REPRESENTATIONAL IMAGE | WIKI COMMONS
ഇന്ത്യയില്‍ നൂറിലധികം ഇനം കഫ് സിറപ്പുകള്‍ക്കും ഗുണനിലവാരമില്ലെന്ന് റിപ്പോര്‍ട്ട്
ഇന്ത്യയിലെ നൂറിലധികം ഫാര്‍മസ്യൂട്ടിക്കല്‍ യൂണിറ്റുകളില്‍ നിന്നുള്ള കഫ് സിറപ്പുകള്‍ ഗുണനിലവാരമില്ലാത്തതാണെന്ന് റിപ്പോര്‍ട്ട്. സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റേതാണ് റിപ്പോര്‍ട്ട്. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടനുസരിച്ച് 7,087 ബാച്ചുകള്‍ പരിശോധിച്ചതില്‍ 353 എണ്ണവും നിലവാരമില്ലാത്തതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍, എഥിലീന്‍ ഗ്ലൈക്കോള്‍, അസെയ്, മൈക്രോബയല്‍ വളര്‍ച്ച, പിഎച്ച് എന്നിവയുമായി ബന്ധപ്പെട്ടാണ് മരുന്നുകളില്‍ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍, എഥിലീന്‍ ഗ്ലൈക്കോള്‍ എന്നിവയുടെ സാന്നിധ്യം കാരണം ഒമ്പത് ബാച്ചുകള്‍ ഉപയോഗ യോഗ്യമല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗാംബിയ, ഉസ്‌ബെക്കിസ്ഥാന്‍, കാമറൂണ്‍ എന്നിവിടങ്ങളിലെ കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് ചുമ സിറപ്പുകളില്‍ കണ്ടെത്തിയ അതേ വിഷാംശം ഈ സാമ്പിളുകളില്‍ ചിലതില്‍ അടങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
നാല് വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ജലദോഷ മരുന്നുകള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഫിക്‌സഡ് ഡ്രഗ് കോമ്പിനേഷന്‍ എന്ന് വിളിക്കുന്ന സംയുക്തങ്ങള്‍ നാല് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് നല്‍കുന്ന സിറപ്പുകളില്‍ ഉപയോഗിച്ചിട്ടില്ലെന്ന് ഉല്‍പന്നത്തില്‍ ലേബല്‍ ചെയ്യണമെന്നായിരുന്നു നിര്‍ദേശം.