TMJ
searchnav-menu
post-thumbnail

TMJ Daily

ലെബനനിൽ വെടിനിർത്തലിനായുള്ള നിബന്ധനകൾ മുന്നോട്ട് വെച്ച് മൊസാദ്

11 Oct 2024   |   1 min Read
TMJ News Desk

ലെബനനിൽ വെടിനിർത്തൽ നടപ്പിലാക്കാനാവശ്യമായ നിബന്ധനകൾ വെളിപ്പെടുത്തി ഇസ്രായേൽ ചാരസംഘടനയായ മൊസാദ്. ഗാസയിൽ ഹമാസ് ബന്ദികളാക്കിയ ഇസ്രായേലി പൗരരെ മോചിപ്പിച്ചാൽ മാത്രമേ ഇസ്രായേൽ ആക്രമണങ്ങൾ അവസാനിപ്പിക്കുകയുള്ളൂ എന്ന് മൊസാദ് തലവൻ ദാദി ബാർണിയ പറഞ്ഞു. സി ഐ എ ഡയറക്ടർ വില്യം ബേൺസിനോടാണ് ബാർണിയ ഇത് വെളിപ്പെടുത്തിയതെന്ന് ഇസ്രായേലി മാധ്യമമായ “വാല്ല” റിപ്പോർട്ട് ചെയ്യുന്നു. 

ലെബനനിലെ ഹിസ്ബുല്ലയും, ഇറാനും ഹമാസിന് മേലെ സമ്മർദ്ദം ചെലുത്തിയാൽ ബന്ദികൾക്കു അവർ മോചനം നൽകുമെന്ന് മൊസാദ് വിശ്വസിക്കുന്നു. 

250 ഇസ്രായേലി പൗരരെയാണ് 2023, ഒക്ടോബർ 7ലെ ആക്രമണത്തിൽ ഹമാസ് ബന്ദികളാക്കിയത്. ആക്രമണത്തിൽ 1200ഓളം പേർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ നവംബറിൽ ഒരാഴ്ച പ്രഖ്യാപിച്ച വെടിനിർത്തലിനിടെ 109 ബന്ദികളെ ഹമാസ് മോചിപ്പിച്ചിരുന്നു. എട്ട് ബന്ദികളെ രക്ഷിച്ച ഇസ്രായേൽ, 37 ബന്ദികൾ മരിച്ചുവെന്നും ഇതിൽ മൂന്ന് പേരെ ഇസ്രായേലി സൈന്യം തന്നെ വെടിവെച്ചു കൊലപ്പെടുത്തിയതായും അറിയിച്ചു.

വെടിനിർത്തലിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമായുള്ള ചർച്ചകൾ ഇസ്രായേലും ഹമാസും അവസാനിപ്പിച്ചിട്ട് ഏതാനും മാസങ്ങളായി. 

ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ബന്ദികളെ മോചിപ്പിക്കാൻ ഇതിലും ശക്തമായ നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഇസ്രായേലിൽ വലിയ തോതിലുള്ള പ്രതിഷേധങ്ങളും അരങ്ങേറുന്നുണ്ട്. 

42,010 പലസ്തീനികൾ കഴിഞ്ഞ ഒരു വർഷത്തിനിടെ ഇസ്രായേലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നും 97,270 പേർക്ക് പരിക്കേറ്റിട്ടുമുണ്ടെന്നുള്ള വിവരങ്ങളാണ് പുറത്ത് വന്നത്. ഇസ്രായേലും യുഎസും ഇപ്പോൾ വെടിനിർത്തലിനുള്ള സമയമല്ലെന്നും, ഹിസ്ബുല്ലയ്ക്കെതിരെയുള്ള നടപടികൾ തുടരണമെന്നത് ഇസ്രായേലും യുഎസും അംഗീകരിക്കുന്നുണ്ടെന്നും വാല്ല റിപ്പോർട്ട് ചെയ്യുന്നു.


#Daily
Leave a comment