷനുകളിലാണ് രണ്ടായിരത്തോളം തട്ടിപ്പുകാരെ അറസ്റ്റ് ചെയ്തത്. തട്ടിപ്പ് കേന്ദ്രത്തിൽ നിന്നും എലോൺ മാസ്ക്കിന്റെ ഉടമസ്ഥതയിൽ ഉള്ള സ്റ്റാർലിങ്ക് സാറ്റ്ലൈറ്റുകൾ കണ്ടെത്തിയിട്ടുണ്ട്. ഒരാഴ്ച മുൻപ് യുഎസ് കോൺഗ്രസ് കമ്മിറ്റി സൈബർ സ്‌കാം പാർക്കുകളിൽ സ്റ്റാർലിങ്കിന്റെ പങ്കിനെപ്പറ്റി അന്വേഷണം ആരംഭിച്ചതായി ഗാർഡിയൻ റിപ്പോർട്ട് ചെയ്തിരുന്നു. മ്യാന്മർ സൈന്യത്തിന്റെ കണക്കുകൾ പ്രകാരം മുപ്പതോളം സ്റ്റാർലിങ്ക് റിസീവറുകൾ റെയ്‌ഡിൽ പിടിച്ചെടുത്തിട്ടുണ്ട്.

#Daily
Leave a comment